വൈഷ്‌ണോദേവിയിലെ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടെന്ന നിലപാട് തിരുത്തി അധികൃതര്‍; മറ്റ് മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നല്‍കും
2025-26 വര്‍ഷത്തേക്ക് ഇനി കൗണ്‍സലിങ് നടത്താന്‍ പറ്റില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വരെയും ബോര്‍ഡിന്റെ നിലപാട്
ജമ്മു: ജമ്മുവിലെ ശ്രീ മാതാ വൈഷ്‌ണോദേവി മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം മറ്റെവിടെയും പ്രവേശനം നല്‍കില്ലെന്ന നിലപാട് തിരുത്തി ജമ്മു കശ്മീര്‍ എന്‍ട്രന്‍സ് പരീക്ഷാ ബോര്‍ഡ്. ജമ്മു കശ്മീരിലെ മറ്റ് ഏഴ് മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കും. ഇതിനായുള്ള കൗണ്‍സലിങ് ജനുവരി 24ന് നടക്കും.
2025-26 അധ്യയന വര്‍ഷത്തേക്ക് ഇനി കൗണ്‍സലിങ് നടത്താന്‍ പറ്റില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വരെയും ബോര്‍ഡിന്റെ നിലപാട്. ഇതാണ് തിരുത്തിയത്. വൈഷ്‌ണോദേവിയിലുണ്ടായിരുന്ന 50 വിദ്യാര്‍ഥികളില്‍ 22 പേര്‍ക്ക് കശ്മീരിലെ മൂന്ന് മെഡിക്കല്‍ കോളജുകളിലും 28 പേര്‍ക്ക് ജമ്മുവിലെ നാല് മെഡിക്കല്‍ കോളജുകളിലുമായി പ്രവേശനം നല്‍കും. ഇതിനായി മെഡിക്കല്‍ കോളജുകളില്‍ അധിക സീറ്റ് അനുവദിച്ചു.
വൈഷ്‌ണോദേവി മെഡിക്കല്‍ കോളജിന്റെ അംഗീകാരം ഈ മാസം ആദ്യം നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ റദ്ദാക്കിയത് വിവാദമായിരുന്നു. ജമ്മു കശ്മീര്‍ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് നടത്തിയ പരീക്ഷയിലൂടെ ആദ്യ ബാച്ചില്‍ പ്രവേശനം ലഭിച്ച 90 ശതമാനം വിദ്യാര്‍ഥികളും മുസ്‌ലിംകളായതില്‍ സംഘപരിവാര്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തുകയും പ്രത്യക്ഷ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ കോഴ്‌സിന്‌റെ അംഗീകാരം റദ്ദാക്കിയത്. ഇതോടെ വിദ്യാര്‍ഥികളുടെ ഭാവി തന്നെ തുലാസിലായിരുന്നു. ക്ലിനിക്കല്‍ സൗകര്യങ്ങളുടെ അപര്യാപ്തതയും മതിയായ അധ്യാപകരുടെ അഭാവവുമുണ്ടെന്നു പറഞ്ഞാണ് കോഴ്സിന്റെ അംഗീകാരം റദ്ദാക്കിയത്. എന്നാല്‍, സംഘ്പരിവാറിന്റെ സമ്മര്‍ദമാണ് തീരുമാനത്തിന് പിന്നിലെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
വൈഷ്‌ണോദേവി ക്ഷേത്രത്തിലെ സംഭാവനകള്‍ ഉപയോഗിച്ച് സ്ഥാപിച്ച സ്ഥാപനത്തില്‍ മുസ്‌ലിം സമുദായ അംഗങ്ങള്‍ ആധിപത്യം സ്ഥാപിക്കരുതെന്നും, സീറ്റുകള്‍ ഹിന്ദുക്കള്‍ക്കായി സംവരണം ചെയ്യണമെന്നുമാണ് സംഘപരിവാര്‍ സംഘടനകളുടെ ആവശ്യം. പ്രവേശനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരുമാസത്തിലേറെയായി ഹിന്ദുത്വ സംഘടനകള്‍ കാംപസിന് മുന്നില്‍ സമരം നടത്തുകയും ചെയ്തിരുന്നു.