ജംഷഡ്പൂര്‍: ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിൽ വിവാഹ സൽക്കാരത്തിനിടെ രസഗുള തൊണ്ടയിൽ കുടങ്ങി യുവാവ് മരിച്ചു. 41കാരനായ ലളിത് സിങ്ങാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
മാലിയന്ത ഗ്രാമത്തിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ലളിത്. രസഗുള കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടങ്ങുകയായിരുന്നു. ചുറ്റും നിന്നിരുന്നവര്‍ രസഗുള പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ശ്വസിക്കാൻ പാടുപെടുന്ന സിങ്ങിനെയും കൊണ്ട് പിതാവ് അടുത്തുള്ള എംജിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഡോക്ടർമാരുടെ അഭിപ്രായത്തിൽ, രസഗുള ശ്വാസനാളം പൂർണമായും തടസപ്പെടുത്തിയതാണ് ശരീരത്തിലേക്കുള്ള ഓക്സിജൻ വിതരണം നിലയ്ക്കാൻ കാരണമായത്. മിനിറ്റുകൾക്കുള്ളിൽ തന്നെ സിങ് മരിച്ചുവെന്ന് ഡോക്ടര്‍ പറയുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സിങ്ങിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
നിമിഷ നേരം കൊണ്ട് ഒരു ജീവൻ നഷ്ടപ്പെട്ടു പോയേക്കാവുന്ന ഗുരുതരമായ സംഭവമാണ് ചോക്കിംഗ് അഥവാ ശ്വാസനാളത്തിൽ എന്തെങ്കിലും വസ്തു കുടുങ്ങുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ജീവൻ രക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രഥമ ശുശ്രൂഷാ രീതിയാണ് ഹൈംലിക് മാനുവർ.
ഹൈംലിക് മാനുവർ എങ്ങനെ ചെയ്യണം?
ഒരാൾക്ക് തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങി ശ്വാസംമുട്ടൽ ഉണ്ടാകുകയാണെങ്കിൽ, അവർക്ക് സംസാരിക്കാനോ, ചുമക്കാനോ, ശ്വാസമെടുക്കാനോ കഴിയുന്നില്ലെങ്കിൽ മാത്രമേ ഈ രീതി ഉപയോഗിക്കാവൂ. ഭാഗികമായി മാത്രം ശ്വാസംമുട്ടൽ ഉള്ള ഒരാളോട് ചുമയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് നല്ലത്. വ്യക്തി അബോധാവസ്ഥയിൽ ആണെങ്കിലും ചെയ്യരുത്.
തൊണ്ടയിൽ വസ്തു / ഭക്ഷണം കുടുങ്ങിയ ആളുടെ പുറകിൽ പോയി നിൽക്കുക. രോഗിയുടെ ശരീരത്തിന് ചുറ്റും നിങ്ങളുടെ കൈകൾ കോർത്ത് പിടിക്കുക.
കൈകളുടെ സ്ഥാനം - ഒരു കൈകൊണ്ട് ഒരു മുഷ്ടി ചുരുട്ടുക. ഈ മുഷ്ടി വയറിൻ്റെ മുകൾഭാഗത്ത്, പൊക്കിളിന് മുകളിലും വാരിയെല്ലിന് താഴെയുമായി വെക്കുക. മറ്റേ കൈകൊണ്ട് ഈ മുഷ്ടി മുറുകെ പിടിക്കുക.
തള്ളൽ: മുഷ്ടി ഉപയോഗിച്ച് വയറിന് ഉള്ളിലേക്ക്, അകത്തേക്കും മുകളിലേക്കും ശക്തിയായി തള്ളുക. ഒരു "J" ആകൃതിയിൽ ഉള്ള തള്ളലാണ് വേണ്ടത്.
ഈ തള്ളൽ 5 തവണ ആവർത്തിക്കുക.
കുടുങ്ങിയ വസ്തു പുറത്തേക്ക് വന്നാലോ, അല്ലെങ്കിൽ ആ വ്യക്തിക്ക് സംസാരിക്കാനോ, ചുമക്കാനോ, ശ്വാസമെടുക്കാനോ കഴിഞ്ഞാലോ ഈ പ്രക്രിയ നിർത്താം. ഈ ശ്രമങ്ങൾക്കൊന്നും ഫലം കണ്ടില്ലെങ്കിൽ, ഉടൻ തന്നെ വൈദ്യസഹായം തേടണം.
ഇനി അയാൾ അബോധാവസ്ഥയിൽ ആണെങ്കിൽ മിക്കവാറും ഹൃദയസ്തംഭനത്തിലേക്ക് എത്തിയിട്ടുണ്ടാവും. ഉടൻ CPR (നെഞ്ചമർത്തി, വായിലൂടെ ശ്വാസം നൽകുന്ന ജീവൻ രക്ഷാമാർഗം) തുടങ്ങണം. എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുകയും വേണം.
അതുപോലെ ഒരു വയസിന് താഴെയുള്ള കുട്ടികളിലും ഹൈംലിച് മനൂവർ ശുപാർശ ചെയ്യുന്നില്ല; പകരം ബാക്ക്സ്ലാപ്പും ചെസ്റ്റ് ത്രസ്റ്റും ആണ് ചെയ്യേണ്ടത്.
ഇനി നിങ്ങൾ ഒറ്റയ്ക്കേ ഉള്ളെങ്കിലും സ്വയം നിങ്ങൾക്കീ രീതി ഉപയോഗിക്കാവുന്നതാണ്. ഒരു കൈകൊണ്ട് മുഷ്ടി ഉണ്ടാക്കി, മറ്റേ കൈകൊണ്ട് പിടിക്കുക. മുഷ്ടി വാരിയെല്ലുകൾക്കു താഴെയും പൊക്കിളിനു മുകളിലും ആയി വയ്ക്കുക. അകത്തേക്കും മുകളിലേക്കുമായി 5 ശക്തമായ ത്രസ്റ്റുകൾ നൽകുക. അതല്ലെങ്കിൽ ഒരു ചെയർ, ടേബിൾ അതുമല്ലെങ്കിൽ റെയിലിങ് എഡ്ജിനു നേരെ വയറിന്റെ മുകൾഭാഗം ശക്തമായി അമർത്തി ത്രസ്റ്റ് ചെയ്യുക (ഇത് കൂടുതൽ ഫലപ്രദമായിരിക്കാം).