ഹിന്ദു ക്ഷേത്രത്തിന് സമാനമായ വാസ്തുവിദ്യാ ഡിസൈൻ കണ്ടെത്തി; മലാലി മസ്ജിദിൽ അവകാശവാദമുന്നയിച്ച് സംഘപരിവാർ സംഘടനകൾ

പള്ളിയുടെ നവീകരണ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും കോടതി മസ്ജിദ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു

Update: 2022-05-25 08:16 GMT
Advertising

മംഗലൂരു: കർണാടകയിലെ മംഗളൂരുവിൽ മലാലി ജുമാ മസ്ജിദിന് 500 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ. മെയ് 26വരെയാണ് നിരോധനാജ്ഞ. അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ പഴയ മസ്ജിദിന് കീഴിൽ ഹിന്ദു ക്ഷേത്രത്തിന് സമാനമായ വാസ്തുവിദ്യാ ഡിസൈൻ കണ്ടെത്തിയെന്ന് ആരോപിച്ച് സംഘപരിവാർ സംഘടനകൾ രംഗത്ത് വന്നതിന് പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പള്ളിയുടെ നവീകരണ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും കോടതി മസ്ജിദ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

ആൾക്കൂട്ടം ഉണ്ടാവാൻ പാടില്ല എന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. മംഗലൂരുവിന്റെ തീര ദേശമേഖലയിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ അക്രമസംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. സ്ഥലത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. ഏപ്രിൽ 21നാണ് പള്ളിയുടെ പുനർനവീകരണം തുടങ്ങിയത്. ആസമയത്ത് പള്ളിയുടെ മേൽക്കൂരയിൽ നിന്നും ലഭിച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

ക്ഷേത്രത്തിന് സമാനമായ ചിത്രമാണെന്ന അവകാശവാദം ഉന്നയിച്ച് ചിലർ രംഗത്ത് വരികയും കോടതിയെ സമീപിക്കുകയുമായിരുന്നു. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദള്‍ തുടങ്ങിയ സംഘടന പ്രവർത്തകർ രാവിലെ മുതൽ പ്രദേശത്ത് തടിച്ചുകൂടിയിട്ടുണ്ട്. ക്രമസമാധാനപ്രശ്നങ്ങളുണ്ടാകുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിൽ  പള്ളിക്ക് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് ഇരുവിഭാഗത്തേയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. 

മലാലി മസ്ജിദിനെതിരെ ഉയരുന്ന ആരോപണം യാതൊരു തെളിവിൻ്റെയും പിൻബലമില്ലാതെയാണെന്നും ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കി മുതലെടുപ്പ് നടത്താനാണ് ചില ശക്തികളുടെ ശ്രമമെന്നും പള്ളികമ്മറ്റിയുമായി ബന്ധപ്പെട്ടവർ പറയുന്നു. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ ജാമിയ മസ്ജിദിനെതിരെയും സംഘപരിവാർ രംഗത്തെത്തിയിരുന്നു .

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News