ക്ഷേത്രോത്സവ മേളയിൽ വീണ്ടും മുസ്‌ലിം വ്യാപാരികളെ വിലക്കി വി.എച്ച്.പി ബാനറുകൾ; എടുത്തുമാറ്റി പൊലീസ്

എന്നാൽ ക്ഷേത്ര ഭരണസമിതിയുടെ അം​ഗീകാരത്തോടെയായിരുന്നില്ല ഈ ബാനറുകൾ സ്ഥാപിച്ചത്.

Update: 2023-01-20 11:54 GMT

ബെം​ഗളൂരു: മംഗളൂരു സിറ്റിക്കടുത്തെ കാവുരുവിന് പിന്നാലെ കർണാടകയിലെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച മേളയ്ക്കും മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക്. കദ്രിയിലെ ശ്രി മഞ്ജുനാഥ ക്ഷേത്ര പരിസരത്താണ് വി.എച്ച്.പിയും ബജ്രം​ഗ്ദളും മുസ്‌ലിം കച്ചവടക്കാർക്ക് പ്രവേശനമില്ലെന്ന ബാനറുകൾ സ്ഥാപിച്ചത്.

ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന്റെ പരിസരത്ത് കച്ചവടം നടത്തുന്നതിൽ നിന്നാണ് ഒരു വിഭാ​ഗം വ്യാപാരികളെ വിലക്കി സംഘ്പരിവാർ സംഘടനകൾ രം​ഗത്തെത്തിയത്. എന്നാൽ ബോർഡുകൾ വിവാദമായതോടെ അവ തങ്ങൾ നീക്കിയതായി പൊലീസ് അറിയിച്ചു. ജനുവരി 15ന് ആരംഭിച്ച് 21 വരെ നടക്കുന്ന ക്ഷേത്രോത്സവ മേളയിലാണ് മുസ്‌ലിം വ്യാപാരികളെ ബഹിഷ്കരിച്ചത്.

Advertising
Advertising

വിഗ്രഹാരാധനയെ എതിർക്കുന്നവർക്ക് ആരാധനാലയത്തിന് സമീപമുള്ള മേളയിൽ കച്ചവടത്തിലും വ്യാപാരത്തിലും ഏർപ്പെടാൻ കഴിയില്ലെന്ന് ബാനറിൽ പറയുന്നു. ഹിന്ദു മതത്തിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്ന വ്യാപാരികൾക്ക് മാത്രമേ അവരുടെ കച്ചവടവും വ്യാപാരവും തുടരാൻ അനുവദിക്കൂ എന്നും ബാനറുകളിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ ക്ഷേത്ര ഭരണസമിതിയുടെ അം​ഗീകാരത്തോടെയായിരുന്നില്ല ഈ ബാനറുകൾ സ്ഥാപിച്ചത്.സമാധാനവും സൗഹാർദവും കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് ബാനറുകൾ നീക്കം ചെയ്തത്. എന്നാൽ ബാനറുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം, മംഗളൂരു സിറ്റിക്കടുത്തെ കാവുരുവിലെ ശ്രീ മഹാലിം​ഗേശ്വര ക്ഷേത്രോത്സവത്തോടനുബന്ധിച്ചും മുസ്‌ലിം വ്യാപാരികൾക്കെതിരെ ബഹിഷ്കരണ ബാനറുകൾ സ്ഥാപിച്ചിരുന്നു. ജനുവരി 14 മുതൽ 18 വരെ നടന്ന ഉത്സവത്തിൽ നിന്നാണ് മുസ്‌ലിം വ്യാപാരികളെ വിലക്കിയത്. സംഘ്പരിവാർ സംഘടനകളായ വി.എച്ച്.പിയും ബജ്രം​ഗ്​ദളുമാണ് അവിടെയും ബഹിഷ്കരണ ബാനറുകൾ സ്ഥാപിച്ചത്.

ബി.ജെ.പി എം.എൽ.എ ഭരത് ഷെട്ടിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇതാദ്യമായല്ല ഇത്തരം വിലക്ക്. മുമ്പും കർണാടകയുടെ വിവിധയിടങ്ങളിലെ ക്ഷേത്രങ്ങളിൽ ഉത്സവത്തിന് കച്ചവടം നടത്താൻ മുസ്‌ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തിയത് വിവാദമായിരുന്നു.

കഴിഞ്ഞവർഷം മാർച്ചിൽ ഉഡുപ്പിയിലെ ഹൊസ മാരിഗുഡി ക്ഷേത്രത്തിലെ ഉത്സവത്തിന് കടകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് മുസ്‌ലിം കച്ചവടക്കാരെ വിലക്കിയിരുന്നു. ക്ഷേത്രോത്സവങ്ങളില്‍ മുസ്‌ലിംകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയില്‍ ഉടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

ഇതു കൂടാതെ, മുൽകിയിലെ ക്ഷേത്രോത്സവ നഗരിയിൽ നിന്നും മുസ്‌ലിം കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു. മുൽകി ബപ്പനാഡു ദുർഗ പരമേശ്വരി ക്ഷേത്രത്തിലെ ഉത്സവപ്പറമ്പിൽ നിന്നാണ് ഉത്തർപ്രദേശ് സ്വദേശികളായ ഹാമിദ്, ഇംറാൻ, ഫുർഖാൻ എന്നിവരെ ബജ്റംഗ്ദൾ പ്രവർത്തകർ ഒഴിപ്പിച്ചത്.

പേര് ചോദിച്ച് മുസ്‌ലിംകളാണെന്ന് മനസിലായതോടെ അവിടംവിട്ടുപോവാൻ ആവശ്യപ്പെടുകയായിരുന്നു. ശിവമോ​ഗ മാരികമ്പ ക്ഷേത്രോത്സവത്തിൽ നിന്നാണ് സംസ്ഥാനത്ത് ആദ്യമായി ഹിന്ദുത്വ സംഘടനകൾ മുസ്‌ലിം കച്ചവടക്കാരെ ബഹിഷ്കരിച്ച് തുടങ്ങിയത്. ഇതാണ് മറ്റിടങ്ങളിലേക്കും വ്യാപിച്ചത്.

ചരിത്രപ്രസിദ്ധമായ ബേലൂർ ചന്നകേശവ ക്ഷേത്രം, തുമകുരുവിലെ സിദ്ധലിംഗേശ്വര ക്ഷേത്രം, ശിവമോ​ഗയിലെ മഹാഗണപതി ക്ഷേത്രം, ദക്ഷിണ കന്നടയിൽ പുത്തൂർ മാരികമ്പ ഉത്സവ മേള, മംഗളൂരു മാരികമ്പ മേള എന്നിവിടങ്ങളിലും കഴിഞ്ഞവർഷം വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ചിക്കമകളൂരു ശൃംഗേരി അദ്ദ ഗഡ്ഡെ, കിഗ്ഗ മേളകളിലും മുസ്‌ലിംകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ അധികൃതർക്ക് നോട്ടീസ് നൽകിയിരുന്നു. ഇതുകൂടാതെ, സോമവാർപേട്ട് ശനിവാരസന്തെയിൽ സംഘടിപ്പിച്ച കൃഷിമേളയിലും മുസ്‌ലിം കച്ചവടക്കാരെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മടിക്കേരിയിൽ ഹിന്ദുത്വ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

മൈസൂരുവിലെ പ്രസിദ്ധമായ ചാമുണ്ഡേശ്വരി ഹിൽസിൽ നിന്നും മുസ്‌ലിം കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് മൈസൂരു കോർപറേഷൻ അധികൃതർക്ക് ഹിന്ദുത്വ സംഘടന നിവേദനം നൽകുകയും ചെയ്തിരുന്നു. കർണാടകയിലാകെ ക്ഷേത്രോത്സവങ്ങളിൽ കഴിഞ്ഞവർഷം സംഘ്പരിവാർ സംഘടനകൾ നടത്തിയ വിദ്വേഷ-വംശീയ നടപടിയാണ് ഈ വർഷവും ആവർത്തിക്കുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News