തീവില, സിലിണ്ടറുകള്‍ ചവറുകൂനയില്‍... ഗ്യാസ് പോയി പി.എം ഉജ്വല യോജന

ഉജ്വല സിലിണ്ടറുകൾ ആക്രി സാധനങ്ങളായി ഉപയോക്താക്കള്‍ ഒഴിവാക്കിയതിന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നത്

Update: 2021-10-23 16:32 GMT

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 5 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ പാചക വാതക കണക്ഷന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഉജ്ജ്വ യോജന പദ്ധതി തുടങ്ങിയത്. 2016ലായിരുന്നു പദ്ധതിയുടെ തുടക്കം. സിലിണ്ടറിന്‍റെ ആദ്യ ഫില്ലിങ് സൌജന്യമാണ്. സൌജന്യമായി അടുപ്പും നല്‍കി. എന്നാല്‍ പിന്നീട് എല്‍പിജി വില അടിക്കടി കൂട്ടിയതോടെ, നിറയ്ക്കാന്‍ പണമില്ലാതെ ആളുകള്‍ സിലിണ്ടറുകള്‍ പാഴ്വസ്തുവായി ഉപേക്ഷിച്ചതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

മധ്യപ്രദേശിലെ ഭിന്ദിൽ നിന്നുള്ള ദൃശ്യങ്ങളാണ് പിഎം ഉജ്വല യോജന പദ്ധതിയുടെ പ്രസക്തിയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നത്. പ്രധാനമന്ത്രി ഉജ്വല യോജനയുടെ രണ്ടാം ഘട്ടം ആരംഭിച്ചതും മധ്യപ്രദേശില്‍ നിന്നാണ് എന്നതാണ് ശ്രദ്ധേയം. ഉജ്വല സിലിണ്ടറുകൾ ആക്രി സാധനങ്ങളായി ഉപയോക്താക്കള്‍ ഒഴിവാക്കിയതിന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഗ്യാസ് കണക്ഷനൊപ്പം നല്‍കിയ സ്റ്റൗവും ചവറുകൂനയിലുണ്ട്.

Advertising
Advertising

ചാണകവും വിറകും കത്തിച്ചാണ് ഉജ്വല ഗ്യാസ് കണക്ഷന്‍ കിട്ടിയ പലരും ഇപ്പോള്‍ പാചകം ചെയ്യുന്നത്. സിലിണ്ടറിന്‍റെ തീവില കാരണം നിറയ്ക്കാൻ കഴിയുന്നില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു. ഭിന്ദ് ജില്ലയിലെ 2,76,000 പേർക്ക് ഗ്യാസ് കണക്ഷനുണ്ട്. അതില്‍ 1,33,000 കണക്ഷനുകൾ ഉജ്വലയ്ക്ക് കീഴിലാണ്. ഏകദേശം 77 ശതമാനം പേര്‍ക്ക് ഗ്യാസ് നൽകിയിട്ടുണ്ടെന്നും ബാക്കിയുള്ളവരെ കണ്ടെത്താന്‍ സർവേ നടക്കുന്നുണ്ടെന്നും ഭരണകൂടം പറയുന്നു. എന്നാൽ എത്ര പേർ കണക്ഷൻ തിരികെ നൽകി എന്ന് അധികൃതര്‍ പറയുന്നില്ല. ഉജ്വല ഗുണഭോക്താക്കളില്‍ പലരും ആദ്യത്തെ തവണയല്ലാതെ പിന്നീട് ഗ്യാസ് നിറയ്ക്കാൻ എത്തുന്നില്ലെന്ന് ഏജൻസികള്‍ പറയുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News