'ബംഗാളിനും ഇന്ത്യക്കും നാണക്കേട്'; യുവഡോക്ടറുടെ കൊലപാതകത്തിൽ പ്രതികരണവുമായി ബംഗാൾ ഗവർണർ

ആശുപത്രി സന്ദർശിച്ച ​ഗവർണർ സ്ഥിതിഗതികൾ വിലയിരുത്തി

Update: 2024-08-15 09:54 GMT

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബലാത്സംഗത്തിനിരയായി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നുണ്ടായ സംഘർ‌ഷം സമൂഹത്തിന് നാണക്കേടാണെന്ന് ബം​ഗാൾ ഗവർണർ സി.വി ആനന്ദ ബോസ്. ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ അക്രമണത്തെ ഗവർണർ ശക്തമായി അപലപിച്ചു. ആശുപത്രി സന്ദർശിച്ച ആനന്ദ ബോസ് സ്ഥിതിഗതികൾ വിലയിരുത്തി.

ബംഗാളിലെ സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഇത് ബംഗാളിനും ഇന്ത്യക്കും നാണക്കേടാണെന്നും പൊലീസിലെ ഒരു വിഭാഗം ഗൂഢാലോചനയിൽ പങ്കുകാർ ആയത് അധപതനമാണെന്നും ഗവർണർ പറഞ്ഞു. കൊൽക്കത്ത ആർ.ജി.കർ ആശുപത്രിയിലെ സമരക്കാരെ കണ്ടശേഷമായിരുന്നു ഗവർണറുടെ പ്രതികരണം.

Advertising
Advertising

ആർ.ജി കറിലെ ഡോക്ടർമാരുമായി സംവദിച്ച അദ്ദേഹം സംസ്ഥാനത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് ഗൗരവമായ ആശങ്കയും പ്രകടിപ്പിച്ചു. സംഭവത്തിൽ കൊള്ളയടിക്കപ്പെട്ട എമർജൻസി ഡിപ്പാർട്ട്‌മെൻ്റിലെ നാശനഷ്ടങ്ങളും ബോസ് അവലോകനം ചെയ്തു.

ബലാത്സംഗത്തിനിരയായി ഡോക്ടർ കൊല്ലപ്പെട്ട ആര്‍.ജി കര്‍ മെഡിക്കല്‍ കോളജില്‍ വൻ സംഘർഷമുണ്ടായിരുന്നു. പുറത്തുനിന്നെത്തിയ സംഘം സമരപന്തലും ആശുപത്രിയും അടിച്ചുതകർത്തു. പൊലീസിനും പ്രതിഷേധക്കാർക്കു നേരെയും ആക്രമണമുണ്ടായി. ആശുപത്രിയിലെ അത്യാഹിത വിഭാഗം പൂർണമായും തകർന്നതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് കണ്ണീർ വാതക ഷെല്ലുകളും ലാത്തി ചാർജും പ്രയോഗിക്കുകയായിരുന്നു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News