ഒ.ബി.സി സർട്ടിഫിക്കറ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് മമത

77 മുസ്‌ലിം വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണെന്നാണ് ഇന്നലെ കോടതി വിമർശിച്ചത്

Update: 2024-05-24 09:56 GMT
Editor : Shaheer | By : Web Desk
Advertising

കൊൽക്കത്ത: 2011നുശേഷമുള്ള ഒ.ബി.സി സർട്ടിഫിക്കറ്റ് റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി നടപടിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സൗത്ത് 24 പർഗാനാസിലെ സാഗറിൽ തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.

ഒ.ബി.സി സർട്ടിഫിക്കറ്റ് വിഷയത്തിൽ ഹൈക്കോടതി നടത്തിയ ഉത്തരവിനെ സർക്കാർ അംഗീകരിക്കുന്നില്ലെന്ന് മത വ്യക്തമാക്കി. വേനൽക്കാല അവധിക്കുശേഷം മേൽക്കോടതിയിൽ ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് അവർ അറിയിച്ചു. ബി.ജെ.പിക്ക് ഒരൊറ്റ വോട്ടും നൽകരുതെന്ന് വോട്ടർമാരോട് ആവശ്യപ്പെട്ട മമത, തൃണമൂൽ കോൺഗ്രസ് അല്ലാത്ത ഒരു പാർട്ടിക്കും വോട്ട് ചെയ്യരുതെന്നും എന്നാൽ മാത്രമേ കേന്ദ്രത്തിൽ ഇൻഡ്യ സഖ്യത്തിനു സർക്കാർ രൂപീകരിക്കാൻ കഴിയൂവെന്നും സൂചിപ്പിച്ചു.

2011ൽ മമത സർക്കാർ ബംഗാളിൽ അധികാരത്തിലെത്തിയ ശേഷം അനുവദിച്ച ഒ.ബി.സി സർട്ടിഫിക്കറ്റുകളെല്ലാം റദ്ദാക്കി കഴിഞ്ഞ ദിവസം കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 77 മുസ്‌ലിം വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണെന്നാണു കോടതി നിരീക്ഷിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മമതയ്ക്കും തൃണമൂലിനുമെതിരെ ബി.ജെ.പി പ്രീണനരാഷ്ട്രീയം ഉയർത്തി പ്രചാരണം ശക്തമാക്കുമ്പോഴാണ് കോടതി വിധി വരുന്നത്.

ജസ്റ്റിസുമാരായ തപബ്രത ചക്രവർത്തി, രാജശേഖർ മന്ത എന്നിവരുടെ ബെഞ്ചാണ് കഴിഞ്ഞ ദിവസം ബംഗാൾ ഒ.ബി.സി നിയമവുമായി ബന്ധപ്പെട്ടു സുപ്രധാനമായ നിരീക്ഷണങ്ങൾ നടത്തിയത്. 2012ലെ വെസ്റ്റ് ബംഗാൾ ബാക്ക്‌വാർഡ് ക്ലാസസ് നിയമത്തിലെ പല ഭാഗങ്ങളും കോടതി റദ്ദാക്കിയിട്ടുണ്ട്. രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടിയുള്ള ചരക്കായാണ് ഈ സമുദായത്തെ ഉപയോഗിച്ചതെന്ന സംശയം കോടതിയുടെ മനസിലുണ്ട്. 77 വിഭാഗങ്ങളെ ഒ.ബി.സിക്കാരാക്കിയത് ഈ നിയമത്തെ തുടർന്നാണ്. പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായായിരുന്നു ഇതെന്നും കോടതി വിമർശിച്ചിരുന്നു.

Summary: Bengal govt to move higher court to challenge Calcutta High Court order on OBC certificates: West Bengal CM Mamata Banerjee

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News