ഇന്ധന സബ്‌സിഡിക്കായി ചെലവഴിച്ചത് 1500 കോടി, പ്രധാനമന്ത്രി യാഥാർഥ്യം മറച്ചുവെക്കുന്നു: മമതാ ബാനർജി

കോവിഡ് അവലോകന യോഗത്തിലെ പ്രധാനമന്ത്രിയുടെ ഇന്ധന വില വർധനയെക്കുറിച്ചുള്ള പരാമര്‍ശം പ്രത്യേക അജണ്ടയുടെ ഭാഗമായിരുന്നുവെന്ന് മമത

Update: 2022-04-27 14:50 GMT
Editor : ijas
Advertising

ന്യൂഡല്‍ഹി: ജനങ്ങളുടെ ഭാരം കുറയ്ക്കാൻ പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് സംസ്ഥാനങ്ങൾ കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി യാഥാർഥ്യം മറച്ചുവെക്കുന്നതായും തെറ്റിദ്ധരിപ്പിക്കുന്നതായും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രം കൂടുതൽ സഹായം നൽകുന്നതായും മമത കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പെട്രോൾ, ഡീസൽ വില സബ്‌സിഡി നൽകാൻ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തന്‍റെ സർക്കാർ 1,500 കോടി രൂപ ചെലവഴിച്ചതായും മമത ബാനർജി മറുപടി നല്‍കി. കോവിഡ് അവലോകന യോഗത്തിലെ പ്രധാനമന്ത്രിയുടെ ഇന്ധന വില വർധനയെക്കുറിച്ചുള്ള പരാമര്‍ശം പ്രത്യേക അജണ്ടയുടെ ഭാഗമായിരുന്നുവെന്നും മമത വിമര്‍ശിച്ചു.

കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ നികുതി കുറച്ചില്ലെന്നായിരുന്നു മോദിയുടെ ആരോപണം. ദേശതാത്പര്യം മുന്‍നിര്‍ത്തി അവർ ഇപ്പോൾ നികുതി കുറയ്ക്കാൻ തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, ജാർഖണ്ഡ്, തമിഴ്‌നാട് തുടങ്ങി സംസ്ഥാനങ്ങള്‍ കേന്ദ്ര സർക്കാരിനെ ചെവിക്കൊണ്ടില്ലെന്നും അത് കാരണം ആ സംസ്ഥാനങ്ങളിലെ പൗരന്മാരാണ് അനുഭവിക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

എന്നാല്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് കുറയ്ക്കുക എന്ന ബാധ്യത സംസ്ഥാനങ്ങൾക്ക് കൈമാറി യോഗത്തില്‍ മോദി രാഷ്ട്രീയം കളിക്കുകയായിരുന്നെന്ന് മറ്റ് പ്രതിപക്ഷ പാർട്ടികളും വിമര്‍ശിച്ചു.

കേന്ദ്രം 26,500 കോടി രൂപ സംസ്ഥാനത്തിന് നൽകാനുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മറുപടി നല്‍കി. മഹാരാഷ്ട്രയോട് കേന്ദ്രസർക്കാരിന് ചിറ്റമ്മ സമീപനമാണെന്നും പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലക്കയറ്റത്തിന് സംസ്ഥാന സർക്കാർ ഉത്തരവാദിയല്ലെന്നും താക്കറെ വ്യക്തമാക്കി. പെട്രോളിനും ഡീസലിനും നികുതിയായി പിരിച്ചെടുത്ത 27 ലക്ഷം കോടിയുടെ കണക്ക് ബിജെപി സർക്കാർ പുറത്തുവിടണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ വിമർശിച്ച് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദിയും രംഗത്തുവന്നു. "രാഷ്ട്രീയം നിറഞ്ഞ കോവിഡ് യോഗം"-എന്നാണ് പ്രിയങ്ക ചതുർവേദി മോദിയുടെ വിമര്‍ശനത്തെ വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ വിമര്‍ശനത്തില്‍ കേരളവും പ്രതികരിച്ചു. കേരളം ആറ് വര്‍ഷമായി ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നികുതി കൂട്ടുന്നത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രം പിരിക്കുന്ന സര്‍ചാര്‍ജും സെസും അവര്‍ തന്നെയാണെടുക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണ് കേന്ദ്രം. കേന്ദ്രത്തിന്‍റെ നികുതി വരുമാനത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നില്ല. നികുതി കൂട്ടാത്ത സംസ്ഥാനങ്ങള്‍ എങ്ങനെ കുറക്കുമെന്നും മന്ത്രി ചോദിച്ചു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിഷമിപ്പിക്കുന്നതാണെന്നും അദ്ദേഹത്തെപ്പോലൊരാള്‍ രാഷ്ട്രീയം പറയാന്‍ പാടില്ലെന്നും ധനമന്ത്രി വിമര്‍ശിച്ചു. ബന്ധപ്പെട്ട വേദികളിൽ പ്രശ്നം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

'Bengal spent ₹1,500 cr…': Mamata Banerjee slams Modi after fuel price meet

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News