ദയാവധത്തിനായുള്ള സുഹൃത്തിന്‍റെ യൂറോപ്പ് യാത്ര തടയണം: കോടതിയില്‍ അപൂര്‍വ ഹരജി

ഡല്‍ഹി ഹൈക്കോടതിയിലാണ് ഈ അപൂര്‍വ ഹരജി സമര്‍പ്പിക്കപ്പെട്ടത്

Update: 2022-08-12 04:21 GMT
Advertising

ദയാവധത്തിനായി യൂറോപ്പിലേക്ക് പോകാനൊരുങ്ങുന്ന സുഹൃത്തിനെ തടയണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരു സ്വദേശിനിയുടെ ഹരജി. ഡല്‍ഹി ഹൈക്കോടതിയിലാണ് ഈ അപൂര്‍വ ഹരജി സമര്‍പ്പിക്കപ്പെട്ടത്.

നോയിഡ സ്വദേശിയായ 48കാരന്‍ 2014 മുതൽ ക്രോണിക് ഫാറ്റിഗ് സിൻഡ്രോം ബാധിതനാണെന്ന് ഹരജിയില്‍ പറയുന്നു. എട്ട് വര്‍ഷമായി കിടപ്പിലാണ്. ഇദ്ദേഹം ദയാവധത്തിനായി സ്വിറ്റ്സർലൻഡിലേക്ക് പോകാൻ പദ്ധതിയിടുകയാണെന്നാണ് ബംഗളൂരു സ്വദേശിനി പറയുന്നത്. ഇദ്ദേഹത്തിന്‍റെ യാത്ര തടഞ്ഞില്ലെങ്കില്‍ മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അത് നികത്തനാവാത്ത നഷ്ടമാകുമെന്ന് സ്ത്രീ പറയുന്നു. മാതാപിതാക്കളുടെ ഏക മകനാണ് ഇദ്ദേഹം. മാതാപിതാക്കള്‍ക്ക് 70 വയസ്സിനു മുകളില്‍ പ്രായമുണ്ടെന്നും ഇക്കാര്യം പരിഗണിക്കണമെന്നും ഹരജിയില്‍ പറയുന്നു.

നോയിഡ സ്വദേശിയോടും കുടുംബാംഗങ്ങളോടും ആരോഗ്യസ്ഥിതിയെക്കുറിച്ച് സുഹൃത്ത് നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായി ഹരജിക്കൊപ്പം ചേർത്തിട്ടുള്ള രേഖകളില്‍ നിന്ന് വ്യക്തമാണ്. 'ദയാവധത്തിനുള്ള സാധ്യതകള്‍ നോക്കുന്നു, മതിയായി' എന്ന സന്ദേശവും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യക്കകത്തോ വിദേശത്തോ മെച്ചപ്പെട്ട ചികിത്സ നൽകുന്നതിന് സാമ്പത്തിക പരിമിതികളൊന്നും ഇല്ല. എന്നിട്ടും ദയാവധം വേണമെന്ന ആവശ്യത്തില്‍ സുഹൃത്ത് ഉറച്ചുനില്‍ക്കുകയാണെന്ന് ഹരജിക്കാരി പറയുന്നു. നേരത്തെ ഷെന്‍ഗന്‍ വിസ ഇദ്ദേഹം സ്വന്തമാക്കിയിരുന്നു. ബെല്‍ജിയത്തിലെ ക്ലിനിക്കില്‍ ചികിത്സയ്ക്കെന്നാണ് പറഞ്ഞിരുന്നതെങ്കിലും ദയാവധത്തെ കുറിച്ച് അറിയാനായിരുന്നു ഇതെന്ന് ഹരജിക്കാരി പറയുന്നു.

വിദേശ പൗരന്മാർക്ക് സഹായം നൽകുന്ന സൂറിച്ച് ആസ്ഥാനമായുള്ള സംഘടന വഴിയാണ് ശ്രമിച്ചത്. ദയാവധം സംബന്ധിച്ച് അന്തിമ തീരുമാനം ഈ മാസം അറിയാനാകും. ഇന്ത്യയില്‍ ദയാവധം നിയമവിധേയമല്ല. ചികിത്സ ഒഴിവാക്കുന്നതു പോലുള്ള നിഷ്ക്രിയ ദയാവധം മാത്രമേ ഉപാധികളോടെ അനുവദിക്കുന്നുള്ളൂ.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News