ബിഹാർ ആര് ഭരിക്കും?; വോട്ടെണ്ണൽ ആരംഭിച്ചു,ആദ്യ ലീഡ് ഇന്‍ഡ്യ സഖ്യത്തിന്
എക്സിറ്റ് പോളിൽ പ്രതീക്ഷ വെച്ച് എൻഡിഎ,റെക്കോർഡ് പോളിങ് അനുകൂലമാകുമെന്ന വിശ്വാസത്തിൽ ഇൻഡ്യസഖ്യം
പട്ന: ബിഹാര്‍ ആരു ഭരിക്കുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് ഇന്‍ഡ്യ സഖ്യത്തിനാണ്. വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ മുന്നിൽ വൻജനക്കൂട്ടമാണ് കാത്തിരിക്കുന്നത്. 243 മണ്ഡലങ്ങളിൽ രണ്ട് ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിൽ 66.91 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. 20 വർഷത്തിനുശേഷം നടന്ന റെക്കോർഡ് പോളിംഗ് ആണിത്.
എക്സിറ്റ് പോള്‍ ഫലങ്ങളിലെ മുൻതൂക്കത്തിൽ പൂർണ്ണ ആത്മവിശ്വാസമാണ് എൻഡിഎ നേതാക്കൾ പങ്കുവെക്കുന്നത്.എക്സിറ്റ് പോളുകൾ യഥാർത്ഥ ജനഹിതം എന്നാണ് ബിജെപി നേതാക്കൾ വ്യക്തമാക്കുന്നത്. എന്നാൽ ഭരണ ഭരണവിരുദ്ധ വികാരമാണ് ഉയർന്ന പോളിംഗ് ശതമാനത്തിന് കാരണമെന്ന പ്രതീക്ഷയിലാണ് മഹാസഖ്യ നേതാക്കൾ.
അതേസമയം, നവംബർ 18ന് സർക്കാർ രൂപീകരിക്കാനാകും എന്ന പ്രതീക്ഷയിലാണ് തേജസ്വി യാദവ്. അതിനിടെ വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കിനിൽക്കെ പോളിംഗ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ അപ്രത്യക്ഷമായതിൽ കോൺഗ്രസും ആർജെഡിയും വിമർശനം ശക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
മുസാഫർപൂർ ഉൾപ്പടെയുള്ള പല ജില്ലകളിലെയും സ്ട്രോങ് റൂമുകളിലെ സിസിടിവി ഓഫാക്കിയതായി തേജസ്വി യാദവ് ആരോപിച്ചു. ആദ്യഘട്ട വോട്ടെടുപ്പിന് ശേഷവും സമാനമായ ആരോപണം കോൺഗ്രസ് ഉയർത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ വോട്ട് രേഖപ്പെടുത്തിയ ബിജെപി നേതാക്കൾ ബിഹാറിലും വോട്ടുചെയ്തെന്ന കോൺഗ്രസ് ആരോപണങ്ങൾക്കിടെയാണ് സ്ട്രോങ്ങ് റൂമിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.