Writer - അൻഫസ് കൊണ്ടോട്ടി
anfas123
Photo: mediaone
ന്യൂഡൽഹി: ബിഹാർ തെരഞ്ഞടുപ്പിൽ സീറ്റ് വിഭജനത്തിൽ സമവായത്തിലെത്താനാകാതെ മഹാസഖ്യം. മുതിർന്ന നേതാക്കളുടെ തീരുമാനത്തിന് കാക്കാതെ CPI(ML) ഏകപകക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് സഖ്യത്തെ വെട്ടിലാക്കിയിരിക്കുകയാണ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചെറു പാർട്ടികളുമായുള്ള സഖ്യകക്ഷികളുടെ യോഗം പുരോഗമിച്ചുകൊണ്ടിരിക്കവേ ജെഡിയു സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.
ഇടതു പാർട്ടികൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതാണ് മഹാസഖ്യത്തിൽ പ്രതിസന്ധിക്ക് കാരണം. സീറ്റ് വിഭജനം മുന്നണിയിൽ കനത്ത വെല്ലുവിളിയായി തുടരുന്ന സാഹചര്യത്തിൽ CPI(ML) 18 സ്ഥാനാർഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മഹാസഖ്യം ഔദ്യോഗികമായി സീറ്റ് വിഭജനം പ്രഖ്യാപിക്കാനിരിക്കെ CPI(ML) ന്റെ പ്രഖ്യാപനത്തിനെതിരെ കടുത്ത വിമർശനമുയർന്നതോടെ പിൻവലിക്കുകയായിരുന്നു. സീറ്റ് വേണമെന്ന ആവശ്യം ജെഎംഎം ആവർത്തിക്കുന്നതും പ്രതിസന്ധി ഉയർത്തുന്നുണ്ട്. അതേസമയം ജെഡിയു ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും. 71 സ്ഥാനാർഥികളെ പ്രഖ്യാപിച്ച ബിജെപി രണ്ടാംഘട്ട പട്ടിക ഉടൻ പുറത്തുവിടും.
ആറു സീറ്റുകളിൽ തൃപ്തിപ്പെടാത്ത ജിതിൻ റാം മാഞ്ചി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ ജെഡിയു എംഎൽഎമാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിക്ക് മുന്നിൽ ഇന്നലെ ധർണ നടത്തിയിരുന്നു. 135 സീറ്റുകളിൽ ആർജെഡി, 61 സീറ്റുകളിൽ കോൺഗ്രസും 29 മുതൽ 31 സീറ്റുകളിൽ ഇടതുപാർട്ടികളും 16 സീറ്റിൽ വിഐപിയും മത്സരിക്കും എന്നാണ് ധാരണ ഉണ്ടായിരുന്നത്. എന്നാൽ, കൂടുതൽ സീറ്റുകൾ വേണമെന്ന ഇടതുപാർട്ടികളുടെ നിലപാടാണ് മഹാസഖ്യത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. വോട്ടർ അധികാർ യാത്രയും രാഹുൽ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണവും ബിഹാറിൽ കോളിളക്കം ഉണ്ടാക്കിയെങ്കിലും കഴിഞ്ഞതവണത്തെ മോശം പ്രകടനം കോൺഗ്രസിനെയും പ്രതിരോധത്തിൽ ആക്കുന്നുണ്ട്.അതിനിടെ ബഹാദൂർ മണ്ഡലത്തിൽ മത്സരിക്കാനായി ഷർജീൽ ഇമാം ഇടക്കാല ജാമ്യം തേടി. നിലവിൽ ഡൽഹി കലാപ ഗൂഢാലോചന കേസിൽ റിമാൻഡിലാണ് ഷർജീൽ ഇമാം.