ബിഹാർ; രാഘോപൂരിൽ നിന്ന് പുത്തൻ താരോദം, തേജസ്വിയെ നേരിടാൻ പ്രശാന്ത് കിഷോറോ ?
ഫുൽപാറസിലെ തേജസ്വിയുടെ സ്ഥാനാർത്ഥിത്വം നിതീഷിന്റെ വോട്ടുബാങ്ക് പിളർത്തുമോ ?
പട്ന: ലാലുപ്രസാദ് യാദവും നിതീഷ് കുമാറും നിറഞ്ഞു നിന്ന ബിഹാറിനെയാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലം കണ്ടത്. അവർക്ക് ശേഷം ആര് എന്ന ചോദ്യം കഴിഞ്ഞ ഏതാനും വർഷങ്ങളായി ബിഹാർ രാഷ്ട്രീയത്തിൽ സജീവമാണ്. ലാലു പ്രസാദ് യാദവ് പാർട്ടിയുടെ നേതൃത്വം മകൻ തേജ്വസി യാദവിന് കൈമാറിയിട്ട് വർഷങ്ങളായെങ്കിലും പാർട്ടിയുടെ അവസാന വാക്ക് ഇപ്പോഴും ലാലു പ്രസാദവിന് തന്നെയാണ്. നിതീഷ് കുമാർ ഇപ്പോഴും ബിഹാർ മുഖ്യമന്ത്രിയാണെങ്കിലും
നിതീഷിന്റെ യുഗം അതിന്റെ അവസാനലാപ്പിലാണെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ഇവർ രണ്ടു പേരുമല്ലാതെ ആരൊക്കെ ബിഹാറിന്റെ പുതിയ മുഖങ്ങളായി ഉയർന്നു വരും എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സജീവ ചർച്ച.
ബിഹാറിന്റെ പുത്തൻ താരോദയം രാഘോപൂരിൽ നിന്നായിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ. ലാലു പ്രസാദ് യാദവിന്റെ കുടുംബ മണ്ഡലം പോലെ പരിഗണിക്കപ്പെടുന്ന രാഘോപൂരിൽ ഇത്തവണയും ആർജെഡി സ്ഥാനാർത്ഥിയായി തേജസ്വി തന്നെ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, പാർട്ടി അനുവദിക്കുകയാണെങ്കിൽ രാഘോപൂരിൽ താൻ മത്സരിക്കും എന്ന് ജൻ സുരാജ് അഭിയാൻ പാർട്ടി സ്ഥാപകൻ കൂടിയായ പ്രശാന്ത് കിഷോർ പ്രതികരിച്ചതോടെയാണ് രാഘോപൂർ ബിഹാർ രാഷ്ട്രീയത്തിലെ അതീവ ശ്രദ്ധകേന്ദ്രമായി മാറിയിരിക്കുകയാണ്.
രാഘോപൂരും ലാലു പ്രസാദിന്റെ കുടുംബവുമായുള്ള ബന്ധം 1995 മുതൽ തുടങ്ങുന്നതാണ്. അന്നുമുതൽ ലാലു പ്രസാദ് യാദവോ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുള്ള ആരെങ്കിലോ മാത്രമാണ് പാർട്ടി സ്ഥാനാർത്ഥിയായി അവിടെ മത്സരിച്ചിട്ടുള്ളത്. 2010 ൽ നിതീഷിന്റെ 'സുശാസൻ' (നല്ല ഭരണം) തരംഗത്തിനിടയിൽ ജെഡിയുവിന്റെ സതീഷ് കുമാർ യാദവിനോട് റാബറി ദേവി പരാജയപ്പെട്ടു. 2015 ൽ തേജസ്വ മണ്ഡലം തിരിച്ചു പിടിച്ചു. 2020 ലും വിജയം ആവർത്തിച്ചു. എന്നാൽ ഇത്തവണ തേജസ്വയെ കാത്തിരിക്കുന്നത് 2019 ൽ അമേഠിയിലെ രാഹുൽ ഗാന്ധിയുടെ ഫലമാണെന്ന് പറഞ്ഞ് തുടങ്ങിയ പ്രശാന്ത് കിഷോർ പലതവണ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനുള്ള താൽപര്യം പരോക്ഷമായി പ്രകടിപ്പിച്ചിട്ടുണ്ട്.
അതിനിടെ രാഘോപൂരിന് പുറമെ മറ്റൊരു മണ്ഡലത്തിൽ കൂടി തേജസ്വി യാദവ് മത്സരിച്ചേക്കും എന്ന ചില സൂചനകളും പുറത്തുവരുന്നുണ്ട്. മിഥിലാഞ്ചലിലെ ഫുൽപാറസ് സീറ്റിൽ നിന്നും അദ്ദേഹം മത്സരിച്ചേക്കാം എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ആർജെഡിക്കൊപ്പം എല്ലാ കാലങ്ങളിലും ഉറച്ചു നിന്നിരുന്ന മുസ്ലിം-യാദവ വോട്ടുകൾക്ക് പുറമെ ജെഡിയുവിനൊപ്പം ഉറച്ചു നിൽക്കുന്ന അതീവ പിന്നോക്ക വിഭാഗക്കാരെ കൂടി പാർട്ടിയോട് അടുപ്പിക്കാൻ ഫുൽപാറസ് മണ്ഡലത്തിലെ തേജസ്വിയുടെ സ്ഥാനാർത്ഥിത്വത്തിന് സാധിക്കും എന്നാണ് നേതാക്കൾ പറയുന്നത്.