ബിഹാർ; 'യു ടേണടിച്ച് പി.കെ'; തേജസ്വിക്ക് എതിരാളിയാവാൻ പ്രശാന്ത് കിഷോറില്ല
ബിഹാറിൽ ബിജെപി സർക്കാർ പുറത്തേക്കുള്ള പാതയിൽ- പ്രശാന്ത് കിഷോർ
പട്ന: പാർട്ടി അനുവദിച്ചാൽ രാഘോപൂർ നിയസഭ മണ്ഡലത്തിൽ തേജസ്വി യാദവിന് എതിരാളിയാവാനാണ് ആഗ്രഹമെന്ന് പ്രഖ്യാപിച്ച ജൻ സുരാജ് അഭിയാൻ പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ തെരഞ്ഞെടുപ്പ് അടുത്തതോടെ നിലപാട് മാറ്റി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനേ ഇല്ലെന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന നിലപാട് പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചത്. രഘോപൂർ നിയമസഭ മണ്ഡലത്തിൽ ചഞ്ചൽ സിങാണ് ജൻ സുരാജ് അഭിയാൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. 65 മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട പട്ടിക പ്രഖ്യാപിച്ചതിലാണ് രാഘോപൂരും ഇടം പിടിച്ചത്. അതിനിടെ, ആർജെഡി നേതാവ് തേജസ്വിയാദവ് നാമനിർദേശ പത്രിക സമർപ്പിച്ചു. ബുധനാഴ്ചയാണ് തേജസ്വി നാമനിർദേശ പത്രിക സമർപ്പിച്ചത്.
'താൻ മത്സരിക്കേണ്ടതില്ല എന്നാണ് പാർട്ടി തീരുമാനം. രാഘോപൂർ മണ്ഡലത്തിൽ മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഞാൻ മത്സരിച്ചാൽ മറ്റ് സംഘടനാപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഇങ്ങനൊരു തീരുമാനം കൈക്കൊണ്ടതെന്നും' പ്രശാന്ത് കിഷോർ പിടിഐ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. '150 സീറ്റിൽ കുറവാണ് ജന സുരാജ് അഭിയാൻ പാർട്ടിക്ക് ലഭിക്കുന്നതെങ്കിൽ അത് എന്നെ സംബന്ധിച്ച് പരാജയമാണ്. നന്നായി പ്രവർത്തിച്ചാൽ രാജ്യത്തെ മികച്ച 10 സംസ്ഥാനങ്ങളിൽ ഒന്നാക്കി ബിഹാറിനെ മാറ്റാൻ സാധിക്കു'മെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു. ബിഹാറിൽ ബിജെപി സർക്കാർ പുറത്തേക്കുള്ള പാതയിലാണ്. നിതീഷ് കുമാറിന് മുഖ്യമന്ത്രിയായി തിരിച്ചെത്താൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് വിദഗ്ധനായും സഹപ്രവർത്തകനായും നിതീഷ് കുമാറിനൊപ്പം പ്രവർത്തിച്ച പ്രശാന്ത് കിഷോർ ഉറപ്പിച്ച് പറയുന്നു. എന്നാൽ, താൻ രാഘോപൂരിൽ മത്സരിക്കാൻ എത്തിയാൽ 2019 ൽ രാഹുൽ ഗാന്ധിക്ക് അമേഠിയിൽ ഉണ്ടായ അനുഭവം തേജസ്വിക്ക് ഇത്തവണ ഉണ്ടാവും എന്നു പറഞ്ഞ പ്രശാന്ത് കിഷോർ ദിവസങ്ങൾക്കുള്ളിൽ മത്സരിക്കാനേയില്ലെന്ന് പറഞ്ഞ് 'യു ടേൺ' അടിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുയർത്തിയിട്ടുണ്ട്.
രാഘോപൂരും ലാലു പ്രസാദിന്റെ കുടുംബവുമായുള്ള ബന്ധം 1995 മുതൽ തുടങ്ങുന്നതാണ്. അന്നുമുതൽ ലാലു പ്രസാദ് യാദവോ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുള്ള ആരെങ്കിലോ മാത്രമാണ് പാർട്ടി സ്ഥാനാർത്ഥിയായി അവിടെ മത്സരിച്ചിട്ടുള്ളത്. 2010 ൽ നിതീഷിന്റെ 'സുശാസൻ' (നല്ല ഭരണം) തരംഗത്തിനിടയിൽ ജെഡിയുവിന്റെ സതീഷ് കുമാർ യാദവിനോട് റാബറി ദേവി പരാജയപ്പെട്ടു. 2015 ൽ തേജസ്വ മണ്ഡലം തിരിച്ചു പിടിച്ചു. 2020 ലും വിജയം ആവർത്തിച്ചു.ഇത്തവണയും ആർജെഡി സ്ഥാനാർത്ഥിയായി തേജസ്വിയാദവ് തന്നെയാണ് മത്സരിക്കുന്നത്. യാദവ വോട്ടുകൾ നിർണായകമായ മണ്ഡലമാണ് രാഘോപൂർ. 243 നിയമസഭ മണ്ഡലങ്ങളുള്ള ബിഹാറിൽ നവംബർ 6നും 11നുമായി രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. നവംബർ 14 നാണ് വോട്ടെണ്ണൽ.