ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുന്നതില്‍ ബിജെപിയില്‍ ഭിന്നത; അനുകൂലിച്ച് ബിജെപി എംപി, എതിര്‍ത്ത് കേന്ദ്രമന്ത്രി
അടുത്ത മാസം 22നാണ് ദസറ ആരംഭിക്കുന്നത്.
ബംഗളൂരു: മൈസൂരു ദസറ ആഘോഷം ബുക്കർ സമ്മാന ജേതാവായ എഴുത്തുകാരി ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യുന്നതിനെ ചൊല്ലി ബിജെപിയിൽ ഭിന്നത.
ഒരു മുസ്‍ലിം ഉദ്ഘാടനം ചെയ്യുന്നതിനെതിരെ കേന്ദ്ര സഹമന്ത്രി ശോഭ കരന്ത് ലാജെ രംഗത്ത് വന്നു. അതേസമയം മൈസൂരു രാജാവും കുടക്-മൈസൂരു ബിജെപി, എംപിയുമായ യദുവീർ കൃഷ്ണദത്ത വാഡിയാർ, മതേതര സ്വഭാവമുള്ള സർക്കാർ ആഘോഷമായ ദസറ, മുഷ്താഖ് ഉദ്ഘാടനം ചെയ്യുന്നതിന് അനുകൂല നിലപാട് പ്രഖ്യാപിച്ചു. അടുത്ത മാസം 22നാണ് ദസറ ആരംഭിക്കുന്നത്.
ബാനു മുഷ്താഖ് മാന്യയായ വ്യക്തിത്വമാണെന്നും ദസറ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ യോഗ്യയായ അതിഥിയാണെന്നും മൈസൂരു കൊട്ടാരം പൈതൃക രാജാവായി വാഴിച്ച യദുവീർ കൃഷ്ണ വാഡിയാർ എംപി പറഞ്ഞു.
ജെഡിഎസ് എംഎൽഎ എച്ച്.ഡി. രേവണ്ണയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. അതേസമയം മൈസൂറു ദിവാനായിരുന്ന മിർസാ ഇസ്മയിൽ ചെയർമാനായി ദസറ ആഘോഷിച്ച ചരിത്രവും പ്രമുഖ കവിയും സാഹിത്യകാരനും മായിരുന്ന കെ.എസ്.നിസാർ അഹമ്മദ് ദസറ ഉദ്ഘാടനം ചെയ്തതും ഓർമ്മിപ്പിച്ച്, ആഭ്യന്തര മന്ത്രി ഡോ.ജി. പരമേശ്വര ദസറ മതപരമല്ലെന്ന് വ്യക്തമാക്കി.
ഹിന്ദു മതത്തിൽ വിശ്വസിക്കാത്തവരും വിഗ്രഹാരാധനയുടെ ആചാരം പിന്തുടരാത്തവരും ദസറ ഉദ്ഘാടനത്തിൽ പങ്കെടുത്ത് എന്തു ചെയ്യും എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ചോദ്യം.