ഹിന്ദുത്വവാദികളുടെ സമ്മര്‍ദം: മുസ്‍ലിം യുവാവുമായുള്ള മകളുടെ വിവാഹം മാറ്റിവെച്ച് ബി.ജെ.പി നേതാവ്

'മകളുടെ സന്തോഷത്തിനായാണ് മുസ്‍ലിം യുവാവിനെ വിവാഹം ചെയ്യാന്‍ സമ്മതിച്ചത്. എന്നാല്‍ ജനങ്ങള്‍ പറയുന്നതും ഞാന്‍ കേള്‍ക്കണം'

Update: 2023-05-21 06:36 GMT
Advertising

ഡെറാഡൂണ്‍: മുസ്‍ലിം യുവാവുമായുള്ള മകളുടെ വിവാഹം മാറ്റിവെച്ച് ബി.ജെ.പി നേതാവ്. ഹിന്ദുത്വവാദികളുടെ പ്രതിഷേധത്തിനും സമ്മര്‍ദത്തിനും പിന്നാലെയാണ് തീരുമാനമെന്ന് വാര്‍ത്താഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരാഖണ്ഡിൽ നിന്നുള്ള ബി.ജെ.പി നേതാവ് യശ്‍പാല്‍ ബെനമാണ് മകളുടെ വിവാഹം മാറ്റിവെച്ചത്. പൗരി മുനിസിപ്പൽ ചെയർമാനാണ് യശ്പാൽ ബെനം.

യശ്പാലിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ ഹിന്ദുത്വ സംഘടനകൾ ഝന്ദ ചൗക്കിൽ ബി.ജെ.പി നേതാവിന്‍റെ കോലം കത്തിച്ചു. വി.എച്ച്‌.പി, ഭൈരവസേന, ബജ്‌റംഗ്ദൾ തുടങ്ങിയ സംഘടനകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. ഇത്തരമൊരു വിവാഹത്തെ ശക്തമായി എതിർക്കുന്നുവെന്ന് വി.എച്ച്.പി ജില്ലാ വർക്കിങ് പ്രസിഡന്‍റ് ദീപക് ഗൗഡ് പറഞ്ഞു. ഇരട്ടത്താപ്പ്, ലവ് ജിഹാദ് തുടങ്ങിയ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. ബി.ജെ.പിക്കുള്ളിലും പ്രതിഷേധമുയര്‍ന്നതിനു പിന്നാലെയാണ് വിവാഹം മാറ്റിവെയ്ക്കുന്നതായി യശ്പാല്‍ അറിയിച്ചത്.

തന്‍റെ മകളുടെ സന്തോഷത്തിനായാണ് മുസ്‍ലിം യുവാവിനെ വിവാഹം ചെയ്യാന്‍ സമ്മതിച്ചതെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു. എന്നാൽ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പ്രതികരണം കണക്കിലെടുത്ത് വിവാഹം മാറ്റിവച്ചെന്ന് അദ്ദേഹം അറിയിച്ചു. പൊതുജനങ്ങളുടെ ശബ്ദവും താന്‍ കേള്‍ക്കേണ്ടതുണ്ടെന്ന് യശ്‍പാല്‍ പ്രതികരിച്ചു.

"ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ കേരള സ്റ്റോറി പോലുള്ള സിനിമകൾ നികുതിയില്ലാതെ പ്രദര്‍ശിപ്പിക്കുന്നു. പ്രചരിപ്പിക്കുന്നു. ഇവിടെ ഒരു ബി.ജെ.പി നേതാവിന്റെ മകൾ മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കുന്നു. ഇത് ബി.ജെ.പിയുടെ ഇരട്ടത്താപ്പാണ്, ഇത് പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കും"- എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ഒരു ആരോപണം.

ഈ വിവാഹം ആശങ്കാജനകമാണെന്ന് പൗരി ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പ്രതികരിച്ചു- "ഇത് ആശങ്കാജനകമാണ്. ഹിന്ദു കുടുംബങ്ങളിലെ പെൺമക്കളെ മറ്റ് മതങ്ങളിലെ പുരുഷന്മാര്‍ വിവാഹം കഴിക്കുന്നത് പ്രൊ​പഗണ്ടയുടെ ഭാഗമാണ്. ഇന്ത്യയിൽ മതപരിവർത്തന നിയമങ്ങളിൽ മാറ്റം വരുത്തുന്നു. എന്നിട്ടും ബി.ജെ.പിയുടെ സ്വന്തം നേതാക്കൾ അവരുടെ പെൺമക്കളെ മുസ്‌ലിം പുരുഷനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയാണ്". ഇത്തരം പ്രതികരണങ്ങള്‍ക്ക് പിന്നാലെയാണ് മെയ് 28ന് നടത്താന്‍ തീരുമാനിച്ച വിവാഹം മാറ്റിവെയ്ക്കുന്നുവെന്ന് ബി.ജെ.പി നേതാവ് അറിയിച്ചത്.

Summary- BJP leader from Uttarakhand cancelled his daughter’s wedding to a Muslim man after pressure from Hindutva outfits, reported news agency PTI.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News