ദിവസം 15,000 രൂപയുടെ കച്ചവടം; മലമുകളിലെ മാഗി കടയുടെ വരുമാനം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ
ഒരു പ്ലേറ്റ് മാഗിക്ക് 100 രൂപയും ഒരു കപ്പ് ചായയ്ക്ക് 40 രൂപയുമാണ് വില
ഷിംല: മലമുകളിലെ തണുപ്പിൽ ഒരു പ്ലേറ്റ് ചൂടൻ മാഗിയും ഒരു കപ്പ് ചായയും കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഇത്തരം ചെറിയ വഴിയോര കടകൾ പലപ്പോഴും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. എന്നാൽ ഹിമാചൽ പ്രദേശിലെ റോട്ടാങ് പാസിൽ മാഗിയും ചായയും വിൽക്കുന്ന ഒരു കച്ചവടക്കാരന്റെ പ്രതിദിന വിൽപ്പനയുടെ കണക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വിനോദസഞ്ചാരികളുടെ തിരക്ക് കുറഞ്ഞ ഓഫ് സീസണിൽ പോലും ദിവസം 14,000 മുതൽ 15,000 രൂപ വരെ വിറ്റുവരവുണ്ടെന്നാണ് കണക്ക്.
കണ്ടന്റ് ക്രിയേറ്ററായ ഹർഷ് ചൗഹാനാണ് റോട്ടാങ് പാസ് സന്ദർശനത്തിനിടെ മാഗി വിൽപ്പനക്കാരനുമായി സംസാരിച്ചത്. ഓഫ് സീസണിൽ എത്രത്തോളം കച്ചവടം നടക്കുന്നുണ്ടെന്ന് ചോദിച്ചപ്പോഴാണ് വിൽപ്പനക്കാരൻ കണക്കുകൾ പങ്കുവെച്ചത്. ദിവസം ഏകദേശം 60 മുതൽ 70 പ്ലേറ്റ് വരെ മാഗിയും 200 കപ്പ് ചായയും വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറഞ്ഞത്. മുട്ട വിഭവങ്ങൾക്കും ചില ഓർഡറുകൾ ലഭിക്കാറുണ്ട്.
ഒരു പ്ലേറ്റ് മാഗിക്ക് 100 രൂപയും ഒരു കപ്പ് ചായയ്ക്ക് 40 രൂപയുമാണ് വില. ഈ കണക്കുകൾ പ്രകാരം മാഗിയുടെയും ചായയുടെയും വിൽപ്പനയിൽ നിന്ന് മാത്രം പ്രതിദിനം ഏകദേശം 14,000 മുതൽ 15,000 രൂപ വരെ വിറ്റുവരവുണ്ട്.
ഓഫ് സീസണിൽ ഇത്രയും വിൽപ്പന നടക്കുന്നുണ്ടെങ്കിൽ വിനോദസഞ്ചാരികളുടെ തിരക്കേറുന്ന സമയത്ത് കച്ചവടം എത്രത്തോളം വർധിക്കുമെന്നാണ് ഹർഷ് ചൗഹാൻ ചോദിക്കുന്നത്. ചെറിയൊരു വഴിയോര കടയ്ക്കും മികച്ച വരുമാനസാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം 'ചെറിയ ബിസിനസ് എന്നൊന്നില്ല' എന്ന സന്ദേശവും പങ്കുവെച്ചു.
വിൽപ്പനയുടെ കണക്ക് കണ്ട് അമ്പരന്ന നിരവധി പേർ കച്ചവടക്കാരൻ നേരിടുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി. മണാലിയിൽ നിന്ന് സാധനങ്ങൾ റോട്ടാങ് പാസിലേക്ക് എത്തിക്കാൻ തന്നെ വലിയ ചെലവുണ്ടെന്നാണ് ചിലരുടെ പ്രതികരണം.
ഗ്യാസ് സിലിണ്ടറുകൾ, ഭക്ഷണസാധനങ്ങൾ, വെള്ളം എന്നിവ എത്തിക്കുന്നതിനുള്ള ചെലവിനൊപ്പം അതിശൈത്യവും ശക്തമായ കാറ്റും കച്ചവടം കൂടുതൽ പ്രയാസകരമാക്കുന്നു. സാധനങ്ങൾ എത്തിക്കാൻ മാത്രം ഏകദേശം 2000 രൂപ ചെലവാകുന്നുണ്ടെന്നും ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് പ്രതികരിച്ചു.
ചെറിയൊരു കടയിലൂടെ ഇത്രയും വിറ്റുവരവ് നേടാനാകുമെന്നത് നിരവധി പേരെ അത്ഭുതപ്പെടുത്തി. അതേസമയം, ഇതിന് പിന്നിലുള്ള അധ്വാനവും ചെലവും കാണാതെ വരുമാനത്തിന്റെ കണക്ക് മാത്രം വിലയിരുത്തരുതെന്നും ചിലർ അഭിപ്രായപ്പെട്ടു.