'ബൈ ദ വേ ഉദ്ഘാടകന്‍റെ ഫോട്ടോ എവിടെ?' ഉദ്ഘാടനം ചെയ്യുന്നത് പിയൂഷ് ഗോയല്‍, ഫോട്ടോ മോദിയുടേത്!!

ദുബൈ എക്സ്പോയിലെ ഇന്ത്യന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരസ്യമാണ് സമൂഹമാധ്യമങ്ങളില്‍ ട്രോളായി നിറയുന്നത്.

Update: 2021-10-01 06:16 GMT
Advertising

പരസ്യങ്ങള്‍ കൊണ്ട് പുലിവാല്‍ പിടിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പഴികേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അക്കൂട്ടത്തില്‍ ഇതാ പുതിയ ഒരു സംഭവവും കൂടി. ലോകത്തെ ഏറ്റവും വലിയ മേളകളിലൊന്നായ ദുബൈ എക്സപോയുമായി ബന്ധപ്പെട്ടാണ് ട്രോളന്മാര്‍ക്ക് പുതിയ വിഷയം വീണുകിട്ടിയത്.  ദുബൈ എക്സ്പോയിലെ ഇന്ത്യന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരസ്യമാണ് സമൂഹമാധ്യമങ്ങളില്‍ ട്രോളായി നിറയുന്നത്.

ദുബൈയിൽ നടക്കുന്ന വേൾഡ് എക്സ്പോയിലെ ഇന്ത്യാ പവലിയന്‍ ഉദ്ഘാടനം ചെയ്യുന്നത് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രിയായ പിയൂഷ് ഗോയലാണ്. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് ആറു മണിക്കാണ് ഉദ്ഘാടനം. പക്ഷേ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങളില്‍ ഉദ്ഘാടകനായ പിയൂഷ് ഗോയലിന്‍റെ ഫോട്ടോ എവിടെയുമില്ല...! പകരം പ്രധാനമന്ത്രി മോദിയുടെ ഫോട്ടോയാണ് പരസ്യങ്ങളില്‍. ഉദ്ഘാടനം കേന്ദ്രമന്ത്രിയായ പിയൂഷ് ഗോയലാണെന്ന് വ്യക്തമായി രേഖപ്പെടുത്തുകയും പക്ഷേ അദ്ദേഹത്തിന്‍റെ ഒരു ഫോട്ടോ പോലും ഉള്‍പ്പെടുത്താതെ പകരം മോദിയുടെ ഫോട്ടോ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെയാണ് ട്രോളന്മാര്‍ വീണ്ടും ഉണര്‍ന്നത്

ദുബൈയിൽ നടക്കുന്ന വേൾഡ് എക്സ്പോയിലെ ഇന്ത്യാ പവലിയൻെറ നിർമാണത്തിന് തുടക്കം കുറിച്ചതും മന്ത്രി പിയൂഷ് ഗോയലാണ്. പിയൂഷ് ഗോയല്‍ കല്ലുകൾ പാകിയാണ് പവലിയന്‍റെ നിർമാണ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചത്. എക്സ്പോയിലെ ഏറ്റവും വലിയ പവലിയൻ കൂടിയാണ് ഇന്ത്യയുടേത്.


ലോകം കാത്തിരിക്കുന്ന ദുബൈ എക്‌സ്‌പോ 2020 ന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ഒരു വര്‍ഷം വൈകിയാണ് നടക്കുന്നതെങ്കിലും പൊലിമകള്‍ക്കൊന്നും ഒരു കുറവുമില്ലാതെ മേള നടത്താനാണ് യു.എ.ഇ സര്‍ക്കാരിന്‍റെ തീരുമാനം.170 വര്‍ഷത്തിന്‍റെ ചരിത്രം പറയാനുള്ള മേളയില്‍ 191 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. ആറുമാസം നീണ്ടുനില്‍ക്കുന്ന എക്‌സ്‌പോയുടെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത് ഇന്ത്യന്‍ സമയം ആറുമണിക്കാണ്.എ.ആര്‍ റഹ്‌മാന്‍ അടക്കമുള്ള ലോകപ്രശസ്ത കലാകാരന്മാരും മേളയുടെ ഭാഗമാകുന്നുണ്ട്. നാളെ മുതല്‍ ആറുമാസം നീണ്ടു നില്‍ക്കുന്ന കാഴ്ചയുടെ പൂരത്തിനായി കാത്തിരിക്കുകയാണ് ലോകം.

ദുബൈ ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവരടക്കം ചടങ്ങിനെത്തും. കൂടാതെ ക്ഷണിക്കപ്പെട്ട അതിഥികളുമുണ്ടാകും. ആയിരത്തോളം കലാകാരന്മാരെ അണിനിരത്തി അൽവാസൽ പ്ലാസയിലാണ് പരിപാടി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ടെലിവിഷൻ ചാനലുകളിലൂടെയും എക്സ്‌പോ ടി.വി.യിലൂടെയും ചടങ്ങ് ജനങ്ങളിലേക്കെത്തിക്കും.ആറുമാസം നീണ്ടുനിൽക്കുന്ന മഹാമേളയിൽ രണ്ടരക്കോടി സന്ദർശകർ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കോവിഡ് പശ്ചാത്തലത്തിൽ 2020-ൽ നടക്കേണ്ടിയിരുന്ന എക്സ്‌പോയാണ് ഈ വർഷം നടക്കുന്നത്.

എക്സ്പോയുടെ ഇന്ത്യൻ പവലിയനിൽ പതിനഞ്ച് സംസ്ഥാനങ്ങളും, കേന്ദ്രഭരണപ്രദേശങ്ങളും പങ്കെടുക്കുമെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കിയത്. ഇവിടെ നിന്നുള്ള പ്രത്യേക പ്രതിനിധിസംഘങ്ങൾ എക്സ്പോ 2020-യുടെ ഭാഗമായി പങ്കെടുക്കും.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News