മധ്യപ്രദേശിലെ കാത്തലിക് സ്‌കൂൾ സംഘ്പരിവാർ പ്രവർത്തകർ തകർത്തു

വിദ്യാർഥികളെ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരും സ്‌കൂൾ തകർത്തത്

Update: 2021-12-07 03:58 GMT
Editor : Lissy P | By : Web Desk
Advertising

വിദ്യാർഥികളെ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശിലെ സ്‌കൂൾ ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരും തകർത്തു. വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ തഹ്സിലിലുള്ള കത്തോലിക്കാ സ്‌കൂളാണ് തിങ്കളാഴ്ച ഉച്ചയോടെ അക്രമികൾ തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തെന്നും മറ്റ് പ്രതികളെ കണ്ടെത്താൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.

ഉച്ചയ്ക്ക് 12:10 ഓടെ സ്‌കൂളിന് പുറത്ത് 300 ഓളം പേർ പ്രതിഷേധവുമായി തടിച്ചുകൂടുകയായിരുന്നു. ഈ സമയം സ്‌കൂളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അക്രമാസക്തരായ ജനക്കൂട്ടം ജയ് ശ്രീറാം വിളികളോടെ സ്‌കൂളിനകത്തേക്ക് കയറുകയും കണ്ണിൽകണ്ടെതെല്ലാം നശിപ്പിക്കുകയും ചെയ്തു. കല്ലുകളും ഇരുമ്പുവടികളുമായാണ് ഇവർ അക്രമണം നടത്തിയതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ ആന്റണി തിനുങ്കൽ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസിന്റെ അനാസ്ഥയാണ് ഈ ആക്രമണങ്ങൾക്ക് കാരണമെന്നും പ്രിൻസിപ്പൽ ആരോപിച്ചു. ജനകൂട്ടം പ്രതിഷേധിക്കാൻ തുടങ്ങിയപ്പോൾ തന്നെ സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെ വിളിച്ചിരുന്നു. എന്നാൽ അവർ സമാധാനപരമായി പിരിഞ്ഞുപോകുമെന്നാണ് പൊലീസ് പറഞ്ഞത്. ആക്രമണങ്ങളെല്ലാം കഴിഞ്ഞ ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും സ്‌കൂൾ അധികൃതർ ആരോപിച്ചു, എന്നാൽ  സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ഭരത് ഭൂഷൺ ഈ ആരോപണങ്ങൾ നിഷേധിച്ചു. സമാധാനപരമായ പ്രതിഷേധമായിരുന്നു നടന്നത്. ചില അക്രമികൾ ഈ അവസരം മുതലെടുത്ത് സ്‌കൂളിന് നേരെ കല്ലെറിയുകയും ചില്ലുകൾ തകർക്കുകയുമായിരുന്നു. സ്‌കൂൾ അധികാരികൾക്ക് സംരക്ഷണം നൽകുകയും ഉടൻ തന്നെ പ്രതികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്.ഐപിസി സെക്ഷൻ 147 (കലാപം), 148 (മാരകായുധങ്ങളുമായി കലാപം), 427 എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. വിദിഷ എസ്പിയും ജില്ലാ മജിസ്ട്രേറ്റും സ്‌കൂൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ടെന്നും ഭൂഷൺ പറഞ്ഞു.

ആരോപണങ്ങൾ അടിസ്ഥാന രഹിതം- സ്‌കൂൾ

11 വർഷം മുമ്പ് സ്ഥാപിതമായ സെന്റ് ജോസഫ് സ്‌കൂൾ ഭോപ്പാൽ ആസ്ഥാനമായുള്ള മലബാർ മിഷനറി സൊസൈറ്റി ഓഫ് അസിസി പ്രൊവിൻസിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. സ്‌കൂളിൽ ഏകദേശം 1,500 വിദ്യാർത്ഥികളുണ്ട്, അവരിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്. ഒക്ടോബർ 31ന് സ്‌കൂളിൽ എട്ട് ഹിന്ദു പെൺകുട്ടികളെ മതപരിവർത്തനം  നടത്തിയെന്ന്   മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി പ്രതിഷേധത്തിന് നേതൃത്വം നൽകിയ വിഎച്ച്പി നേതാവ് നീലേഷ് അഗർവാൾ പറഞ്ഞു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂംഗോ വിദിഷ കലക്ടർക്ക് കത്ത് നൽകിയതായി അദ്ദേഹം പറഞ്ഞു.

എന്നാൽ ആരോപണങ്ങൾ സ്‌കൂൾ പ്രിൻസിപ്പൽ തിനുങ്കൽ നിഷേധിച്ചു. അന്ന് സ്‌കൂളിൽ ക്രിസ്ത്യൻ വിദ്യാർഥികൾക്കായി വിശുദ്ധ കുർബാനയാണ് നടന്നത്. എന്നാൽ വിദ്യാർഥികളെ മതം മാറ്റുന്നു എന്ന രീതിയിലാണ് ഇതിന്റെ വീഡിയോ യുട്യൂബിൽ പ്രചരിച്ചത്. പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികളാരും സ്‌കൂളിൽ പഠിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന രഹിതമായ പരാതിയായതിനാൽ അധികൃതരും ഞങ്ങൾക്കെതിരെ യാതൊരു നടപടിയുമെടുത്തിരുന്നില്ല. സ്‌കൂൾ അധികൃതർക്കെതിരായ മതപരിവർത്തന പരാതി അടിസ്ഥാനരഹിതമാണെന്നും പുറത്തുവന്ന വീഡിയോ തെറ്റാണെന്നും പൊലീസ് ഓഫീസർ ഭൂഷണും വ്യക്തമാക്കി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News