അടിയന്തര മെഡിക്കൽ സേവനങ്ങൾക്കായി ഹൈവേകളിൽ ഹെലിപ്പാഡൊരുക്കാൻ കേന്ദ്രം

ഹെലികോപ്റ്റർ എമർജിൻസി സർവിസ് (എച്ച്എംസി) വഴിയുള്ള സൗകര്യം മുംബൈ, ഡൽഹി പോലെയുള്ള നഗരങ്ങളിൽ ഒരുക്കാനും അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗപ്പെടുത്താനുമാണ് ശ്രമമെന്നും കേന്ദ്രമന്ത്രി

Update: 2021-12-14 15:22 GMT
Advertising

അടിയന്തര മെഡിക്കൽ സേവനങ്ങൾക്കായി ഹൈവേകളിൽ ഹെലിപ്പാഡൊരുക്കാൻ കേന്ദ്രസർക്കാർ. രാജ്യത്തെ ഹെലികോപ്റ്റർ രംഗത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള തീരുമാനം കേന്ദ്ര എവിയേഷൻ മന്ത്രി ജ്യോതിരാധിത്യ സിന്ധ്യയാണ് അറിയിച്ചത്. ഹെലികോപ്റ്റർ എമർജിൻസി സർവിസ് (എച്ച്എംസി) വഴിയുള്ള സൗകര്യം മുംബൈ, ഡൽഹി പോലെയുള്ള നഗരങ്ങളിൽ ഒരുക്കാനും അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗപ്പെടുത്താനുമാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലുള്ള 250 ഹെലികോപ്റ്ററുകളിൽ 180 എണ്ണവും ഷെഡ്യൂൾ ചെയ്യപ്പെടാത്ത ഓപറേറ്റർമാരാണ് നിയന്ത്രിക്കുന്നത്. ഒരു ജില്ലയിൽ ഒരു ഹെലിപ്പാഡാണുള്ളത്- മന്ത്രി സിന്ധ്യ വ്യക്തമാക്കി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറച്ചു മുമ്പ് രാജ്യത്ത് പുതിയ ഹെലികോപ്റ്റർ നയം മന്ത്രി കൊണ്ടുവന്നിരുന്നു. മുംബൈ -പൂണെ, ബേഗംപേട്ട് - ഷംസാബാദ്, അഹമ്മദാബാദ് -ഗാന്ധിനഗർ എന്നിവിടങ്ങളിലേത് പോലുള്ള ഹെലികോപ്റ്റർ കോറിഡോർ വികസിപ്പിക്കുന്നത് നയത്തിന്റെ ഭാഗമായിരുന്നു. 36 ഹെലിപോർട്ടുകളാണ് പ്രാദേശിക എയർ കണക്ടിവിറ്റിയുടെ ഭാഗമായി ഒരുക്കുന്നത്. ഇവയിൽ ആറെണ്ണം നിലവിൽ വന്നിട്ടുണ്ട്.

ഹെലികോപ്റ്റർ ഇറക്കുമതിയിൽ തടസ്സമാകുന്ന നികുതി ഇളവ് നൽകാനും രംഗം സജീവമാക്കാനും ധനമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും സിന്ധ്യ അറിയിച്ചു. എട്ടു സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എവിയേഷൻ ടർബിൻ ഓയിലിന് മേലുള്ള വാല്യൂ ആഡഡ് ടാക്‌സ് കുറച്ചതായും അദ്ദേഹം പറഞ്ഞു. 28-30 ശതമാനത്തിൽ നിന്ന് 1-2 ശതമാനമായാണ് ഇളവ് നൽകിയതെന്നും ഇത് വലിയ നേട്ടമാണെന്നും മന്ത്രി വ്യക്തമാക്കി. എയർലൈൻ പ്രവർത്തനത്തിലെ പ്രധാന ചെലവ് എടിഎഫ് അല്ലെങ്കിൽ ജെറ്റ് ഇന്ധനമാണ്.

Central Government to provide helipads on highways for emergency medical services

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News