ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ അൽ ജസീറക്ക് വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ

രാജ്യത്തിന് പുറത്ത് നിന്നാണ് തെരഞ്ഞെടുപ്പ് വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് അൽ ജസീറ വ്യക്തമാക്കി

Update: 2024-04-19 14:23 GMT

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ അന്താരാഷ്ട്ര മാധ്യമമായ അൽ സീറക്ക് വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ. ഏഴ് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിൽ ഇന്ന് നടന്ന ആദ്യ ഘട്ടം റിപ്പോർട്ട് ചെയ്തുകൊണ്ടാണ് വിസ നിഷേധിച്ച കാര്യം അൽ ജസീറ പുത്തുവിട്ടത്.  വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനായി വിസക്ക് അനുമതി തേടിയെങ്കിലും  ​കേന്ദ്ര സർക്കാർ വിസ നിഷേധിച്ചതിനാൽ ഇന്ത്യക്ക് പുറത്തുനിന്നാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് അൽ ജസീറ വ്യക്തമാക്കി.

രാജ്യത്തിനകത്ത് നിന്ന് റിപ്പോർട്ടിങ് നടന്നില്ലെങ്കിലും പുറത്ത് നിന്ന് രാജ്യത്തെ തെരഞ്ഞെടുപ്പ് വിവരങ്ങൾ റിപ്പോർട്ട് ചെയ്യുമെന്ന് അൽ ജസീറ വ്യക്തമാക്കി.ഇതാദ്യമായല്ല അൽ ജസീറ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾക്കെതിരെ മോദി സർക്കാർ നടപടിയെടുക്കുന്നത്.

Advertising
Advertising

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിക്ക് വിലര്‍ക്കേര്‍പ്പെടുത്തിയതിന് പിന്നാലെ അല്‍ജസീറയുടെ ഡോക്യുമെന്ററിക്കും ഇന്ത്യയില്‍ പ്രദര്‍ശന വിലക്കേർപ്പെടുത്തിയിരുന്നു.

രാജ്യത്തെ മുസ്‍ലിം വിഭാഗവുമായി ബന്ധപ്പെട്ട് അല്‍ജസീറ നിര്‍മിച്ച 'ഇന്ത്യ...ഹു ലിറ്റ് ദി ഫ്യൂസ്' എന്ന ഡോക്യമെന്ററിയുടെ പ്രദര്‍ശനം അലഹബാദ് ഹൈക്കോടതിയാണ് വിലക്കിയത്. 2002ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബിബിസി ഡോക്യുമെന്ററിക്കായിരുന്നു നേരത്തെ വിലക്കേര്‍പ്പെടുത്തിയത്. 2023 ജനുവരിയില്‍ റിലീസ് ചെയ്ത ഡോക്യുമെന്ററി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു.

അതിന് പിന്നാലെ ആദായനികുതിവകുപ്പ് അടക്കമുള്ള ഏജൻസികൾ ബി.ബി.സിക്കെതിരെ നടപടി തുടങ്ങിയിരുന്നു. ഇതിനു പിന്നാ​ലെയാണ് ഏപ്രിൽ ആദ്യം ബി.ബി.സി ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം നിർത്തുകയാണെന്ന് പ്രഖ്യാപിച്ചത്. തുടർന്ന് പ്രസിദ്ധീകരണ ലൈസൻസ് ഇന്ത്യൻ ജീവനക്കാർ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറി. മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ ലൈസൻസ് കൈമാറുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് ബി.ബി.സി വ്യക്തമാക്കി. മാധ്യമപ്രവർത്തനത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബി.ബി.സി ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News