പലയിടത്തും ആള്‍ക്കൂട്ടം; കോവിഡ് രാജ്യം വിട്ടുപോയിട്ടില്ല, മുൻകരുതലുകളിൽ വിട്ടുവീഴ്ച പാടില്ല- കേന്ദ്ര സർക്കാർ
കോവിഡ് നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ച ചെയ്തു ദുരന്തം ഏറ്റുവാങ്ങിയ ബംഗ്ലാദേശ്, റഷ്യ, യുകെ തുടങ്ങിയ രാജ്യങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്‍റെ മുന്നറിയിപ്പ്.
രാജ്യത്ത് ചിലയിടങ്ങളിലെങ്കിലും ജനങ്ങൾ കോവിഡിനെ മറന്നു ജീവിക്കാൻ തുടങ്ങിയതോടെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ രാജ്യത്ത് ജനങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റും സന്ദർശനം നടത്തുന്നതിനിടയിലാണ് സർക്കാരിന്റെ മുന്നറിയിപ്പ്. രാജ്യം കോവിഡ് മുക്തമായിട്ടില്ലെന്നും മുൻകരുതലുകളിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ച ചെയ്തു ദുരന്തം ഏറ്റുവാങ്ങിയ ബംഗ്ലാദേശ്, റഷ്യ, യുകെ തുടങ്ങിയ രാജ്യങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്‍റെ മുന്നറിയിപ്പ്.
നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞത് ഇങ്ങനെയാണ്- നമ്മൾ ഇപ്പോഴും കോവിഡിനെതിരേ പൊരുതി കൊണ്ടിരിക്കുകയാണ്, അതുകൊണ്ടു തന്നെ മുൻകരുതലുകൾ ഒഴിവാക്കാൻ പാടില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആളുകൾ യാതൊരു കോവിഡ് മാനദണ്ഡവും പാലിക്കാതെ കൂട്ടം ചേരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഗർഭിണികൾ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഇപ്പോൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അവർ എത്രയും പെട്ടെന്ന് വാക്‌സിൻ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡിന്‍റെ ലാംഡ വകഭേദം ആശങ്ക ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 30 രാജ്യങ്ങളിൽ ലാംഡ വകഭേദം റിപ്പോർട്ട് ചെയ്‌തെങ്കിലും ഇന്ത്യയിൽ ഇതുവരെ ലാംഡ വകഭേദം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനത്തിൽ തുടർച്ചയായി കുറവ് രേഖപ്പെടുത്തുകയാണ്. ശരാശരി പ്രതിദിനം 8 ശതമാനം കോവിഡ് രോഗികളുടെ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ പുതിയ കേസുകളിൽ 80 ശതമാനവും 90 ജില്ലകളിൽ നിന്നാണ്. രാജ്യത്തിന്റെ കോവിഡ് രോഗമുക്തി നിരക്കിലും വർധനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 97.2 ശതമാനമാണ് ഇന്നത്തെ കോവിഡ് മുക്തിനിരക്ക്.