ബിബിസി ഡോക്യുമെന്‍ററി: വെള്ളക്കാര്‍ പറയുന്നതാണ് ചിലര്‍ക്ക് വലിയ കാര്യമെന്ന് കേന്ദ്ര നിയമ മന്ത്രി

'ബിബിസിയെ സുപ്രിംകോടതിക്ക് മുകളിലാണ് ചിലര്‍ കാണുന്നത്. രാജ്യത്തിന്‍റെ അന്തസ്സും പ്രതിച്ഛായയും യജമാനന്മാരെ പ്രീതിപ്പെടുത്താൻ താഴ്ത്തിക്കെട്ടുകയാണ്'

Update: 2023-01-24 07:38 GMT

ഡല്‍ഹി: വെള്ളക്കാര്‍ പറയുന്നതാണ് ഇപ്പോഴും ചിലര്‍ക്ക് വലിയ കാര്യമെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. ചിലരെ സംബന്ധിച്ച് വെള്ളക്കാര്‍ ഇപ്പോഴും അവരുടെ യജമാനന്മാരാണ്. അവര്‍ക്ക് വെള്ളക്കാരുടെ നിലപാട് അന്തിമമാണ്. അല്ലാതെ ഇന്ത്യയുടെ സുപ്രിംകോടതിയുടെ തീരുമാനമോ ഇന്ത്യയിലെ ജനങ്ങളുടെ ഇഷ്ടമോ അവര്‍ക്ക് വിഷയമല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ബിബിസിയുടെ 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം നടത്തുമെന്ന് രാജ്യത്തെ പല സംഘടനകളും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്ര നിയമ മന്ത്രിയുടെ പ്രതികരണം.

Advertising
Advertising

ചിലര്‍ കൊളോണിയൽ ലഹരിയിൽ നിന്ന് മുക്തരായിട്ടില്ലെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. അവർ ബിബിസിയെ സുപ്രിംകോടതിക്ക് മുകളിലാണ് കാണുന്നത്. രാജ്യത്തിന്‍റെ അന്തസ്സും പ്രതിച്ഛായയും യജമാനന്മാരെ പ്രീതിപ്പെടുത്താൻ താഴ്ത്തിക്കെട്ടുകയാണെന്നും കേന്ദ്ര നിയമ മന്ത്രി കുറ്റപ്പെടുത്തി.

മനുഷ്യാവകാശം ബിബിസി പഠിപ്പിക്കേണ്ടെന്ന് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പ്രതികരിച്ചു. നമ്മുടെ രാജ്യത്തിന്‍റെ പരമാധികാരത്തിന്മേല്‍ കടന്നുകയറി വിദേശ മാധ്യമം നടത്തുന്ന പ്രചാരവേലയ്ക്ക് കൂട്ടുനില്‍ക്കുന്നത് രാജ്യദ്രോഹമാണെന്നായിരുന്നു കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍റെ പ്രതികരണം.

അതിനിടെ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, ഫ്രറ്റേണിറ്റി, എസ്.എഫ്.ഐ, കെ.എസ്.യു തുടങ്ങിയ സംഘടനകള്‍ ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 'നിരോധനങ്ങളുടെ കാലത്ത് നിശബ്ദമാകുകയില്ല നാം' എന്ന് പ്രഖ്യാപിച്ചാണ് ഡി.വൈ.എഫ്.ഐ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തുക. 'വംശഹത്യയുടെ ഓര്‍മകളെ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാന്‍ കഴിയില്ലെ'ന്ന് ഓര്‍മിപ്പിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രദര്‍ശനം സംഘടിപ്പിക്കുക.

ഡോക്യുമെന്ററി ജെ.എൻ.യുവിൽ ഇന്നു രാത്രി 9 മണിക്ക് പ്രദര്‍ശിപ്പിക്കുമെന്ന് വിദ്യാർഥി യൂണിയൻ പ്രതികരിച്ചു. ഭീരുക്കളാണ് ഡോക്യുമെന്ററിയെ എതിർക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഡോക്യുമെന്ററി പ്രദർശിപ്പിക്കരുത് എന്നാണ് അധികൃതരുടെ നിർദേശം. കാമ്പസിന്റെ സമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തുമെന്ന് അധികൃതർ ഇറക്കിയ കുറിപ്പിൽ പറയുന്നു. എന്നാൽ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിദ്യാർഥി യൂണിയൻ.

അതിനിടെ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചതിന് എതിരെ എ.ബി.വി.പി പരാതി നൽകി. ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചവർക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല അധികൃതർക്കാണ് പരാതി നല്‍കിയത്.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News