കഴിഞ്ഞ വർഷം അഴിമതിക്കേസിൽ ജയിലിൽ; തിരിച്ചുവന്ന് ചന്ദ്രബാബുനായിഡു- കിങ് മേക്കർ

നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതി കേസിലായിരുന്നു നായിഡു അറസ്റ്റിലായത്

Update: 2024-06-05 13:11 GMT

ന്യൂ‍‍‍ഡൽഹി: ആന്ധ്രപ്രദേശിൽ ​വൻ തിരിച്ചുവരവാണ് ചന്ദ്രബാബുനായിഡുവിന്റെ നേതൃത്വത്തിലുള്ള തെലു​ഗുദേശം പാർട്ടി (ടിഡിപി) കൈവരിച്ചത്. ലോക്സഭയുടെ കൂടെ നിയമസഭയിലേക്കും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നിരുന്നു. രണ്ട് തെരഞ്ഞെടുപ്പിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത് നായിഡുവിന്റെ ടിഡിപി ആണ്. ആകെയുള്ള 175 നിയമസഭാ സീറ്റുകളിൽ 135ഉം 25 ലോക്സഭാ സീറ്റിൽ പതിനാറിടത്തും ടിഡിപി സ്ഥാനാർഥികളാണ് വിജയിച്ചത്. കഴിഞ്ഞ നിയമസഭയിൽ ടിഡിപിക്ക് 23 അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.

നാല് പതിറ്റാണ്ട് മുമ്പ് തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സർവകലാശാലയിലെ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ആദ്യം കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് ക്യാബിനറ്റ് മന്ത്രിയായി. പിന്നീട് അന്തരിച്ച തന്റെ ഭാര്യാപിതാവും പ്രശസ്ത നടനുമായ എൻ.ടി രാമറാവു സ്ഥാപിച്ച ടിഡിപിയിലേക്ക് കൂടുമാറി.

Advertising
Advertising

1990-കളുടെ മധ്യത്തിൽ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി നായിഡു പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ തന്നെ ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളാണ് ഈ 74കാരൻ. മുഖ്യമന്ത്രിയെന്ന നിലയിൽ ആധുനിക ഹൈദരാബാദിൻ്റെ വികസനത്തിലെ ഒരു പ്രധാന വ്യക്തിയാണ് നായിഡു. സ്ഥലത്തെ ഒരു ടെക്-ഹബ് ആക്കി മാറ്റുന്നതിൽ മുഖ്യ പങ്ക് നായിടുവിന്റേതാണ്.

അടൽ ബിഹാരി വാജ്പേയി സർക്കാരിന് പ്രധാന പിന്തുണ നൽകിയതും നായിഡുവായിരുന്നു. 2004ലെ തെരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ നായിഡുവിൻ്റെ പരാജയമാണ് വാജ്‌പേയി സർക്കാരിന് ഡൽഹിയിൽ വീണ്ടും അധികാരത്തിലെത്താൻ കഴിയാത്തതിൻ്റെ പ്രധാന കാരണങ്ങളിലൊന്ന്. സംസ്ഥാനത്ത് 42 ലോക്‌സഭാ സീറ്റുകളിൽ 37ഉം നേടി കോൺഗ്രസ് അന്ന് മികച്ച വിജയവും നേടി.

നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതി കേസിൽ 2023-ൽ നായിഡു അറസ്റ്റിലായി. സെപ്തംബർ 9ന് പുലർച്ചെ നടത്തിയ റെയ്ഡിൽ അ​ദ്ദേഹം അറസ്റ്റിലാവുകയും ഏകദേശം രണ്ട് മാസത്തോളം രാജമഹേന്ദ്രവാരം സെൻട്രൽ ജയിലിൽ കഴിയുകയും ചെയ്തു. ഒക്ടോബർ 31ന് നായിഡുവിന് ജാമ്യം ലഭിച്ചു. ഇത് 2024ലെ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനും ടി.ഡി.പി, ബി.ജെ.പി, ജനസേന എന്നിവയുമായി എൻ.ഡി.എ സഖ്യത്തിൽ വീണ്ടും ചേരാനും അദ്ദേഹത്തെ അനുവദിച്ചു.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മറ്റൊരു എൻഡിഎ സർക്കാർ രൂപീകരണത്തിൻ്റെ താക്കോൽ വീണ്ടും ചന്ദ്രബാബു നായിഡുവിൻ്റെ കൈകളിലാണ്. ടിഡിപി-ബിജെപി സഖ്യം നിലനിൽക്കുമെന്നാണ് ഇതുവരെയുള്ള എല്ലാ വിവരങ്ങളും സൂചിപ്പിക്കുന്നത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയ നായിഡു മുഖ്യമന്ത്രിയായി ചുമതലയേൽക്കും. കേന്ദ്രത്തിൽ മോദിക്ക് പിന്തുണയും വാഗ്ദാനം ചെയ്യും.

എന്നാൽ ചോദ്യം പിന്തുണക്കാൻ എന്തൊക്കെ നിബന്ധനകളാണ് നായിഡു മുന്നോട്ട് വെക്കുക എന്നതാണ്. കേന്ദ്രമന്ത്രിസ്ഥാനം, ആന്ധ്രാപ്രദേശിനുള്ള സാമ്പത്തിക പിന്തുണ, അല്ലെങ്കിൽ ടിഡിപിയിൽ തന്റെ മകൻ്റെ നേതൃമാറ്റത്തിന് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പിന്തുണ തുടങ്ങി എന്ത് ആവശ്യവും അദ്ദേഹം ഉന്നയിച്ചേക്കാം. കേവലഭൂരിപക്ഷമില്ലാത്തതിനാൽ ബിജെപിക്ക് ചിലപ്പോൾ പല ആവശ്യങ്ങളും അം​ഗീകരിക്കേണ്ടിയും വന്നേക്കാം.

ടിഡിപിയും ബിജെപിയും തമ്മിൽ സഖ്യം നിലനിൽക്കെ തന്നെ ഇൻഡ്യാ മുന്നണിയിലേക്ക് മാറാൻ കോൺഗ്രസും അദ്ദേഹത്തെ വശീകരിച്ചേക്കും. ഇന്ത്യൻ രാഷ്ട്രീയത്തിൽ നായിഡുവിൻ്റെ പ്രസക്തി ഇതിലൂടെ വ്യക്തമാണ്. മൂന്ന് പതിറ്റാണ്ടായി തൻ്റെ സംസ്ഥാനത്തെയും കേന്ദ്ര രാഷ്ട്രീയത്തെയും ഏതെങ്കിലും തരത്തിൽ സ്വാധീനിച്ച ഒരു നേതാവിനെ ഒരിക്കലും എഴുതിത്തള്ളാൻ പാടില്ല എന്ന് കാണിക്കുന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്.  

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News