ഡൽഹി ഇന്നും കത്തും; സിജെപി പ്രതിഷേധം ഉടൻ; പ്രദേശത്ത് വൻ പൊലീസ് സന്നാഹം
ഡൽഹിയുടെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് സൂചന
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിജെപി നടത്തുന്ന തുടർച്ചയായ രണ്ടാം ദിവസത്തെ പ്രതിഷേധം അൽപ്പസമയത്തിനകം ആരംഭിക്കും. ഡൽഹിയുടെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് സൂചന. പ്രതിഷേധത്തെ നേരിടാൻ കനത്ത പൊലീസ് സന്നാഹത്തെയാണ് ഡൽഹിയിൽ വിന്യസിപ്പിച്ചിരിക്കുന്നത്. കൂടാതെ, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് മാറ്റുന്നതിനായി മുന്നൂറിലധികം ബസുകളും സജ്ജമാക്കിയിട്ടുണ്ട്.
ഡൽഹിയുടെ ഏത് ഭാഗത്തുനിന്നും ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന പ്രധാന കേന്ദ്രമാണ് കൊണാട്ട് പ്ലേസ്. രാജീവ് ചൗക്ക് മെട്രോ സ്റ്റേഷന് തൊട്ടടുത്തായതിനാൽ മെട്രോ മാർഗം എത്തുന്നവർക്ക് ഇവിടെ പെട്ടെന്ന് സംഘടിക്കാൻ സാധിക്കും. കൊണാട്ട് പ്ലേസിന് സമീപത്തുള്ള ജന്തർ മന്ദറിൽ ഒത്തുകൂടാനായിരുന്നു സിജെപി പ്രവർത്തകർക്ക് നൽകിയിരുന്ന ആഹ്വാനം. എന്നാൽ ജന്തർ മന്ദറിൽ എത്തിച്ചേരാൻ കഴിയാത്തവർ എവിടെയാണോ എത്തുന്നത് അവിടെത്തന്നെ പ്രതിഷേധിക്കണമെന്നാണ് നേതാക്കളുടെ നിർദേശം.
യൂത്ത് കോൺഗ്രസും എസ്എഫ്ഐയും ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ സമരങ്ങളുടെ സമയവും സ്ഥലവും സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. എന്തായാലും രണ്ടാം ദിവസവും ഡൽഹി സംഘർഷഭരിതമായി തുടരുമെന്നാണ് നിലവിലെ സൂചനകൾ.