ജന്തര്‍ മന്ദറില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ അടക്കം ആറു പേർ അറസ്റ്റില്‍
കഴിഞ്ഞ ഞായറാഴ്ച ഭാരത് ജോഡോ ആന്ദോളൻ സംഘടിപ്പിച്ച പരിപാടിക്കിടയിലായിരുന്നു മുദ്രാവാക്യം വിളിച്ചത്
ഡൽഹി ജന്തര്‍ മന്ദറില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിൽ ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ അടക്കം ആറു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച ഭാരത് ജോഡോ ആന്ദോളൻ സംഘടിപ്പിച്ച പരിപാടിക്കിടയിലായിരുന്നു മുദ്രാവാക്യം വിളിച്ചത്. എന്നാൽ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ചവരുമായി ബന്ധമില്ലെന്നാണ് ഭാരത് ജോഡോ ആന്ദോളന്‍റെ വിശദീകരണം.
വിനോദ് ശര്‍മ്മ, ദീപക് സിംഗ്, ദീപക്, വിനീത് ക്രാന്തി, പ്രീത് സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ, 188 വകുപ്പുകൾ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അശ്വിനി ഉപാധ്യായയെയും മറ്റ് പ്രതികളെയും ഡൽഹി പൊലീസ് ചൊവ്വാഴ്ച പുലർച്ചെ വരെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനായി കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ അശ്വിനിയോട് തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. മുസ്‍ലിം വിദ്വേഷം പരത്തുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ വിളിക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.അഭിഭാഷകനും മുൻ ബി.ജെ.പി വക്താവുമായ അശ്വിനി ഉപാധ്യായയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നതെന്ന് ഭാരത് ജോഡോ ആന്തോളന്‍റെ മീഡിയ ഇൻചാർജ് ഷിപ്ര ശ്രീവാസ്തവ പറഞ്ഞു. എന്നാല്‍ വര്‍ഗീയ മുദ്രാവാക്യങ്ങള്‍ മുഴക്കിയവരുമായി തങ്ങള്‍ക്കൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.