ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണം; ആവശ്യവുമായി ജന്‍ സുരാജ് പാര്‍ട്ടി സുപ്രിംകോടതിയില്‍

നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം 243ല്‍ 202 സീറ്റ് നേടി അധികാരം നിലനിര്‍ത്തിയിരുന്നു

Update: 2026-02-05 13:24 GMT

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തണമെന്ന ആവശ്യവുമായി പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി സുപ്രിംകോടതിയില്‍. ഈ ആവശ്യവുമായുള്ള ഹരജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് വെള്ളിയാഴ്ച പരിഗണിച്ചേക്കും. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം 243ല്‍ 202 സീറ്റ് നേടി അധികാരം നിലനിര്‍ത്തിയിരുന്നു. ഇന്‍ഡ്യാ സഖ്യത്തിന് 35 സീറ്റ് നേടാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ. തനിച്ച് മത്സരിച്ച ജന്‍ സുരാജ് പാര്‍ട്ടിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല.

Advertising
Advertising

'മുഖ്യമന്ത്രി മഹിളാ തൊഴില്‍ യോജന' പദ്ധതിയിലൂടെ ബിഹാര്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് 10,000 രൂപ വീതം വിതരണം ചെയ്തത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ജന്‍ സുരാജ് പാര്‍ട്ടി ഹരജിയില്‍ ആരോപിക്കുന്നത്. ഈ പദ്ധതിയിലൂടെ തുക വിതരണം ചെയ്തത് എന്‍ഡിഎയുടെ വിജയത്തില്‍ നിര്‍ണായകമായതായി വിലയിരുത്തലുണ്ടായിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324, ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 123 എന്നിവ പ്രകാരം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വോട്ടര്‍മാര്‍ക്ക് നേരിട്ട് തുക നല്‍കുന്നത് നിയമലംഘനമാണെന്നാണ് ജന്‍ സുരാജ് ആരോപിക്കുന്നത്.

വനിതകള്‍ക്ക് സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനും ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനായുമാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നിതീഷ് കുമാര്‍ സര്‍ക്കാര്‍ തൊഴില്‍ യോജന പദ്ധതിയിലൂടെ ആദ്യഘഡുവായി 10,000 രൂപ നല്‍കിയത്. 1.3 കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്കാണ് തുക നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു സെപ്തംബറില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News