'സംസ്ഥാനപദവിയും തൊഴിലവസരവും വേണം'; ലഡാക്കിൽ പ്രതിഷേധം ശക്തമാകുന്നു

ആയിരക്കണക്കിന് ആളുകളാണ് കൊടുംതണുപ്പിനെ അവഗണിച്ച് പ്രതിഷേധ റാലിയിൽ പങ്കെടുക്കാനെത്തിയത്

Update: 2024-02-04 04:18 GMT
Editor : Lissy P | By : Web Desk
Advertising

ലഡാക്ക്: സംസ്ഥാന പദവി നൽകുക, തദ്ദേശീയര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലഡാക്കിൽ കൂറ്റൻ പ്രക്ഷോഭം. ശനിയാഴ്ച ലഡാക്കിലെ ലേ,കാര്‍ഗില്‍ ജില്ലകളിൽ വൻ പ്രതിഷേധ റാലികൾ നടന്നു. ആയിരക്കണക്കിന് ആളുകളാണ് കൊടുംതണുപ്പിലും പ്രതിഷേധ റാലിയിൽ പങ്കെടുക്കാനെത്തിയത്. ലഡാക്കിന് സംസ്ഥാന പദവി നൽകുക, ഗോത്രപദവി നൽകുന്ന ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ലഡാക്കിനെ ഉൾപ്പെടുത്തുക, തദ്ദേശവാസികൾക്ക് തൊഴിൽ സംവരണം,ലേ, കാർഗിൽ ജില്ലകൾക്ക് ഓരോ പാർലമെൻ്ററി സീറ്റുകൾ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടക്കുന്നത്.

2019 ആഗസ്റ്റിലാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്. തുടർന്ന് ലഡാക്ക് ജമ്മു കശ്മീരിൽ നിന്ന് വിഭജിക്കപ്പെടുകയും ചെയ്തു.  ലേ അപെക്സ് ബോഡിയും (എൽഎബി) കാർഗിൽ ഡെമോക്രാറ്റിക് അലയൻസും (കെഡിഎ) ജനുവരി 23 ന് ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂളിന് കീഴിലുള്ള പദവിയും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഒരു മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു.എന്നാൽ ഈ ചർച്ചകൾ ഫലം കാണാതായതോടെയാണ് ലഡാക്കിൽ പ്രതിഷേധം ശക്തമായത്.

ബാൾട്ടി, ബേഡ, ബോട്ട്, ബോട്ടോ, ബ്രോക്പ, ദ്രോക്പ, ഡാർഡ്, ഷിൻ, ചാങ്പ, ഗാര, മോൺ, പുരിഗ്പ തുടങ്ങിയ ഗോത്രവർഗ വിഭാഗങ്ങൾ ലഡാക്കിലെ ജനസംഖ്യയുടെ വലിയൊരു വിഭാഗമാണെന്നും അതുകൊണ്ട് ആറാം ഷെഡ്യൂൾ പദവി വേണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News