കോണ്‍ഗ്രസ് നേതാക്കളും ബി.ജെ.പിയും ഒത്തുകളിച്ചു; ഒടുവില്‍ മൗനം വെടിഞ്ഞ് സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുംഭാനി

ആറു ദിവസത്തെ നിശബ്ദതക്ക് ശേഷമാണ് നിലേഷ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്

Update: 2024-04-27 05:22 GMT
Editor : Jaisy Thomas | By : Web Desk

നിലേഷ് കുംഭാനി

Advertising

സൂറത്ത്: സൂറത്ത് ലോക്സഭാ സീറ്റിലേക്കുള്ള നാമനിര്‍ദേശ പത്രിക തള്ളി ദിവസങ്ങള്‍ക്ക് ശേഷം വിഷയത്തില്‍ മൗനം വെടിഞ്ഞ് സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന നിലേഷ് കുംഭാനി. സൂറത്ത് സീറ്റിൽ ബി.ജെ.പി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുംഭാനിയെ കാണാനില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആറു ദിവസത്തെ നിശബ്ദതക്ക് ശേഷമാണ് നിലേഷ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

സൂറത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണമുയര്‍ത്തിക്കൊണ്ടാണ് നിലേഷിന്‍റെ രംഗപ്രവേശം. പാർട്ടിക്കുള്ളിലെ ഗുരുതരമായ വിഭാഗീയതയെക്കുറിച്ചും കോൺഗ്രസ് നേതാക്കളും ബി.ജെ.പി പ്രവർത്തകരും തമ്മിലുള്ള ഒത്തുകളിയെക്കുറിച്ചും നിലേഷ് വീഡിയോയില്‍ പറയുന്നുണ്ട്. '' ബാബുഭായ് മംഗുകിയ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വവുമായി ഞാൻ ബന്ധപ്പെട്ടിരുന്നു. കോൺഗ്രസ് പാർട്ടി ഞങ്ങളോടൊപ്പമുണ്ടെന്ന് ഞാൻ വിശ്വസിച്ചു, ഞങ്ങൾക്ക് പേടിക്കാനൊന്നുമില്ല. എന്നിരുന്നാലും, ഞാൻ അഹമ്മദാബാദിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ എൻ്റെ വസതിയിൽ പ്രതിഷേധിച്ചു. ഇതെന്നെ എൻ്റെ പദ്ധതികൾ വെട്ടിച്ചുരുക്കാൻ എന്നെ നിർബന്ധിതനാക്കി'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂറത്തിലെ കോൺഗ്രസ് നേതാക്കളുടെ സഹകരണമില്ലായ്മയെയും ബി.ജെ.പി നേതാക്കളുമായുള്ള ഒത്തുകളിയെയും കുംഭാനി രൂക്ഷമായി വിമർശിച്ചു.

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കാതിരിക്കാനും തെരഞ്ഞെടുപ്പ് ഓഫീസുകൾ അടച്ചുപൂട്ടാനും ബിജെപിയിൽ നിന്ന് പണം സ്വീകരിച്ചെന്നും ഒടുവിൽ ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് അനായാസ വിജയം ഉറപ്പാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി."കോൺഗ്രസ് നേതാക്കൾ എന്നെ പിന്തുണയ്ക്കാൻ വിസമ്മതിക്കുകയും തിരഞ്ഞെടുപ്പ് ബൂത്തുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ മറച്ചുവെക്കുകയും ചെയ്തു.എനിക്കെതിരെ തിരിയുന്നതിന് മുമ്പ് ഇപ്പോൾ പ്രതിഷേധിക്കുന്നവർ ഒരിക്കൽ ബി.ജെ.പിയുമായി ചേർന്നിരുന്നു എന്നത് വിരോധാഭാസമാണ്'' നിലേഷ് പറഞ്ഞു.''2017ൽ ടിക്കറ്റ് നിഷേധിക്കപ്പെട്ടപ്പോൾ ബിജെപിയിലേക്ക് കൂറുമാറാനോ സ്വതന്ത്രനായി മത്സരിക്കാനോ ഉള്ള സമ്മർദ്ദം എനിക്കുണ്ടായി.എന്നിട്ടും കോൺഗ്രസിൻ്റെ പ്രതിച്ഛായ തകർക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ഞാൻ വിട്ടുനിന്നു'' അദ്ദേഹം വ്യക്തമാക്കി.

പത്രിക തള്ളിയതിനു പിന്നാലെ നിലേഷ് കുംഭാനി അപ്രത്യക്ഷനായത് ചര്‍ച്ചയായിരുന്നു. നിലേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നായിരുന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലേഷിന്‍റെ പത്രിക റിട്ടേണിങ് ഓഫീസര്‍ തള്ളുകയും മറ്റ് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെയാണ് ദലാല്‍ വോട്ടെടുപ്പിന് മുന്‍പ് തന്നെ വിജയിച്ചത്. അതിനിടെ നിലേഷ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലേഷിന്‍റെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ചു. ജനദ്രോഹി എന്നെഴുതിയ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു പ്രതിഷേധം

ഏപ്രില്‍ 18നാണ് നിലേഷ് പത്രിക സമര്‍പ്പിക്കുന്നത്. ബി.ജെ.പി പ്രവർത്തകൻ ദിനേശ് ജോധാനി കുംഭാനിയുടെ പത്രികയിലെ ഒപ്പുകള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കുകയും ചെയ്തു. പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് ചൂണ്ടിക്കാട്ടി നാലു പേരുടെ സത്യവാങ്മൂലം തൊട്ടടുത്ത ദിവസം തന്നെ ലഭിച്ചുവെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് ഒരു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് നീലേഷിനോട് അധികൃതര്‍ ആവശ്യപ്പെട്ടു. മറുപടി ലഭിക്കാതെ വന്നതോടെ ഏപ്രില്‍ 21-ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ പത്രിക തള്ളുകയായിരുന്നു. നീലേഷിന്റെ അടുത്ത ബന്ധുക്കളാണ് പത്രികയില്‍ ഒപ്പു വച്ചിരുന്നത്. ഇവരും ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 22-ന് ബിഎസ്പിയുടെ സ്ഥാനാര്‍ഥി ഉള്‍പ്പെടെ എട്ടു പേര്‍ പത്രിക പിന്‍വലിക്കുക കൂടി ചെയ്തതോടെ ബി.ജെ.പിയുടെ മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News