ഗാസിയാബാദ്: കൊറിയൻ ഗെയിം ആസക്തിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിൽ മൂന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തത് നാടിനെയാകെ ഞെട്ടിച്ചിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് 16,14,11 വയസ് പ്രായമുള്ള പെൺകുട്ടികൾ ഒന്‍പതാം നിലയിലെ ഫ്ലാറ്റിൽ നിന്നും ചാടിയത്. സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപ് തങ്ങളെ ദക്ഷിണ കൊറിയയിലേക്ക് കൊണ്ടുപോകണമെന്നും അല്ലെങ്കിൽ മരിക്കുമെന്നും മക്കൾ പറഞ്ഞതായി പിതാവ് പറഞ്ഞു.
ആത്മഹത്യക്ക് തൊട്ടുപിന്നാലെ പൊലീസ് കുടുബാംഗങ്ങളെ ചോദ്യം ചെയ്തിരുന്നു. പെൺകുട്ടികളുടെ മരണത്തിന് ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധമുണ്ടെന്ന് പിതാവ് പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥരും തുടക്കത്തിൽ ഈ അവകാശവാദം ആവർത്തിച്ചു. എന്നിരുന്നാലും, ഇതുവരെ അത്തരം തെളിവുകളൊന്നും പുറത്തുവന്നിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
"ഇതുവരെയുള്ള അന്വേഷണമനുസരിച്ച്, സംഭവത്തിന് പിന്നിൽ ടാസ്‌ക് അടിസ്ഥാനമാക്കിയുള്ള ഗെയിമുകൾക്ക് പങ്കില്ല. പിതാവ് ഉന്നയിച്ച അവകാശവാദങ്ങൾ പരിശോധിക്കുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്യും. കുടുംബം സഹകരിക്കാൻ തയ്യാറായാൽ ഈ അവകാശവാദങ്ങളെക്കുറിച്ചുള്ള തെളിവുകളും തേടും" ട്രാൻസ്-ഹിൻഡൺ സോണിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) നിമിഷ് പാട്ടീൽ പറഞ്ഞു.
പെൺകുട്ടികൾ ചാടിയതായി പറയപ്പെടുന്ന മുറിയിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ അവരുടെ അമ്മയുടെതാണെന്ന് പാട്ടീൽ പറഞ്ഞു. “സംഭവത്തിന് മുമ്പ് സംശയാസ്പദമായ സന്ദേശങ്ങളോ കോളുകളോ വന്നിട്ടില്ല. ടാസ്‌ക് അധിഷ്ഠിത ഗെയിമിങ്ങിന്‍റെ ഒരു തെളിവും മൊബൈലിൽ ഉണ്ടായിരുന്നില്ല” അദ്ദേഹം പറഞ്ഞു.''സംഭവ ദിവസം രാത്രി 10 മണിയോടെ ഞാൻ അവരോട് സംസാരിച്ചിരുന്നു. അത്താഴം കഴിച്ചോ എന്ന് ചോദിച്ചു. അവരെ കൊറിയയിലേക്ക് കൊണ്ടുപോകണമെന്ന് അവര്‍ പറഞ്ഞു. ഞാൻ വിസമ്മതിച്ചു. വൈകിട്ട് 7 മണിക്ക് ഞാനവരുടെ കൈയിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി. എന്നാൽ രാത്രി പത്ത് മണിയോടെ അവര്‍ അമ്മയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി അര്‍ധരാത്രി വരെ ഉപയോഗിച്ചു. അതിനു ശേഷം കിടക്കയിൽ നിന്നും എഴുന്നേറ്റ് പൂജാമുറിയിലേക്ക് പോവുകയും. കുറച്ച് സമയത്തിന് ശേഷം താഴത്തെ നിലയിൽ കണ്ടെത്തുകയുമായിരുന്നു'' പിതാവ് വിശദീകരിച്ചു.
കൊറിയൻ സംഗീതവും നൃത്തവും ഉൾക്കൊള്ളുന്ന വീഡിയോകൾക്ക് പെൺകുട്ടികൾ അടിമകളായിരുന്നുവെന്ന് പിതാവ് ആരോപിച്ചു. "മൂന്ന് പേരും കൊറിയൻ താരങ്ങളുടെ പ്രൊഫൈൽ ചിത്രങ്ങളായി ഉപയോഗിച്ചു. ഞാൻ അവ നീക്കം ചെയ്താൽ, അവർ ചിലപ്പോൾ ഭക്ഷണം പോലും കഴിക്കില്ല" അദ്ദേഹം പറഞ്ഞു.കൊറിയൻ സംഗീതത്തോട് താൽപര്യം പ്രകടിപ്പിച്ചിരുന്ന പെൺകുട്ടികൾ കെ-ഡ്രാമകൾ, കെ-പോപ്പ് വീഡിയോകൾ, അനുബന്ധ ഓൺലൈൻ ഉള്ളടക്കങ്ങൾ എന്നിവ കാണുന്നതിൽ ദീർഘനേരം ചെലവഴിച്ചതായും പൊലീസ് പറഞ്ഞു.
"നിലവിൽ, കേസ് ആത്മഹത്യ എന്ന നിലയിലാണ് അന്വേഷിക്കുന്നത്. ടാസ്‌ക് അധിഷ്ഠിത ഗെയിമിങ്ങുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുകൾ കുടുംബം നൽകിയാൽ, ഞങ്ങൾ ആ വശം പരിശോധിക്കും. കഴിഞ്ഞ ആറ് മുതൽ ഏഴ് മാസത്തിനിടെ, പെൺകുട്ടികൾ മുമ്പ് ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകൾ പിതാവ് വിറ്റിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ആ ഉപകരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ്," പാട്ടീൽ വ്യക്തമാക്കി.
"അവർ എന്തിനാണ് ചാടിയതെന്ന് എനിക്കറിയില്ല, പക്ഷേ അവർ കൊറിയയിലേക്ക് പോയില്ലെങ്കിൽ മരിക്കുമെന്ന് എന്നോട് പറയുകയായിരുന്നു. അവരെ അവിടെ കൊണ്ടുപോകണമെന്ന് അവർ നിർബന്ധിക്കുകയായിരുന്നു," പിതാവ് പറഞ്ഞു.രണ്ട് വര്‍ഷം മുൻപ് പെൺകുട്ടികൾ പഠനം നിര്‍ത്തിയിരുന്നതായും കൊറിയയിൽ പോയി പഠിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. അവരുടെ പേരുകൾ പോലും മാറ്റിയിരുന്നതായും ഇനി ഇന്ത്യൻ പേരുകൾ ഉപയോഗിക്കില്ലെന്ന് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറിയൻ സംസ്കാരത്തോട് പെൺകുട്ടികൾ അമിതമായി താൽപര്യം പ്രകടിപ്പിച്ചിരുന്നതായും തങ്ങൾ ഇന്ത്യാക്കാരെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ദേഷ്യപ്പെടുകയും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുമായിരുന്നുവെന്നും പിതാവ് പറഞ്ഞു.