മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ യാത്രക്കാരന് 80,000 രൂപ നഷ്ടപരിഹാരം നൽകാൻ ബോംബെ ഹൈക്കോടതി ഇന്ത്യൻ റെയിൽവേയോട് ഉത്തരവിട്ടു. ഇരയുടെ തെറ്റ് തെളിയിക്കാൻ കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. യാത്രക്കാരന്‍ സ്വയം വരുത്തിവെച്ച പരിക്കായതിനാൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നായിരുന്നു സെൻട്രൽ റെയിൽവെയുടെ വാദം. എന്നാല്‍ ഇതും കോടതി തള്ളി.
2018 ജനുവരിയിൽ ജൽഗാവ് സ്റ്റേഷന് സമീപം ഓടുന്ന ദീർഘദൂര ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരൻ വീണ് പരിക്കേറ്റത്.എന്നാല്‍ ജൽഗാവ് സ്റ്റേഷനില്‍ ആ ട്രെയിനിന് സ്റ്റോപ്പ് ഇല്ലെന്നായിരുന്നു റെയില്‍വെ നല്‍കുന്ന വിശദീകരണം.
യാത്രക്കാർ പലപ്പോഴും ഹ്രസ്വ യാത്രകൾക്കായി ദീർഘദൂര ട്രെയിനുകൾ ഉപയോഗിക്കുന്നുണ്ടെന്നും എല്ലായ്‌പ്പോഴും സ്റ്റോപ്പുകളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
ലോക്കൽ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, ദീർഘദൂര ട്രെയിനുകളില്‍ നിര്‍ത്താത്ത സ്റ്റേഷനുകളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് ജസ്റ്റിസ് ജിതേന്ദ്ര ജെയിൻ ഉൾപ്പെട്ട ബോംബെ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു. എല്ലാ ട്രെയിനുകളും ജൽഗാവിൽ നിർത്തുമെന്ന ധാരണയിലാണ് യാത്രക്കാരൻ ആ ട്രെയിനിൽ കയറിയത്. എന്നാൽ ആ സമയത്ത് ഒരാൾക്ക് മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും പരിഭ്രാന്തിയിലാകുകയും ചെയ്യുക സ്വാഭാവികമാണെന്നും കോടതി നിരീക്ഷിച്ചു. ഇതിനെ മനഃപൂർവമോ സ്വയം വരുത്തിവച്ചതോ ആയി കണക്കാക്കരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. യാത്രക്കാരന് 80,000 രൂപ നഷ്ടപരിഹാരം 12 ആഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് ബെഞ്ച് റെയിൽവേ അധികൃതരോട് നിർദ്ദേശിച്ചു.
അതേസമയം, ഓടുന്ന ട്രെയിനുകളിൽ നിന്ന് കയറാനോ ഇറങ്ങാനോ ശ്രമിക്കുന്നത് അപകടകരവും മാരകവുമാണെന്ന് കോടതി മുന്നറിയിപ്പ് നൽകി. യാത്രക്കാർ അടുത്ത സ്റ്റോപ്പിനായി കാത്തിരിക്കുകയും ബാധകമായ പിഴ അടയ്ക്കുകയും ചെയ്താൽ ജീവൻ അപകടത്തിലാകില്ലെന്നും ജസ്റ്റിസ് ജെയിൻ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ കുറയ്ക്കുന്നതിന്, വന്ദേ ഭാരത് സർവീസുകളിലേതുപോലെ ദീർഘദൂര ട്രെയിനുകളിലും സ്റ്റോപ്പുകളെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നതിനായി പൊതു അറിയിപ്പ് സംവിധാനം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.