ഗാങ്‌ടോക്: ലോകത്തില്‍ വെച്ചേറ്റവും നീളമേറിയ റെയില്‍വേ പാതകളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നഗരങ്ങളെയും ഉള്‍പ്രദേശങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുകയും ദീര്‍ഘദൂരങ്ങളിലേക്കുള്ള യാത്രകള്‍ സുഗമമായ രീതിയില്‍ സാധ്യമാക്കുകയും ചെയ്യുന്ന നിരവധി റെയില്‍വേ പാതകളാണ് രാജ്യത്തുള്ളത്. ഇന്ത്യന്‍ ഗ്രാമ-നഗരങ്ങളെ തൊട്ടുമടങ്ങുന്ന ഗതാഗത-വ്യാപാര മേഖലകളുടെ നട്ടെല്ല് കൂടിയാണ് റെയില്‍വേ.
എങ്കിലും, ഇന്ത്യയില്‍ ഇതുവരെയും ഒരൊറ്റ റെയില്‍വേ സ്റ്റേഷന്‍ പോലുമില്ലാത്ത സംസ്ഥാനമുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? പലര്‍ക്കും അറിയാനിടയില്ല. അത്തരമൊരു സംസ്ഥാനമുണ്ട് ഇന്ത്യയില്‍. സിക്കിം.
ഡയറക്ട് റെയില്‍വേ കണക്ടിവിറ്റിയില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കിഴക്കന്‍ ഹിമാലയത്തിനരികിലുള്ള സിക്കിം. ദേശീയ റെയില്‍ നെറ്റ്‌വര്‍ക്കുമായി ഇതുവരെയും സംസ്ഥാനത്തെ ബന്ധിപ്പിച്ചിട്ടില്ല. സിക്കിം ലക്ഷ്യംവെച്ചിറങ്ങുന്ന യാത്രക്കാര്‍ വെസ്റ്റ് ബംഗാളിലെ ന്യൂ ജല്‍പൈഗുരു സ്റ്റേഷനിലോ സിലിഗുരി റെയില്‍വെ സ്‌റ്റേഷനിലോ ഇറങ്ങി റോഡ് മാര്‍ഗം യാത്ര തുടരേണ്ടിവരും.
അവിടങ്ങളില്‍ നിന്ന് തലസ്ഥാനനഗരിയായ ഗാങ്‌ടോക്കിലേക്ക് ബസ്, ടാക്‌സി വഴി പോകാനുള്ള സംവിധാനം സര്‍ക്കാര്‍ തന്നെയും മുന്‍കൈയെടുത്ത് ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന് പുറത്തേക്ക് എങ്ങനെയാണ് ബന്ധപ്പെടുക?
റെയില്‍വേ പാത ഇല്ലാത്തതുകൊണ്ട് തന്നെ പ്രധാനമായും കരമാര്‍ഗവും വ്യോമപാതയിലൂടെയുമാണ് സംസ്ഥാനത്തിന് പുറത്തേക്ക് പോകാറുള്ളത്. റോഡ് മാര്‍ഗമാണ് സാധാരണക്കാര്‍ കൂടുതലായും ഉപയോഗപ്പെടുത്താറുള്ളത്. പരിമിതമായ വ്യോമസംവിധാനങ്ങള്‍ ലഭ്യമെങ്കിലും റോഡ് മാര്‍ഗമുള്ള യാത്രയ്ക്കാണ് ജനങ്ങള്‍ പ്രാമുഖ്യം കല്‍പ്പിക്കാറുള്ളത്.
പാക്യോങ് വിമാനത്താവളമാണ് അധികപേരുടെയും പ്രധാന വ്യോമാശ്രയം. എങ്കിലും വെസ്റ്റ് ബംഗാളിലെ ബാഗ്‌ദോറ വിമാനത്താവളത്തില്‍ ഇറങ്ങിയാണ് സന്ദര്‍ശകരില്‍ അധികപേരും സിക്കിമിലേക്ക് എത്തിച്ചേരാറുള്ളത്. കാലാവസ്ഥ പ്രതികൂലമാകുന്നത് പോലുള്ള അടിയന്ത സാഹചര്യങ്ങളില്‍ സിക്കിമില്‍ നിന്ന് ഹെലികോപ്റ്റര്‍ സര്‍വീസും ഉണ്ടാകാറുണ്ട്.
സിക്കിം റെയില്‍വേ സ്റ്റേഷനിലേക്കുള്ള സെവോക്-റാങ്‌പോ റെയില്‍വേ പാതയുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ഹിമാലയന്‍ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പാത 44-45 കിലോമീറ്റര്‍ നീളമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. പാത ഏതാനും ടണലുകളിലൂടെയും മേഖലയിലെ പ്രധാനപ്പെട്ട പാലങ്ങളിലൂടെയും കടന്നുപോകുന്ന തരത്തിലാണ് തയ്യാറാക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ റെയില്‍വേ പദ്ധതി പൂര്‍ത്തിയാകുന്നതോടെ വെസ്റ്റ് ബംഗാളില്‍ നിന്ന് സിക്കിമിലേക്കുള്ള യാത്ര എളുപ്പമാകും.
റെയില്‍വേ പാത രൂപീകൃതമാകുന്നത് സിക്കിമിന് എങ്ങനെയാണ് ഗുണം ചെയ്യുക?
റെയില്‍വേ പാത പൂര്‍ത്തിയാകുന്നതോടെ നിരവധി സവിശേഷമായ പരിഷ്‌കാരങ്ങള്‍ക്കാണ് സിക്കിം തയ്യാറെടുക്കുന്നത്. സിക്കിമിലേക്ക് എത്തിച്ചേരുന്നതിലും സംസ്ഥാനത്തിന്റെ സാമ്പത്തികാവശ്യങ്ങള്‍ക്കും പാത ഏറെ ഗുണം ചെയ്യും. ഗാങ്‌തോക്കിലെത്തിച്ചേരുന്ന സഞ്ചാരികള്‍ക്കും ഇത് വളരെ എളുപ്പമായിരിക്കും. കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം ചരക്കുകള്‍ വേഗത്തില്‍ കൊണ്ടുവരാനും മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കാനും പാത സഹായകരമാകും.