തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; കഴുതയെ മോഷ്ടിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പ്രതിഷേധം

Update: 2022-02-20 05:11 GMT

കഴുതയെ മോഷ്ടിച്ചെന്ന പരാതിയിൽ തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. എന്‍.എസ്.യു.ഐ പ്രസിഡന്‍റ് ബെല്‍മൂരി വെങ്കട നരസിംഗ റാവുവിനെയാണ് അറസ്റ്റ് ചെയ്തത്. ബെല്‍മൂരി ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ്.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് ഫെബ്രുവരി 17നായിരുന്നു പ്രതിഷേധം. കഴുതയുടെ ശരീരത്തിൽ ചന്ദ്രശേഖർ റാവുവിന്‍റെ ചിത്രം പതിപ്പിച്ച് കഴുതയ്ക്ക് മുന്നില്‍ കേക്ക് മുറിച്ചായിരുന്നു പ്രതിഷേധം. ചന്ദ്രശേഖർ റാവുവിന്റെ ഭരണത്തില്‍ കര്‍ഷകരുടെയും വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ജീവിതം തകരുകയാണെന്ന് ആരോപിച്ചായിരുന്നു സമരം. പൊള്ളയായ വാഗ്ദാനങ്ങളും വ്യാജ പ്രചാരണങ്ങളുമാണ് കെ.സി.ആര്‍ ഭരണത്തില്‍ ബാക്കിയാകുന്നത് എന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ശതവാഹന യൂണിവേഴ്സിറ്റിക്ക് സമീപമായിരുന്നു പ്രതിഷേധം.

Advertising
Advertising

തങ്കുദൂരി രാജ്കുമാർ എന്ന ടി.ആര്‍.എസ് നേതാവാണ് തന്‍റെ കഴുത മോഷണം പോയെന്ന പരാതി നല്‍കിയത്. ജമ്മികുന്ദ പൊലീസ് സ്‌റ്റേഷനിലാണ് ഇദ്ദേഹം പരാതി നല്‍കിയത്. പിന്നാലെ ബെല്‍മൂരിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. താന്‍ പണം നല്‍കി കഴുതയെ വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്ന് ബെല്‍മൂരി പറഞ്ഞു. എന്നാല്‍ പൊലീസ് പറയുന്നത് കഴുതയെ മോഷ്ടിച്ചതാണെന്നാണ്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത എന്ന കുറ്റവും ചുമത്തി. ബല്‍മൂറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നിരവധി കോൺ​ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. അധികാരം തലയ്ക്കുപിടിച്ച മുഖ്യമന്ത്രി ഇത്തരം നടപടികളെടുക്കുകയാണ്. തൊഴിലില്ലായ്മയെ കുറിച്ച് പറയുമ്പോള്‍ എന്തിനാണ് കുപിതനാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രേവന്ത് റെഡ്ഡി ചോദിക്കുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News