വാക്സിന്‍ ക്ഷാമമില്ല, 84 ദിവസത്തെ ഇടവേള ഫലപ്രാപ്തിക്ക് വേണ്ടി; കേന്ദ്രം ഹൈക്കോടതിയില്‍

അതേസമയം കോവിഡ് മൂന്നാം ഡോസ് വാക്സിൻ നല്‍കാന്‍ വ്യവസ്ഥയില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

Update: 2021-08-26 10:09 GMT
Advertising

രാജ്യത്ത് കോവിഡ് വാക്സിന് ക്ഷാമമില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍. കോവിഡ് രണ്ടാം ഡോസ് വാക്സിനെടുക്കുന്നതിനുള്ള ഇടവേള 84 ദിവസമാക്കിയത് ഫലപ്രാപ്തിക്ക് വേണ്ടിയെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം കോവിഡ് മൂന്നാം ഡോസ് വാക്സിൻ നല്‍കാന്‍ വ്യവസ്ഥയില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

84 ദിവസത്തിനു മുമ്പ് രണ്ടാം ഡോസ് വാക്സിനെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റെക്സ് സമർപ്പിച്ച ഹരജിയിലാണ് കേന്ദ്രത്തിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നത്. വാക്സിൻ ലഭ്യമാകാത്തതാണോ ഇത്രയും ദിവസത്തെ ഇടവേള നിശ്ചയിക്കാന്‍ കാരണമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇതിനു മറുപടിയായാണ് കേന്ദ്ര സർക്കാരിന്‍റെ സത്യവാങ്മൂലം.

കിറ്റെക്സിലെ തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പിന് അനുമതി നൽകാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകണം എന്നായിരുന്നു കിറ്റെക്സിന്‍റ ഹരജിയിലെ പ്രധാന വാദം. കമ്പനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്സിൻ എടുത്ത് നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ ആരോഗ്യവകുപ്പ് അനുമതി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റെക്സ് കോടതിയെ സമീപിച്ചത്. എന്നാൽ വാക്സിൻ കുത്തിവെപ്പ് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുറപ്പെടുവിക്കുന്നതെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ നിലപാട്. ഇതിന് പിന്നാലെയാണ് ഹരജിയിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. തൊണ്ണൂറ്റി മൂന്ന് ലക്ഷം രൂപ ചിലവിൽ പന്ത്രണ്ടായിരം കോവിഷീൽഡ് വാക്സിൻ വാങ്ങി വെച്ചിട്ടും, കുത്തിവയ്പ്പിന് അനുമതി നൽകാത്തത് നീതി നിഷേധമാണെന്നായിരുന്നു കിറ്റെക്സിന്‍റെ ഹരജിയിലെ വാദം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News