നാശം വിതയ്ക്കാൻ 'അര്‍ണബ്' എത്തുന്നു; ചുഴലിക്കാറ്റ് കര തൊടുക 28ന്, ഒഡിഷയിലും ആന്ധ്രയിലും കനത്ത ജാഗ്രത
ബംഗ്ലാദേശാണ് 'അര്‍ണബ്' എന്ന പേര് നിര്‍ദേശിച്ചത്
ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. മധ്യ ബംഗാള്‍ ഉള്‍ക്കടലിനും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി സ്ഥിതിചെയ്യുന്ന തീവ്രന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി രൂപംകൊള്ളുക. 'അര്‍ണബ്' എന്നാണ് ചുഴലിക്കാറ്റിന് പേര് നല്‍കിയത്. ബംഗ്ലാദേശാണ് പേര് നിര്‍ദേശിച്ചത്. ബംഗാളിയില്‍ സമുദ്രം എന്നാണ് ഇതിന്റെ അര്‍ഥം.
തീവ്രന്യൂനമര്‍ദ്ദം ഇന്നത്തോടെ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറും. ഇത് നാളെ (26) രാവിലെ മധ്യ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും. 27ന് രാവിലെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത.
തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറും. 28ന് രാവിലെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരുകയും ഉച്ചയ്ക്ക് മുമ്പ് ആന്ധ്രാപ്രദേശ്-യാനം തീരങ്ങള്‍ക്കിടയിലൂടെ ബാപട്ലക്കും വിശാഖപട്ടണത്തിനും ഇടയില്‍ തീരം തൊടുകയും ചെയ്യും. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെ പരമാവധി വേഗത്തില്‍ അതിശക്തമായ ചുഴലിക്കാറ്റായാണ് കരയില്‍ പ്രവേശിക്കാന്‍ സാധ്യത.
ഒഡിഷയിലും ആന്ധപ്രദേശിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഒഡിഷയിലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കി. ഇവിടങ്ങളില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അത്യാഹിത സാഹചര്യങ്ങളില്‍ ഇടപെടാനായി 225 സംഘങ്ങളെ തയ്യാറാക്കി. ആന്ധ്രപ്രദേശില്‍ 309 ടീമുകളിലായി നാലായിരത്തിലേറെ ഉദ്യോഗസ്ഥര്‍ സജ്ജമാണ്. ഡിവിഷണല്‍ തല കണ്‍ട്രോള്‍ റൂമുകളും കോര്‍പ്പറേറ്റ് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഈ ദിവസങ്ങളില്‍ കാറ്റ് അനുകൂലമാകുന്നത് മഴ ശക്തമാക്കും.