ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ റേസ് കോഴ്‌സ് പള്ളി ഉടന്‍ പൊളിച്ചുനീക്കുമെന്ന് ഉദ്യോഗസ്ഥരുടെ ഭീഷണി. പള്ളിയില്‍ നിന്ന് ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ലഭിച്ചതായി ഇമാം മുഹമ്മദ് ഹാറൂണ്‍ പറഞ്ഞു. പള്ളിയിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചിരിക്കുകയും, സുരക്ഷാ സേനയെ വിന്യസിച്ച് പ്രവേശനം തടഞ്ഞുവെച്ചിരിക്കുകയാണ് നിലവില്‍. പ്രദേശത്ത് സമീപകാലയളവില്‍ നടന്ന മറ്റ് ഒഴിപ്പിക്കല്‍ നടപടികളില്‍ നിന്നായി ഏകദേശം 700-ലധികം കുടുംബങ്ങള്‍ ഭവനരഹിതരായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പള്ളി അനധികൃത കയ്യേറ്റമല്ലെന്നും, 2021-ലെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നും ഇമാം മുഹമ്മദ് ഹാറൂണ്‍ പറഞ്ഞു. ചരിത്രപ്രസിദ്ധമായ ഈ പള്ളി സംരക്ഷിക്കാന്‍ എല്ലാവരും കൂടെ നില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇന്നലെ ഉച്ചയ്ക്ക് ഏകദേശം രണ്ട് മണിക്ക് ലാന്‍ഡ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓഫീസ് ഉദ്യോഗസ്ഥര്‍ പള്ളിയിലേക്ക് വന്നിരുന്നു. നിങ്ങളുടനെ ഈ സ്ഥലം ഒഴിഞ്ഞുതരണമെന്ന് അവര്‍ പറഞ്ഞു. ഇവിടെയുള്ളതെല്ലാം ഉടന്‍ തന്നെ പൊളിച്ചുനീക്കണമെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കില്‍ ഒരു ദിവസമോ, രണ്ട് ദിവസമോ നാലോ ആറോ ദിവസങ്ങളോ എടുക്കാം, അതില്‍ കൂടുതലൊന്നും തരാന്‍ പറ്റില്ലെന്നും അതിന് ശേഷം ഞങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നാളെ അവര്‍ റോസ് കോഴ്‌സിലെ ബാക്കിയുള്ള ഓഫീസ് ഭാഗം പൊളിച്ചുനീക്കാന്‍ വരുമായിരിക്കും.' ഇമാം വിതുമ്പി.
'രാജ്യത്തെ പൈതൃക പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള പള്ളിയാണിത്. 2021-ല്‍ ഇവിടെ സര്‍വേ നടന്നിരുന്നു. അന്നൊന്നും ഈ പള്ളിയെ കയ്യേറ്റഭൂമിയായി എവിടേയും രേഖപ്പെടുത്തിയിരുന്നില്ല. അന്ന് ഇവിടെയുള്ള 69 വീടുകള്‍ മാത്രമാണ് സാങ്കേതികമായി എന്തെല്ലാമോ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് തരംതിരിച്ചിരുന്നത്. എന്നാലിന്ന്, 700ലധികം കുടുംബങ്ങള്‍ ഭവനരഹിതരായിരിക്കുകയാണ്. ഞങ്ങളുടെ പള്ളി കയ്യേറ്റഭൂമിയില്‍ നിലകൊള്ളുകയാണെന്നാണ് അവര്‍ വാദിക്കുന്നത്'. അദ്ദേഹം വിശദമാക്കി.
'ഇന്ന് ഞങ്ങള്‍ക്ക് ആരുടേയും പിന്തുണയില്ല. എന്റെ കഴിവുവെച്ച് ഞാന്‍ പരമാവധി ശ്രമിച്ചുകഴിഞ്ഞു. ഇപ്പോള്‍ ഞാനും നിസ്സഹായനാണ്. ഇനിയെനിക്ക് ആരുമില്ല. അതുകൊണ്ട്, കരുണയുള്ളവരും നീതിയെ സ്‌നേഹിക്കുന്നവരുമായ എല്ലാ ജനങ്ങളോടും ചരിത്രപ്രസിദ്ധമായ പള്ളിയുടെ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങാന്‍ ഞാന്‍ അപേക്ഷിക്കുകയാണ്'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പള്ളി സ്ഥിതി ചെയ്യുന്നത് കയ്യേറ്റഭൂമിയിലാണെന്ന് ആരോപിച്ച് ഒക്ടോബര്‍ 19-നാണ് അധികൃതര്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നത്. പള്ളി സ്ഥിതി ചെയ്യുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നാണ് ലാന്‍ഡ് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസിന്റെ വാദം. ഇതിനുപുറമെ പള്ളിയുടെ പൈതൃക പദവിയും നിലവില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പൊളിക്കല്‍ ഭീഷണി നേരിടുന്ന പള്ളിയില്‍, വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെ വിശ്വാസികള്‍ വിതുമ്പിക്കരയുന്നതും പ്രാര്‍ത്ഥനകള്‍ നടത്തുന്നതുമായ വീഡിയോകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ആറ് മാസമായി വിഷയം ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തുന്നുണ്ടെങ്കിലും യാതൊരു ഫലവും ഉണ്ടായില്ലെന്നും ഇമാം ഹാറൂണ്‍ ആരോപിച്ചു. വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതിനെതിരെ എന്‍ഡിഎംസിക്ക് കത്തെഴുതിയതല്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ ബോര്‍ഡ് ഫലപ്രദമായ ഇടപടലുകളൊന്നും നടത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന റേസ് കോഴ്‌സ് റോഡിലെ ഉന്നതി നിവാസികളെ ഒഴിപ്പിക്കുന്നതുള്‍പ്പെടെയുള്ള വിപുലമായ ഒഴിപ്പിക്കല്‍ നടപടികളുടെ ഭാഗമായാണ് പള്ളിയും ഒഴിപ്പിക്കുന്നത്. ഉന്നതി നിവാസികളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഒഴിപ്പിക്കപ്പെടുന്ന താമസക്കാരെ 45 കിലോമീറ്റര്‍ അകലെയുള്ള സവ്ദ ഘേവ്‌റ എന്ന പുനരധിവാസ ഉന്നതിയിലേക്ക് മാറ്റുമെന്നും അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിനല്‍കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.