സമ്പന്നനെന്ന വ്യാജേന വലവിരിച്ചു; വനിതാ പൊലീസുകാരിൽനിന്ന് 24 ലക്ഷം തട്ടി, 23കാരൻ അറസ്റ്റിൽ
ഒരേ ബാച്ചിലെ 20ഓളം വനിതാ പൊലീസുകാർ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്
ന്യൂഡൽഹി: നിക്ഷേപത്തിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് വനിതാ പൊലീസുകാരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ 23കാരൻ അറസ്റ്റിൽ. സമ്പന്നനായ ബിസിനസുകാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ യുവതികളുടെ വിശ്വാസം നേടിയെടുത്തതും പണം തട്ടിയെടുത്തതും. ഡൽഹിയിലെ ബുറാരിയിൽനിന്നാണ് വിക്രാന്ത് തോമറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സമാനമായ രീതിയിൽ കൂടുതൽ വനിതാ കോൺസ്റ്റബിൾമാരെ ഇയാൾ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കരോൾ ബാഗ് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന കോൺസ്റ്റബിൾ ശിവാനിയിൽ നിന്ന് ഏകദേശം 24 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഇൻസ്റ്റഗ്രാമിലൂടെയാണ് വിക്രാന്ത് യുവതിയെ ആദ്യം പരിചയപ്പെട്ടത്. ഡൽഹി പൊലീസിൽ സ്പോർട്സ് ക്വാട്ടയിൽ നിയമനം നേടുന്നതുമായി ബന്ധപ്പെട്ട് മാർഗനിർദേശം തേടാനാണെന്നായിരുന്നു ഇയാൾ പറഞ്ഞത്. പിന്നീട് സംഭാഷണം വാട്സ്ആപ്പിലേക്ക് മാറി. ക്രിക്കറ്റ് രംഗത്തെ പ്രമുഖനാണെന്ന് പരിചയപ്പെടുത്തി യുവതിയുടെ വിശ്വാസം നേടിയെടുത്തു.
തുടർന്ന് നിക്ഷേപത്തിന് ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് പണം കൈമാറാൻ പ്രേരിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. യുവതി ആക്സിസ് ബാങ്ക് അക്കൗണ്ടിലെ സമ്പാദ്യം കൈമാറി. 12 ലക്ഷം രൂപ വ്യക്തിഗത വായ്പയെടുക്കുകയും പരിചയക്കാരിൽ നിന്ന് കൂടുതൽ പണം കടം വാങ്ങുകയും ചെയ്തു.
ഇതിൽ ഏകദേശം എട്ട് ലക്ഷം രൂപ വിക്രാന്തിന്റെ നിർദേശപ്രകാരം വാതുവെപ്പ് പ്ലാറ്റ്ഫോമുമായി ബന്ധമുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നേരിട്ട് കണ്ടുമുട്ടിയപ്പോൾ വിക്രാന്ത് ശരീരത്തിൽ തെറ്റായ രീതിയിൽ സ്പർശിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്.
ഇൻസ്റ്റഗ്രാമിൽ ആഡംബര കാറുകളുടെയും വിലകൂടിയ ജീവിതശൈലിയുടെയും വീഡിയോകൾ പങ്കുവെച്ചാണ് വിക്രാന്ത് സമ്പന്നനെന്ന പ്രതിച്ഛായ സൃഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. ഈ രീതിയിൽ വനിതാ പൊലീസുകാരുടെ വിശ്വാസം നേടിയെടുത്ത ശേഷം വിവിധ കാരണങ്ങൾ പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു.
യുവതികളെ ആകർഷിക്കാൻ എട്ട് മണിക്കൂർ വീതം വിലകൂടിയ കാറുകൾ വാടകയ്ക്കെടുത്തിരുന്നതായും പൊലീസ് വ്യക്തമാക്കി. ഒരേ കാർ ഉപയോഗിച്ച് വ്യത്യസ്ത യുവതികളെ പുറത്തുകൊണ്ടുപോയി ആഡംബര ജീവിതം നയിക്കുന്നയാളാണെന്ന പ്രതീതി സൃഷ്ടിച്ചു. മറ്റൊരു യുവതിയെ പുറത്തുകൊണ്ടുപോകാനുള്ള ചെലവുകൾ ഉൾപ്പെടെയുള്ള കാരണങ്ങൾ പറഞ്ഞ് ഒരു യുവതിയിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
വിക്രാന്തിന്റെ പെൺസുഹൃത്ത് ഡൽഹി പൊലീസിലെ വനിതാ കോൺസ്റ്റബിളാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇവരുടെ ബാച്ചിലെ മറ്റ് വനിതാ പൊലീസുകാരെ തിരിച്ചറിയാനും സമീപിക്കാനും ഇയാൾ വിവരങ്ങൾ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ സംശയം.
ഒരേ ബാച്ചിലെ 20ഓളം വനിതാ പൊലീസുകാർ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇരകളുടെ കൃത്യമായ എണ്ണവും തട്ടിയെടുത്ത ആകെ തുകയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ പരാതിക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അതേസമയം, വിക്രാന്തിനെതിരെ ഡൽഹിയിൽ നേരത്തേ അഞ്ച് തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മായാപുരി, ഹരിനഗർ, ഇന്ദ്രപുരി പൊലീസ് സ്റ്റേഷനുകളിലും ഈസ്റ്റ് ഡിസ്ട്രിക്ട് സൈബർ പൊലീസ് സ്റ്റേഷനിലുമാണ് കേസുകളുള്ളത്. ജൂണിൽ ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയതായും പൊലീസ് വ്യക്തമാക്കി.