സ്കൂളിനുള്ളിൽ 12-ാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; തീകൊളുത്തിയതെന്ന് സംശയം
പ്രാഥമിക അന്വേഷണത്തിൽ വിദ്യാർത്ഥിനിയുടെ സ്കൂൾ ബാഗിൽ നിന്ന് മൂന്ന് പേജുള്ള കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്
ന്യൂഡൽഹി: ഡൽഹി ഷഹ്‌ദ്ര ജില്ലയിലെ കൃഷ്ണ നഗർ പ്രദേശത്തുള്ള ഒരു സ്കൂളിനുള്ളിൽ 17 കാരിയായ പ്ലസ് ടൂ വിദ്യാർത്ഥിനി തീകൊളുത്തി മരിച്ചു. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സർവോദയ കന്യാ വിദ്യാലയത്തിന്റെ ഗാർഡ് റൂമിന് പിന്നിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിലാണ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.
പെട്രോളിന് സമാനമായ വസ്തു ശരീരത്തിൽ ഒഴിച്ച് വിദ്യാർത്ഥിനി സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മരണത്തിനുള്ള യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.പ്രാഥമിക അന്വേഷണത്തിൽ വിദ്യാർത്ഥിനിയുടെ സ്കൂൾ ബാഗിൽ നിന്ന് മൂന്ന് പേജുള്ള കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ബാഗിൽ നിന്ന് ചില സംശയാസ്പദമായ വസ്തുക്കളും കണ്ടെത്തിയതായി അധ്യാപകർ പറയുന്നു.
പെൺകുട്ടി സന്തോഷത്തോടെ ചിരിച്ചുകൊണ്ടാണ് സ്കൂളിലേക്ക് പോയതെന്ന് അവളുടെ സഹോദരി പറഞ്ഞു. "എന്തുപറ്റി എന്നെനിക്കറിയില്ല. ഉച്ചയ്ക്ക് 1:40 ഓടെയാണ് സ്കൂളിൽ നിന്ന് ഞങ്ങളെ വിളിക്കുന്നത്," സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.സ്ഥലം പരിശോധിച്ച് തെളിവുകൾ ശേഖരിക്കുന്നതിനായി ക്രൈം ടീമിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് പൊലീസ് അന്വേഷിച്ചുവരികയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.