500 കോടിയുടെ കോഴ ആരോപണം; ബിജെപി - ഷിൻഡെ സഖ്യത്തിൽ വീണ്ടും വിള്ളൽ: മഹാരാഷ്ട്ര രാഷ്ട്രീയം പുകയുന്നു

ക്ലിപ്പ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തിയെങ്കിലും ഷിന്‍ഡെ ശിവസേന നേതാക്കള്‍ തൃപ്തരല്ല

Update: 2026-10-25 07:35 GMT

മുംബൈ: മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡെയുടെ ശിവസേനയും ബിജെപിയും തമ്മിലുള്ള ഭരണസഖ്യത്തില്‍ കുഴപ്പങ്ങളൊന്നും ഇല്ലെന്ന് പുറമേക്ക് അവകാശപ്പെടുമ്പോഴും കാര്യങ്ങള്‍ മികച്ച രീതിയിലല്ലെന്ന് റിപ്പോര്‍ട്ട്. മറാത്ത സംവരണ പ്രക്ഷോഭകൻ മനോജ് ജരാങ്കെ-പാട്ടീലുമായി ബന്ധപ്പെട്ട് പുറത്തുവന്ന 500 കോടി രൂപയുടെ ആരോപണവും ഇതുസംബന്ധിച്ച ഓഡിയോ ക്ലിപ്പുമാണ്  സഖ്യത്തിൽ പുതിയ പോരിന് വഴിവെച്ചിരിക്കുന്നത്. 

2024ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മറാത്ത സംവരണ പ്രക്ഷോഭത്തെ ദുർബലപ്പെടുത്താൻ ബിജെപിയില്‍ നിന്ന് മനോജ് ജരാങ്കെ-പാട്ടീലിന് 500 കോടി രൂപ കൊടുത്തുവെന്ന ആരോപണമാണ് വിവാദത്തിന് കാരണം. ഏകനാഥ് ഷിൻഡെയുടെ മകനും ശിവസേന എംപിയുമായ ശ്രീകാന്ത് ഷിൻഡെ വഴിയാണ് ബിജെപി ഈ തുക കൈമാറിയതെന്നാണ്  ഓഡിയോ ക്ലിപ്പില്‍ പറയുന്നത്. ക്ലിപ്പ് ജരാങ്കെ-പാട്ടീലാണ് പുറത്തുവിട്ടത്. പണം ലഭിച്ചില്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നുമാണ് പാട്ടീല്‍ ആവശ്യപ്പെടുന്നത്. 

Advertising
Advertising

ആരോപണങ്ങൾ പൂർണ്ണമായും തള്ളി ഉപമുഖ്യമന്ത്രി ഷിൻഡെയും മുഖ്യമന്ത്രി ഫഡ്നാവിസും രംഗത്ത് എത്തി. രണ്ടര വർഷത്തിനു ശേഷം ഈ ഓഡിയോ ഇപ്പോൾ പുറത്തുവന്നതിൽ സംശയമുണ്ടെന്നായിരുന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രതികരണം. എന്നാല്‍ ഷിന്‍ഡെ വിഭാഗം ശിവസേന ബിജെപിയുടെയും മുഖ്യമന്ത്രിയുടെയും പ്രതികരണത്തില്‍ തൃപ്തരല്ല. ബിജെപിക്കുള്ളിലെ ചില ശക്തികൾ ഏകനാഥ് ഷിൻഡെയെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുകയാണെന്ന് ശിവസേന മുതിർന്ന നേതാവ് രാംദാസ് കദം തുറന്നടിച്ചു. ഷിൻഡെയുടെ വളർച്ചയിൽ ബിജെപിക്ക് ആശങ്കയുണ്ടോ എന്നും അദ്ദേഹം ചോദിക്കുകയും ചെയ്തു. 

ബിജെപി ഇതിന് മറുപടിയുമായി രംഗത്ത് എത്തിയത് സ്ഥിതി വഷളാക്കി. തെളിവുകളില്ലാതെ തങ്ങളുടെ നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള നീക്കങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നാണ് ബിജെപി എംഎൽസി പ്രവീൺ ധരേക്കർ മുന്നറിയിപ്പ് നൽകിയത്. 2029ലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടി ഏകനാഥ് ഷിൻഡെയെ വീണ്ടും മുഖ്യമന്ത്രിയാക്കുമെന്ന പ്രഖ്യാപനം ശിവസേന മന്ത്രിമാരായ പ്രതാപ് സർനായികും ഗുലാബ്‌റാവു പാട്ടീലും നടത്തിയതിന് പിന്നാലെയാണ് കോഴ ആരോപണം വരുന്നത് എന്നതും ശ്രദ്ധേയമാണ്. ഷിന്‍ഡെ വിഭാഗം മന്ത്രിമാരുടെ പരസ്യപ്രതികരണത്തില്‍ ബിജെപി നേതൃത്വം അസ്വസ്ഥരായിരുന്നു. 

ബിജെപിയുടെ തണലിൽ മാത്രം നിൽക്കുന്ന പാർട്ടിയല്ല ശിവസേന എന്ന് തെളിയിക്കാന്‍ ഷിൻഡെ വിഭാഗം നിരന്തരം ശ്രമിക്കുമ്പോൾ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഷിൻഡെയ്ക്ക് എത്രത്തോളം  ഇടം നൽകണം എന്ന ആലോചനയിലേക്ക് ബിജെപി കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News