'കന്നഡ അറിയില്ലേ? എങ്കില്‍ സംശയിക്കേണ്ടിവരും': വിമാനത്താവളത്തില്‍ അപമാനിക്കപ്പെട്ടെന്ന് നടന്‍

'പ്രാദേശിക ഭാഷ പഠിക്കാൻ പ്രോത്സാഹിപ്പിക്കണം. പക്ഷേ അത് അറിയാത്തതിന്‍റെ പേരിൽ ആരെയും താഴ്ത്തിക്കെട്ടരുത്'

Update: 2023-03-16 06:24 GMT

 Salman Yusuff Khan

Advertising

ബെംഗളൂരു: കന്നഡ അറിയാത്തതിന്റെ പേരില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ തന്നെ അപമാനിച്ചെന്ന ആരോപണവുമായി നര്‍ത്തകനും നടനും കോറിയോഗ്രാഫറുമായ സല്‍മാന്‍ യൂസഫ് ഖാന്‍. ബെംഗളൂരുവില്‍ ജനിച്ചിട്ടും കന്നഡ അറിയില്ലേ എന്ന് ചോദിച്ച ഇമിഗ്രേഷന്‍ ഓഫീസര്‍, കന്നഡ അറിയില്ലെങ്കില്‍ സംശയിക്കേണ്ടി വരുമെന്ന് പറഞ്ഞെന്നും സല്‍മാന്‍ യൂസഫ് പറഞ്ഞു.

ദുബൈയിലേക്ക് പോകാന്‍ കെമ്പെഗൗഡ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു സല്‍മാന്‍ യൂസഫ്. സംഭവത്തെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ- "ദുബൈയിലേക്കുള്ള യാത്രാമധ്യേ, കന്നഡ സംസാരിക്കുന്ന ഇമിഗ്രേഷൻ ഓഫീസറെ കണ്ടുമുട്ടി. ഞാന്‍ എനിക്കറിയും പോലെ കന്നഡയില്‍ അയാളോട് സംസാരിക്കാന്‍ ശ്രമിച്ചു. എനിക്ക് കന്നഡ കേട്ടാല്‍ മനസ്സിലാകും. പക്ഷേ അത്ര ഒഴുക്കോടെ സംസാരിക്കാൻ കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു. എന്‍റെ പാസ്‌പോർട്ട് നോക്കിയിട്ട് പേരും ജന്മസ്ഥലവും പിതാവിന്‍റെ പേരും ജന്മസ്ഥലവും ചൂണ്ടിക്കാണിച്ചു. നീയും നിന്‍റെ പിതാവും ബെംഗളൂരുവില്‍ ജനിച്ചിട്ടും കന്നഡ സംസാരിക്കാന്‍ അറിയില്ലേയെന്ന് ചോദിച്ചു. ബെംഗളൂരുവില്‍ ജനിച്ചുവീണത് ഭാഷയുമായിട്ടല്ലെന്ന് ഞാന്‍ പറഞ്ഞു. സൗദിയിലാണ് ഞാന്‍ വളര്‍ന്നത്. സ്‌കൂൾ പഠനകാലത്ത് ഞാന്‍ ഇന്ത്യയിലുണ്ടായിരുന്നില്ലെന്ന് പറഞ്ഞു. ഉടനെ കന്നട അറിയില്ലെങ്കില്‍ നിന്നെ സംശയിക്കേണ്ടിയിരിക്കുന്നു എന്നുവരെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എനിക്ക് ഔദ്യോഗിക ഭാഷയായ ഹിന്ദി അറിയാമെന്നും എന്‍റെ മാതൃഭാഷ ഹിന്ദിയാണെന്നും പിന്നെ എന്തിന് കന്നഡ അറിയണമെന്നും ഞാന്‍ ചോദിച്ചു. എന്നെ എന്തു കാര്യത്തിലാണ് സംശയിക്കുന്നതെന്നും ഞാന്‍ ചോദിച്ചു. എന്തുകാര്യത്തിലും സംശയിക്കാമെന്ന് മറുപടി കിട്ടി. ശ്രമിച്ചുനോക്കൂ എന്ന് ഉറക്കെ മൂന്നു തവണ ഞാന്‍ പറഞ്ഞു. ഇതോടെ അദ്ദേഹം മൗനം പാലിച്ചു. നിങ്ങളെപ്പോലുള്ള വിദ്യാഭ്യാസമില്ലാത്തവർ ഈ നാട്ടിൽ ജീവിച്ചാൽ ഈ രാജ്യം ഒരിക്കലും വികസിക്കില്ലെന്ന് ഞാൻ പറഞ്ഞു. അയാള്‍ തല താഴ്ത്തിയിരുന്ന് എന്തൊക്കെയോ പിറുപിറുത്തു. വിമാനത്താവള അധികൃതരെ ഈ സംഭവം അറിയിക്കാന്‍ ശ്രമിച്ചു. പക്ഷേ ആരും സഹായിച്ചില്ല. എന്റെ നഗരത്തെ പ്രതിനിധീകരിച്ച് അംഗീകാരങ്ങള്‍ നേടുമ്പോള്‍ എനിക്ക് ഇതാണ് ലഭിക്കുന്നത്. വിദ്യാഭ്യാസമില്ലാത്തവര്‍ക്കു മുന്നില്‍ എനിക്ക് തെളിയിക്കേണ്ടിവരുന്നു.

ഞാൻ ബെംഗളൂരുവില്‍ ജനിച്ചതില്‍ അഭിമാനിക്കുന്നു. എന്നാൽ ഇന്ന് ഞാൻ അഭിമുഖീകരിച്ചത് അസ്വീകാര്യമാണ്. ആളുകളെ പ്രാദേശിക ഭാഷ പഠിക്കാൻ പ്രോത്സാഹിപ്പിക്കണം. പക്ഷേ അത് അറിയാത്തതിന്‍റെ പേരിൽ അവരെ താഴ്ത്തിക്കെട്ടുകയോ മാതാപിതാക്കളുടെ പേര് അതിലേക്ക് വലിച്ചിടുകയോ ചെയ്യരുത്"- സല്‍മാന്‍ യൂസഫ് ഖാന്‍ ഇന‍്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ നിരവധി പേര്‍ സല്‍മാന് പിന്തുണയുമായെത്തി. അതേസമയം ചിലര്‍ ഹിന്ദിയെ കുറിച്ചുള്ള സല്‍മാന്‍റെ പരാമര്‍ശത്തെ വിമര്‍ശിച്ചു. എല്ലാ ഇന്ത്യക്കാരുടെയും മാതൃഭാഷ ഹിന്ദി അല്ലെന്നും രാജ്യത്തെ 22 ഭാഷകളില്‍ ഒന്നുമാത്രമാണ് ഹിന്ദിയെന്നും ചിലര്‍ ഓര്‍മിപ്പിച്ചു.


Summary- Dancer, actor and choreographer Salman Yusuff Khan alleged that he was harassed by an immigration officer at the Bengluru International Airport for 'not knowing the Kannada language despite being born in the city.





Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News