രാജിക്കൊരുങ്ങി; യുപി മന്ത്രിയെ അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ച് അമിത് ഷാ

തൊഴിൽമന്ത്രി സ്വാമി പ്രസാദ് മൗര്യയാണ് ബിജെപി നേതൃത്വത്തിൽ വൻ ഞെട്ടലുണ്ടാക്കി ആദ്യമായി രാജി പ്രഖ്യാപിച്ചത്.

Update: 2022-01-12 08:43 GMT
Editor : abs | By : Web Desk

ലഖ്‌നൗ: ബിജെപി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ യുപി മന്ത്രി ദാരാ സിങ് ചൗഹാനെ അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ച് അമിത് ഷാ. തലസ്ഥാനത്ത് മുതിർന്ന നേതാക്കൾ ചൗഹാനുമായി ചർച്ച നടത്തുമെന്ന് എ.ബി.പി ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇദ്ദേഹത്തെ ഡല്‍ഹിയിലെത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മധുഭൻ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ ഇദ്ദേഹം നേരത്തെ ബി.എസ്.പി അംഗമായിരുന്നു. 2015ലാണ് ബിജെപിയിൽ അംഗത്വമെടുത്തത്. 

കഴിഞ്ഞ ദിവസം മന്ത്രിസഭയിലെ മുതിർന്ന അംഗം സ്വാമി പ്രസാദ് മൗര്യയും നാലു എംഎൽഎമാരും ബിജെപിയിൽ നിന്ന് രാജിവച്ച് സമാജ് വാദി പാർട്ടിയിൽ ചേർന്നിരുന്നു. ബിജെപിക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു ഇവരുടെ രാജി.

Advertising
Advertising

തൊഴിൽമന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയാണ് ബിജെപി നേതൃത്വത്തിൽ വൻ ഞെട്ടലുണ്ടാക്കി ആദ്യമായി രാജി പ്രഖ്യാപിച്ചത്. പിന്നാക്ക വിഭാഗക്കാരിൽ വലിയ സ്വാധീനമുള്ള നേതാവാണ് സ്വാമി പ്രസാദ് മൗര്യ. ബിജെപി വിട്ടതിനു പിറകെ അഖിലേഷ് യാദവിൽനിന്ന് നേരിട്ട് സമാജ് വാദി പാർട്ടി അംഗത്വം സ്വീകരിക്കുകയും ചെയ്തു.

കൂടുതൽ എംഎൽഎമാരും മന്ത്രിമാരും തനിക്കു പിന്നാലെ വരുമെന്ന് മൗര്യ വെളിപ്പെടുത്തിയിരുന്നു. ഇതിനു ഏതാനും മണിക്കൂറുകൾക്കുശേഷമാണ് നാല് എംഎൽഎമാർ കൂടി രാജിവച്ചു പുറത്തുപോയത്. റോഷൻ ലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗർ, വിനയ് ശാഖ്യ എന്നിവരാണ് പാർട്ടി വിട്ടത്.

പൂര്‍വാഞ്ചലിലെ ഏറ്റവും സ്വാധീനമുള്ള ഒബിസി നേതാക്കളിലൊരാളാണ് സ്വാമി പ്രസാദ് മൗര്യ. 2016ൽ ബഹുജൻ സമാജ് പാർട്ടിയിൽനിന്ന് കൂടുമാറിയാണ് ബിജെപിയിലെത്തുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ഒബിസി വോട്ട് ബിജെപിയിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ്. എസ്പിയുടെ പിന്നാക്ക വോട്ട്ബാങ്ക് പിളർത്താനുള്ള പ്രധാന ചുമതലയും അദ്ദേഹത്തിനായിരുന്നു.  

കനത്ത പോരാട്ടം നടക്കുന്ന യുപിയിൽ തുടർച്ചയായ രണ്ടാം തവണയും യോഗി ആദിത്യനാഥ് അധികാരത്തിലെത്തുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റു നോക്കുന്നത്. ഫെബ്രുവരി 10നാണ് സംസ്ഥാനത്തെ ആദ്യഘട്ട വോട്ടെടുപ്പ്. ഫെബ്രുവരി 14ന് രണ്ടാം ഘട്ടം. 20ന് മൂന്നാം ഘട്ടവും 23ന് നാലാം ഘട്ടവും. ഫെബ്രുവരി 27, മാർച്ച് 3,7 തിയ്യതികളിലാണ് മറ്റു ഘട്ടങ്ങൾ. വോട്ടെണ്ണൽ മാർച്ച് പത്തിന്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News