ലാലുവിന് മകള്‍ രോഹിണി വൃക്ക നല്‍കും; ചികിത്സക്കായി ഉടന്‍ സിംഗപ്പൂരിലേക്ക്

പിതാവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് സിംഗപ്പൂരില്‍ താമസിക്കുന്ന മകള്‍ പറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു

Update: 2022-11-10 06:09 GMT
Editor : Jaisy Thomas | By : Web Desk
Advertising

പാറ്റ്ന: കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വൃക്ക സംബന്ധമായ അസുഖങ്ങളും രോഗങ്ങളും കൊണ്ടു ബുദ്ധിമുട്ടുന്ന ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് മകള്‍ രോഹിണി ആചാര്യ വൃക്ക ദാനം ചെയ്യും. പിതാവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് സിംഗപ്പൂരില്‍ താമസിക്കുന്ന മകള്‍ പറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ഒക്ടോബറില്‍ സിംഗപ്പൂര്‍ സന്ദര്‍ശനത്തിനിടെ വൃക്ക മാറ്റിവയ്ക്കാന്‍ സിംഗപ്പൂരിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് രോഹിണി തന്‍റെ വൃക്കകളിലൊന്ന് ലാലുവിന് നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. രോഹിണി വൃക്ക ദാനം ചെയ്യുന്നതിനെ ലാലു പ്രസാദ് ആദ്യം എതിര്‍ത്തെങ്കിലും കുടുംബാംഗങ്ങളുടെ സമ്മര്‍ദ്ദത്തിനും ശസ്ത്രക്രിയയുടെ വിജയശതമാനവും കണക്കിലെടുത്ത് മകളുടെ തീരുമാനത്തിന് ലാലു വഴങ്ങിയതെന്നാണ് വിവരം. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ നവംബര്‍ 20നും 24നും ഇടയില്‍ ലാലു വീണ്ടും സിംഗപ്പൂരിലേക്ക് പറക്കുമെന്നാണ് റിപ്പോര്‍ട്ട്.  ലാലുവിന്‍റെ രണ്ടാമത്തെ മകളായ രോഹിണി പിതാവിന്‍റെ വൃക്കസംബന്ധമായ അസുഖങ്ങളെക്കുറിച്ച് വളരെയധികം ആശങ്കാകുലയായിരുന്നു. മകളുടെ ഉപദേശ പ്രകാരമായിരുന്നു വൃക്ക മാറ്റിവയ്ക്കല്‍ ഉപദേശിച്ച ഡോക്ടര്‍മാരുടെ സംഘത്തെ ലാലു കണ്ടിരുന്നത്.

വൃക്ക തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന ലാലുവിന് വൃക്ക മാറ്റിവയ്ക്കാന്‍ എയിംസിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നില്ല. എന്നാല്‍, സിംഗപ്പൂര്‍ സന്ദര്‍ശന വേളയില്‍ അവിടെയുള്ള ഡോക്ടര്‍മാര്‍ വൃക്ക മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സിംഗപ്പൂരിലാണ് രോഹിണി താമസിക്കുന്നതെങ്കിലും, ബിഹാറിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും തന്‍റെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News