ആംബുലൻസ് ഗട്ടറിൽ വീണു, 'മൃതദേഹത്തിന്‍റെ' കൈ അനങ്ങി; മരിച്ചെന്ന് വിധിയെഴുതിയാൾക്ക് 'പുനർജന്മം'

ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്നാണ് 80 കാരന്‍ 'മരിച്ചത്' എന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചത്

Update: 2024-01-13 04:13 GMT
Editor : Lissy P | By : Web Desk
Advertising

ചണ്ഡീഗഢ്: റോഡിലെ കുഴികൾ യാത്രക്കാർക്ക് എന്നും ഒരു തലവേദയാണ്. റോഡിലെ കുഴികളിൽ വീണ് ദിവസവും എത്രയോ അപകടങ്ങൾ സംഭവിക്കാറുണ്ട്. മരണത്തിനും ഗുരുതര പരിക്കുകൾക്കും വരെ ഇത്തരം അപകടങ്ങൾ കാരണമാകാറുണ്ട്. എന്നാൽ ഹരിയാനയിലെ ഒരു 80 കാരന് റോഡിലെ കുഴി കാരണം കിട്ടിയത് സ്വന്തം ജീവൻ തന്നെയാണ്... മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ വയോധികനാണ് റോഡിലെ കുഴിയിൽ വീണതിനെത്തുടർന്ന് പുനർജന്മം കിട്ടിയിരിക്കുന്നത്.

ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദർശൻ സിങ് ബ്രാർ. എന്നാൽ ഇദ്ദേഹം മരിച്ചെന്ന് ഡോക്ടർമാർ വീട്ടുകാരെ അറിയിച്ചു. മൃതദേഹം ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അദ്ദേഹം മരിച്ചിട്ടില്ലെന്ന സത്യം വീട്ടുകാർ മനസിലാക്കിയത്. പട്യാലയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള കർണലിനടത്തുള്ള നിസിംഗിലെ വീട്ടിലേക്കായിരുന്നു 'മൃതദേഹം' കൊണ്ടുപോയത്. വീട്ടിലാകട്ടെ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു.

ആംബുലൻസ് ഹരിയാനയിലെ കൈതാളിലെ ധാന്ദ് ഗ്രാമത്തിന് സമീപം എത്തിയപ്പോൾ റോഡിലെ ഗട്ടറിൽ വീണു. ഈ സമയം ദർശൻ സിങ് ബ്രാറിന്റെ കൈ അനങ്ങിയതായി ആംബുലൻസിലുണ്ടായിരുന്ന ചെറുമകന്‍റെ ശ്രദ്ധയിൽപ്പെട്ടു. നോക്കിയപ്പോൾ ഹൃദയമിടിപ്പും അനുഭവപ്പെട്ടു. ഉടൻ ആംബുലൻസ് ഡ്രൈവറോട് തൊട്ടടുത്ത ആശുപത്രിയിലേക്ക് പോകാൻ ബന്ധുക്കൾ ആവശ്യപ്പെട്ടു.ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ മരിച്ചെന്ന് കരുതിയയാൾക്ക് ജീവനുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. അദ്ദേഹം ഇപ്പോൾ കർണാലിലെ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ആരോഗ്യനില ഗുരുതരമാണെന്നും അണുബാധ കാരണം ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ദർശൻ സിങ് വേഗത്തിൽ സുഖം പ്രാപിച്ച് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം മുഴുവനും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News