ഡൽഹി സർവകലാശാലയിൽ അഡ്മിഷൻ ലഭിച്ചവരിൽ ഭൂരിഭാഗവും സി.ബി.എസ്.ഇ വിദ്യാർത്ഥികൾ

കേരള ബോർഡിൽ നിന്ന് 2365 പേർക്ക് മാത്രമാണ് ഈ വര്‍ഷം അഡ്മിഷന്‍ ലഭിച്ചത്

Update: 2021-10-08 04:43 GMT

ഈ വർഷം ഡൽഹി സർവകലാശാലയിൽ അഡ്മിഷൻ ലഭിച്ചവരിൽ ഭൂരിഭാഗവും സി.ബി.എസ്.ഇ വിദ്യാർത്ഥികൾ. 31172  സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം ഡൽഹി സർവകലാശാലയിൽ  അഡ്മിഷൻ നേടിയത്. കേരള ബോർഡിൽ നിന്ന് 2365 പേർക്ക് മാത്രമാണ് അഡ്മിഷന്‍ ലഭിച്ചത്. മെറിറ്റ് മാനദണ്ഡമാക്കിയാണ് പ്രവേശനം നടത്തിയത് എന്ന് യൂനിവേഴ്‌സിറ്റി അറിയിച്ചു.

മലയാളി വിദ്യാര്‍ഥികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ടെന്നാണ് പ്രൊഫസര്‍ രാകേഷ് കുമാര്‍പാണ്ഡെ ആരോപിച്ചത്. ഈ വിവാദങ്ങള്‍ വലിയ ചര്‍‌ച്ചയായതോടെയാണ് യൂനിവേഴ്സിറ്റി കണക്കുകളുമായി രംഗത്ത് വന്നത്

Advertising
Advertising

ഡല്‍ഹി സര്‍വകലാശാലയിലെ പ്രവേശന നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ കട്ട് ഓഫ് പുറത്തുവന്നപ്പോള്‍ തന്നെ നിരവധി മലയാളി വിദ്യാര്‍ഥികള്‍ ഇവിടെ പ്രവേശനം നേടിയിരുന്നു. ഇതാണ് പ്രൊഫസറെ ചൊടിപ്പിച്ചത്. കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതുപോലെ മാര്‍ക്ക് ജിഹാദുമുണ്ട്. ഇത്രയധികം വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പ്രവേശനം എടുത്തിരിക്കുന്നത് വലിയൊരു വിഭാഗത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്നും രാകേഷ് കുമാര്‍പാണ്ഡെ ആരോപിക്കുന്നു. ഇടതുപക്ഷം ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ പരീക്ഷിച്ച അതേ നടപടിയാണ് ഡല്‍ഹി സര്‍വകലാശാലയിലും നടാപ്പാക്കുന്നതെന്നും കുമാര്‍പാണ്ഡെ പറഞ്ഞു.

ഓണ്‍ലൈന്‍ പരീക്ഷയായതിനാല്‍ കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് 100 ശതമാനം മാര്‍ക്ക് കിട്ടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ അതിനുമുമ്പുള്ള സാഹചര്യങ്ങളിലും മലയാളി വിദ്യാര്‍ഥികള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ 100 ശതമാനം മാര്‍ക്ക് നേടുന്നത് ഇത്തരത്തിലുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നാണെന്നാണ് രാകേഷ് കുമാര്‍ ആരോപിച്ചത്. കേരളത്തില്‍ മാര്‍ക്ക് ജിഹാദ് എന്ന തലക്കെട്ടാണ് പ്രൊഫസര്‍ ഇതിനായി സാമൂഹ്യ മാധ്യമങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെ വിദ്യാര്‍ഥികളും അധ്യാപകരും ഇടതുപക്ഷ സംഘടനകളും ഇപ്പോള്‍ രംഗത്തു വന്നിട്ടുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News