മത്സരിക്കുന്നത് തോല്‍ക്കാന്‍ മാത്രം; 239-ാം തവണയും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്മരാജൻ

അവസാന ശ്വാസം വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് 65 കാരനായ പത്മരാജൻ പറഞ്ഞു

Update: 2024-03-28 10:47 GMT
Editor : Lissy P | By : Web Desk
Advertising

മേട്ടൂർ: തെരഞ്ഞെടുപ്പാകുമ്പോൾ തോൽവിയും വിജയവുമെല്ലാം സാധാരണമാണ്. ചിലരാകട്ടെ മൂന്നും നാലും തവണയൊക്കെ മത്സരിച്ചെങ്കിലും തോൽവി മാത്രമായിരിക്കും ഫലം. എന്നാൽ മത്സരിച്ച 238 തവണയും പരാജയപ്പെടുകയാണെങ്കിലോ...തോൽവിയിലും ഹരം കണ്ടെത്തി വീണ്ടും തെരഞ്ഞെടുപ്പിന് മത്സരിക്കാനിരിക്കുകയാണ് തമിഴ്‌നാട് മേട്ടൂർ സ്വദേശിയായ കെ.പത്മരാജൻ.

ഈ തോൽവിയിലുമുണ്ട് സന്തോഷം

1988 ൽ മേട്ടൂരിൽ നിന്നാണ് ടയർ റിപ്പയർ ഷോപ്പ് ഉടമയായ പത്മരാജൻ ആദ്യമായി മത്സരിക്കുന്നത്. പ്രതീക്ഷിച്ചപോലെതന്നെ അസ്സലായി തോറ്റു..എന്നാൽ പത്മരാജനെ സംബന്ധിച്ചിടത്തോളം തോൽവിയിലും സന്തോഷം കണ്ടെത്തും.'ഇലക്ഷൻ കിങ്' എന്ന് അറിയപ്പെടുന്ന പത്മരാജൻ രാജ്യത്തുടനീളം പ്രസിഡന്റ് മുതൽ പ്രാദേശിക തെരഞ്ഞെടുപ്പ് വരെയുള്ളവയിൽ മത്സരിച്ചിട്ടുണ്ട്. 65 കാരനായ കെ.പത്മരാജൻ ഇതുവരെ 238 തവണയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. എല്ലാ തവണയും തോൽക്കുകയും ചെയ്തു.  ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിൽ നിന്നാണ് മത്സരിക്കാനൊരുങ്ങുന്നത്.

എതിർസ്ഥാനാർഥികൾ ചില്ലറക്കാരല്ല

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രിമാരായ അടൽ ബിഹാരി വാജ്പേയി, മൻമോഹൻ സിംഗ്, കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരോടും മത്സരിച്ചിട്ടുണ്ട്.എതിർ സ്ഥാനാർഥി ആരാണെന്നത് കാര്യമാക്കുന്നില്ലെന്ന് പത്മരാജൻ പറയുന്നു. മൂന്ന് പതിറ്റാണ്ടിനിടെ നോമിനേഷൻ തുകയായി നല്ലൊരു തുക തന്നെ ചെലവായിട്ടുണ്ട്. 16 ശതമാനത്തിലകം വോട്ട് ലഭിച്ചില്ലെങ്കിൽ കെട്ടിവെച്ച കാശും നഷ്ടമാകും.

തോറ്റ് തോറ്റ് റെക്കോർഡും

തോൽവി കൊണ്ട് എന്ത് നേട്ടമുണ്ടാക്കിയെന്ന് ചോദിച്ചാൽ പത്മരാജന് അതിനും ഉത്തരമുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ പരാജയപ്പെട്ട സ്ഥാനാർഥിയെന്ന ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ് കെ.പത്മരാജന് സ്വന്തമാണ്.6,273 വോട്ടുകളാണ് ഇതുവരെ ലഭിച്ചതിൽ ഏറ്റവും മികച്ച പ്രകടനം.2011ൽ മേട്ടൂരിൽ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു ഇത്രയും വോട്ടുകൾ നേടിയത്. അന്ന് വിജയിച്ചയാൾക്ക് കിട്ടിയതാകട്ടെ 75,000-ത്തിലധികം വോട്ടുകളും. ഒരു വോട്ട് പോലും ലഭിക്കില്ലെന്നാണ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആളുകൾ എന്ന അംഗീകരിക്കുന്നുവെന്നാണ് ഇത് തെളിയിച്ചതെന്നും അദ്ദേഹം പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ടയർ റിപ്പയർ ഷോപ്പിന് പുറമേ, പത്മരാജൻ ഹോമിയോപ്പതി ചികിത്സകനും കൂടിയാണ്. ചില പ്രാദേശിക മാധ്യമങ്ങളുടെ എഡിറ്ററായും പ്രവർത്തിക്കുന്നുണ്ട്.

'പരാജയമാണ് ഏറ്റവും നല്ലത്'

ഓരോ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നതിന്റെ നാമനിർദ്ദേശ പത്രികകളുടെയും തിരിച്ചറിയൽ കാർഡുകളുടെയും മറ്റും രേഖകൾ പത്മരാജൻ സൂക്ഷിക്കുന്നുണ്ട്. അവ നശിച്ചുപോകാതിരിക്കാൻ ലാമിനേറ്റും ചെയ്തുവെച്ചിട്ടുണ്ടെന്ന് പത്മരാജൻ പറയുന്നു.

ഒരുകാലത്ത് ആളുകളുടെയെല്ലാം പരിഹാസ കഥാപാത്രമായിരുന്ന പത്മരാജൻ ഇന്ന്, പരാജയത്തിൽ നിന്ന് എങ്ങനെ കരകയറാമെന്നതിനെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധവത്കര ക്ലാസുകൾ എടുക്കുന്നു. 'ഞാൻ വിജയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല - പരാജയമാണ് നല്ലത്, ആ ചിന്താഗതിയോടെ മുന്നോട്ട് പോയാൽ ആർക്കും നമ്മളെ സമ്മർദത്തിലാക്കാൻ സാധിക്കില്ല'..പത്മരാജൻ പറയുന്നു.

രാജ്യത്തെ ഓരോ പൗരനും അവരുടെ വോട്ടവകാശം പ്രധാനമാണെന്ന് പത്മരാജൻ പറഞ്ഞു. അത് ഓരോരുത്തരുടെയും അവകാശമാണ്, അവർ വോട്ട് രേഖപ്പെടുത്തണം, അക്കാര്യത്തിൽ ജയവും തോൽവിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അവസാന ശ്വാസം വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പത്മരാജൻ പറഞ്ഞു,

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News