നരേന്ദ്ര ദാഭോൽക്കർ വധക്കേസ്: രണ്ടുപേർക്ക് ജീവപര്യന്തം, മൂന്നുപേരെ വെറുതെവിട്ടു

യുക്തിവാദി നേതാവായ നരേന്ദ്ര ദാഭോൽക്കർ 2013ൽ പൂനെയിൽ പ്രഭാതനടത്തത്തിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

Update: 2024-05-10 06:47 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: നരേന്ദ്ര ദാഭോൽക്കർ വധക്കേസിൽ രണ്ടു പേർക്ക് ജീവപര്യന്തം തടവുശിക്ഷ. മൂന്നുപേരെ വെറുതെവിട്ടു. പൂനെ സെഷൻസ് കോടതിയുടേതാണ് വിധി. സച്ചിൻ ആന്തുരെ, ശരത് കലാസ്കർ എന്നിവർക്കാണ് ജീവപര്യന്തം തടവുശിക്ഷ. അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം.യുക്തിവാദി നേതാവായ നരേന്ദ്ര ദാഭോൽക്കർ 2013ൽ മഹാരാഷ്ട്രയിലെ പൂനെയിൽ പ്രഭാതനടത്തത്തിനിടെയാണ് കൊല്ലപ്പെട്ടത്. 

ഇഎൻടി സർജൻ ഡോ വീരേന്ദ്രസിങ് തവാഡെ, മുംബൈ ആസ്ഥാനമായുള്ള അഭിഭാഷകൻ സഞ്ജീവ് പുനലേക്കർ, സഹായി വിക്രം ഭാവെ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. യുക്തിവാദിയും അന്ധവിശ്വാസ വിരുദ്ധ സമരസേനാനിയും മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതിയുടെ (മാൻസ്) സ്ഥാപകനുമായ ഡോ. ദാഭോൽക്കർ 67ആം വയസിലാണ് കൊല്ലപ്പെട്ടത്. 

2013 ആഗസ്റ്റ് 20 ന് രാവിലെ പൂനെയിലെ വി.ആർ.ഷിൻഡെ പാലത്തിൽവെച്ച് ബൈക്കിലെത്തിയ രണ്ട് അക്രമികൾ ഇദ്ദേഹത്തെ വെടിവെച്ചുകൊല്ലുകയായിരുന്നു. ആദ്യം പൂനെ സിറ്റി പൊലീസാണ് അന്വേഷിച്ചത്. പിന്നീട് 2014 ജൂൺ മുതൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കേസ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. 

2016 സെപ്റ്റംബറിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഇഎൻടി സർജൻ ഡോ. തവാഡെയും 2019 ഫെബ്രുവരിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ രണ്ട് അക്രമികളായ അന്ദുരെ, കലാസ്കർ, മുംബൈ ആസ്ഥാനമായുള്ള അഭിഭാഷകൻ പുനലേക്കർ എന്നിവരും അതേവർഷം നവംബറിൽ കുറ്റപത്രം സമർപ്പിച്ചതിൽ അദ്ദേഹത്തിൻ്റെ സഹായി ഭാവെ എന്നിവരെയും പ്രതിചേർത്തിരുന്നു. 

സനാതൻ സൻസ്ത എന്ന തീവ്ര സംഘടനയുമായി ബന്ധമുള്ളവരാണ് എല്ലാ പ്രതികളുമെന്ന സിബിഐ വ്യക്തമാക്കി. 2018-ൽ, കേസിൽ തീവ്രവാദ വിരുദ്ധ നിയമനിർമ്മാണം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) എന്നിവ ചേർക്കാൻ സിബിഐ നീക്കം നടത്തിയിരുന്നു. 

ഏപ്രിൽ 18ന് കേസിൻ്റെ വാദം കേൾക്കുന്നതിനിടെ, യുഎപിഎ പ്രകാരമുള്ള കേസുകൾക്കായുള്ള പ്രത്യേക കോടതിയുടെ അധ്യക്ഷനായ അഡീഷണൽ സെഷൻസ് ജഡ്ജി പിപി ജാദവ് വെള്ളിയാഴ്ച വിധി പ്രസ്താവിക്കാൻ മാറ്റുകയായിരുന്നു. കേസിൻ്റെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ പ്രകാശ് സൂര്യവൻഷിയും പ്രതികൾക്കുവേണ്ടി പ്രതിഭാഗം അഭിഭാഷകരായ പ്രകാശ് സൽസിങ്കിക്കർ, വീരേന്ദ്ര ഇചൽകരഞ്ജിക്കർ, സുവർണ അവ്ഹദ് വാസ്‌ത് എന്നിവരും  ഹാജരായി. വിചാരണ വേളയിൽ 20 പ്രോസിക്യൂഷൻ സാക്ഷികളും രണ്ട് പ്രതിഭാഗം സാക്ഷികളും കോടതിയിൽ വിസ്തരിച്ചു.

2021 സെപ്തംബർ 15ന് പ്രത്യേക കോടതി അഞ്ച് പ്രതികൾക്കെതിരെ കുറ്റം ചുമത്തി വിചാരണക്ക് തുടക്കം കുറിച്ചു. അഞ്ച് പ്രതികളും തങ്ങൾക്കെതിരെ ചുമത്തിയ കുറ്റം നിഷേധിച്ചിരുന്നു. തവാഡെ, അന്ദുരെ, കലാസ്കർ എന്നിവർ ഇപ്പോൾ ജയിലിൽ കഴിയുകയാണ്. ഭാവേയും പുനലേക്കറും നേരത്തെ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News