ഗുവാഹത്തി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസമില്‍ കോൺഗ്രസും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും തമ്മിലുള്ള പോര് ശക്തമാകുന്നു. ഹിമന്ത ബിശ്വ ശര്‍മ്മയുടെ അഴിമതിയും അധികാര ദുര്‍വിനിയോഗവുമൊക്കെ അടങ്ങിയ വെബ്സൈറ്റ് പുറത്തിറക്കിയാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. ആരാണ് ഹിമന്ത ബിശ്വ ശര്‍മ്മ(Who Is HBS) എന്നാണ് വെബ്സൈറ്റിന്റെ പേര്.
മുഖ്യമന്ത്രിയുടെ കുടുംബം അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. അഴിമതി, അധികാര ദുർവിനിയോഗം, സാംസ്കാരിക നായകരോടുള്ള അനാദരവ് എന്നിവയില്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള ലഘുലേഖയും കോണ്‍ഗ്രസ് പുറത്തിറക്കി. അസമിലുടനീളമുള്ള ഗ്രാമങ്ങളിലും നഗരങ്ങളിലും ലഘുലേഖകള്‍ വിതരണം ചെയ്യുമെന്ന് അസം കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് സമർപ്പിക്കാനാവുമെന്നും, അല്ലെങ്കിൽ ഇത്തരം അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനോ അറിയാനോ ആയി ഒരു പ്രത്യേക നമ്പറിൽ വിളിക്കാമെന്നും ഗൊഗോയ് പറഞ്ഞു.
"ഇതുവരെ ഞങ്ങൾക്ക് ലഭിച്ച വിവരങ്ങളനുസരിച്ച് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ഏകദേശം 12,000 ബിഘ (ഏകദേശം 4,000 ഏക്കർ) ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അവർ എങ്ങനെയാണ് നിയമങ്ങൾ വളച്ചൊടിച്ചതെന്നും കൃഷിഭൂമി വ്യവസായ ഭൂമിയാക്കി മാറ്റിയതെന്നും ഉടൻ വെളിപ്പെടുത്തും. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഭൂമി സ്വന്തമാക്കിയതിനെക്കുറിച്ച് അന്വേഷിക്കുമെന്നും, ആ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതർക്കും പാവപ്പെട്ടവർക്കും വിതരണം ചെയ്യും''- ഗൗരവ് ഗൊഗോയ് പറഞ്ഞു. എന്നാല്‍ ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെ വെബ്‌സൈറ്റ് താത്കാലികമായി പ്രവർത്തനരഹിതമായിട്ടുണ്ട്. കാരണമെന്തെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നില്ല. ഉടനെത്തുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്.
അതേസമയം കോൺഗ്രസിന്റേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും ഇതിനെതിരെ സിവിൽ, ക്രിമിനൽ മാനനഷ്ടക്കേസുകൾ ഫയൽ ചെയ്യുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.