Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
മുംബൈ: വളര്‍ത്തുനായ അയല്‍വാസിയെ കടിച്ച സംഭവത്തില്‍ നായയുടെ ഉടമസ്ഥന് നാല് മാസം കഠിനതടവ് വിധിച്ച് കോടതി. മുംബൈ സ്വദേശി റിഷബ് പട്ടേലിനാണ് കോടതി നാല് മാസം തടവ് ശിക്ഷ വിധിച്ചത്. അപ്പാര്‍ട്ട്‌മെന്റിന്റെ ലിഫ്റ്റില്‍ വെച്ചാണ് ഉടമസ്ഥന്റെ മുന്നില്‍ വെച്ച് നായ അയല്‍വാസിയെ കടിച്ചത്. നാല് മാസത്തെ കഠിനതടവിനൊപ്പം നാലായിരം രൂപ പിഴയും നായയുടെ ഉടമസ്ഥനെതിരെ കോടതി ചുമത്തി.
നായയുടെ ഉടമസ്ഥന്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ജുഡീഷ്യല്‍ മജിസ്ട്രറ്റ് സുഹാസ് ബൊസാലെ പറഞ്ഞു. ''നായയോട് ഉടമസ്ഥന് യൊതൊരു സ്‌നേഹവുമില്ലെന്ന് നായയെ ലിഫ്റ്റിലേക്ക് വലിച്ചിഴച്ചു കയറ്റുന്നതില്‍ നിന്ന് വ്യക്തമാണ്. ആരെയും ഗൗനിക്കാതെ ലിഫ്റ്റിലേക്ക് നായയെ വലിച്ചിഴച്ച് കയറ്റിയതാണ് സംഭവത്തിലേക്ക് നയിച്ചത്,'' സിസിടിവി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ മജിസ്ട്രറ്റ് വ്യക്തമാക്കി. 2018 ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം നടന്നത്.
രമിക് ഷാ എന്ന അപ്പാര്‍ട്‌മെന്റിലെ താമസക്കാരനെയാണ് റിഷബ് പട്ടേലിന്റെ നായ കടിച്ചത്. വീട്ടുജോലിക്കാരനൊപ്പം ഒന്നര വയസുള്ള മകനുമായി അദ്ദേഹം നാലാം നിലയില്‍ നിന്നും താഴേക്ക് ലിഫ്റ്റില്‍ വരികയായിരുന്നു. മൂന്നാം നിലയില്‍ നിന്നാണ് പട്ടേല്‍ നായയേയും കൊണ്ട് ലിഫ്റ്റിലേക്ക് കയറാന്‍ ശ്രമിച്ചത്. തന്റെ കുഞ്ഞിന് നായയെ ഭയമാണെന്ന് രമിക് പട്ടേലിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഗൗനിക്കാതെ അദ്ദേഹം നായയെ ലിഫ്റ്റിലേക്ക് വലിച്ചിഴച്ചു കയറ്റി. ഇതിനിടയിലാണ് നായ രമിക് ഷായുടെ ഇടത് കൈതണ്ടയില്‍ കടിച്ചത്. സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഉടമസ്ഥന്‍ സഹായം നല്‍കുന്നതിന് പകരം വളരെ മോശമായി പെരുമാറുകയും വെല്ലുവിളിക്കുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സ നേടിയ ശേഷമാണ് ഉടമസ്ഥനെതിരെ രമിക് ഷാ പൊലീസില്‍ പരാതി നല്‍കിയത്. ദൃക്‌സാക്ഷികളില്‍ നിന്നും നായയുടെ ഉടമസ്ഥന്‍ കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.