ഡോളി ചായ്‌വാല ഇനി വേറെ ലെവല്‍; ബ്രാന്‍ഡിന് കീഴിലെ ആദ്യ ഫ്രാഞ്ചൈസി നാഗ്പൂരില്‍ തുറന്നു

Update: 2026-01-15 12:51 GMT

ഡോളി ചായ്‌വാല

വ്യത്യസ്തമായി ചായയുണ്ടാക്കി സെലബ്രിറ്റിയായി മാറിയ ആളാണ് 'ഡോളി ചായ്‌വാല' എന്ന പേരില്‍ അറിയപ്പെടുന്ന മഹാരാഷ്ട്രക്കാരന്‍ സുനില്‍ പാട്ടീല്‍. ഡോളി ചായ്‌വാലയുടെ ചായയടി സമൂഹമാധ്യമങ്ങളില്‍ നേരത്തെ തന്നെ വൈറലായതാണ്. 2024ല്‍ ഡോളിയുടെ ചായയും തേടി സാക്ഷാല്‍ ബില്‍ ഗേറ്റ്‌സ് തന്നെ എത്തിയതോടെ പ്രശസ്തി ആഗോളതലത്തിലായി. ഇപ്പോഴിതാ, ചായ ഉണ്ടാക്കിയിരുന്ന പഴയ ഉന്തുവണ്ടിയുടെ സ്ഥാനത്ത് സ്വന്തം പേരിനെ ബ്രാന്‍ഡാക്കി ന്യൂജെന്‍ ചായക്കട തുടങ്ങിയിരിക്കുകയാണ് ഡോളി.

താന്‍ ചായ വിറ്റുനടന്ന നാഗ്പൂരിലാണ് ഡോളി ആദ്യത്തെ ഔട്ട്‌ലെറ്റ് തുടങ്ങിയത്. 'ഡോളി കി തപ്രി' എന്നാണ് പേര്. ഇതൊരു തുടക്കം മാത്രമാണെന്നും പല നഗരങ്ങളിലും ചായക്കട ഉടന്‍ ആരംഭിക്കുമെന്നുമാണ് ഡോളി പറയുന്നത്.

Advertising
Advertising

പ്രത്യേക വേഷവിധാനത്തിലൂടെയും ചടുല വേഗത്തിലുള്ള ചായയുണ്ടാക്കലിലൂടെയുമാണ് ഡോളി ആദ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായത്. നാഗ്പൂരിലെ സദര്‍ ഏരിയായിലുള്ള ഓള്‍ഡ് വി.സി.എം സ്റ്റേഡിയത്തിന് സമീപത്താണ് ഡോളി ആദ്യകാലത്ത് പെട്ടിക്കടയില്‍ ചായ വിറ്റു തുടങ്ങിയത്. 2024 മാര്‍ച്ചിലാണ് ലോക സമ്പന്നപ്പട്ടികയിലെ പ്രമുഖനായ ബില്‍ ഗേറ്റ്‌സ് ഡോളിയുടെ ചായ കുടിച്ചത്. ആനന്ദ് അംബാനിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ബില്‍ ഗേറ്റ്‌സ് ഇന്ത്യയില്‍ എത്തിയപ്പോഴായിരുന്നു ഇത്. ഡോളി ചായ ഉണ്ടാക്കുന്ന സ്‌റ്റൈല്‍ ആസ്വദിച്ച് ഉന്തുവണ്ടിക്കരികില്‍ നില്‍ക്കുന്ന ബില്‍ഗേറ്റ്‌സിന്റെ ദൃശ്യങ്ങള്‍ വൈറലായി. വിഡിയോ ബില്‍ ഗേറ്റ്‌സ് തന്നെ പങ്കുവെച്ചിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ 4.9 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട് ഡോളിക്ക്. യൂട്യൂബിലും ദശലക്ഷങ്ങളാണ് കാഴ്ചക്കാര്‍. സെലബ്രിറ്റി പദവി കിട്ടിയതോടെ ദിവസവും ഉദ്ഘാടനങ്ങളുടെ തിരക്കാണ് ഡോളിക്ക്. ഒരു ഉദ്ഘാടനത്തിന് 10 ലക്ഷം രൂപ വരെയാണ് ഡോളി വാങ്ങുന്നത്രെ. 2025 പകുതിയോടെയാണ് ഡോളി സംരംഭകനാകാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. 'ഡോളി കി താപ്രി'യുടെ ഫ്രാഞ്ചൈസികള്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചപ്പോള്‍ വെറും രണ്ട് ദിവസം കൊണ്ട് 1600 പേരാണ് താല്‍പര്യം അറിയിച്ച് എത്തിയത്. ചെറിയ ചായക്കടകള്‍, ഫ്രാഞ്ചൈസി ഷോപ്പുകള്‍, വന്‍കിട ഫ്‌ളാഗ്ഷിപ്പ് ഷോപ്പുകള്‍ എന്നിങ്ങനെ മൂന്നു തരം സംരംഭങ്ങള്‍ രാജ്യവ്യാപകമായി ആരംഭിക്കാനാണ് ഡോളിയുടെ പദ്ധതി. 

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News