വിവാഹമോചന ഹരജി; ടിവികെ പ്രവര്‍ത്തകര്‍ സമൂഹമാധ്യമ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിര്‍ദേശം

പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് അനുമതി ലഭിച്ചാലല്ലാതെ ഒരു ചാനല്‍ ചര്‍ച്ചകളിലും നേതാക്കള്‍ പങ്കെടുക്കരുതെന്ന് സര്‍ക്കുലര്‍

Update: 2026-03-02 07:18 GMT

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയിയുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം കോടതിയില്‍ വിവാഹമോചന ഹരജി ഫയല്‍ ചെയ്തതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ടിവികെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം. വിവാഹമോചനവുമായി ബന്ധപ്പെട്ട ഒരു ചോദ്യങ്ങളോടും പ്രതികരിക്കരുതെന്ന് നേതാക്കള്‍ക്കും ഐടി വിങ് അംഗങ്ങള്‍ക്കും കര്‍ശന നിര്‍ദേശമുണ്ട്. വിജയിയെ പ്രതിരോധിച്ചുകൊണ്ടുള്ള പോസ്റ്റുകളും വേണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. വിവാഹമോചന അഭ്യൂഹങ്ങളെയും വിവാദങ്ങളെയും തീര്‍ത്തും ഒഴിവാക്കാനാണ് പാര്‍ട്ടി തീരുമാനം.

Advertising
Advertising

പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് അനുമതി ലഭിച്ചാലല്ലാതെ ഒരു ചാനല്‍ ചര്‍ച്ചകളിലും നേതാക്കള്‍ പങ്കെടുക്കരുതെന്ന് കഴിഞ്ഞ ദിവസം ടിവികെ ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ് സര്‍ക്കുലര്‍ നല്‍കിയിരുന്നു. എന്നാല്‍, വിഷയത്തെ തീര്‍ത്തും അവഗണിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. വിവാദങ്ങള്‍ക്ക് മറുപടി നല്‍കി തന്നെ മുന്നോട്ട് പോകണമെന്നാണ് ഇവരുടെ നിലപാട്.

വിജയിയുമായുള്ള 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് സംഗീത സ്വര്‍ണലിംഗം ചെങ്കല്‍പ്പേട്ട് കുടുംബ കോടതിയില്‍ വിവാഹമോചന ഹരജി ഫയല്‍ ചെയ്തത്. 1999 ആഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്. ഗുരുതരമായ ആരോപണങ്ങളാണ് നടനെതിരെ വിവാഹ മോചന ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്. സഹപ്രവര്‍ത്തകയായ ഒരു പ്രമുഖ നടിയുമായി വിജയ് പ്രണയത്തിലാണെന്ന് ഹരജിയില്‍ പറയുന്നു. ആവര്‍ത്തിച്ച് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും വിവാഹേതര ബന്ധം തുടര്‍ന്നുവെന്നും സംഗീത ആരോപിക്കുന്നു.

2021 ഏപ്രിലില്‍ ആണ് ഇക്കാര്യം അറിഞ്ഞത്. ആ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കും എന്ന് വിജയ് ഉറപ്പ് നല്‍കിയിട്ടും പാലിച്ചില്ലെന്ന് ഹരജിയില്‍ പറയുന്നു. കടുത്ത മാനസിക സംഘര്‍ഷവും അവഗണനയും അനുഭവിച്ചതായും സംഗീത പറയുന്നു. ഏപ്രില്‍ 20 ന് ഹാജരാകാന്‍ കോടതി വിജയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News