'എന്റെ ക്ഷമ പരീക്ഷിക്കരുത്'; ഉടൻ കീഴടങ്ങണമെന്ന് പ്രജ്വൽ രേവണ്ണക്ക് ദേവഗൗഡയുടെ മുന്നറിയിപ്പ്

തന്റെ വാക്കുകൾ അവഗണിച്ചാൽ കുടുംബത്തിൽ പൂർണമായി ഒറ്റപ്പെടുമെന്ന് ദേവഗൗഡ മുന്നറിയിപ്പ് നൽകി.

Update: 2024-05-23 13:06 GMT
Advertising

ബെംഗളൂരു: ലൈംഗികാരോപണത്തിൽപ്പെട്ട് രാജ്യംവിട്ട ഹാസൻ എം.പി പ്രജ്വൽ രേവണ്ണക്ക് മുന്നറിയിപ്പുമായി മുത്തച്ഛനും ജനതാദൾ (സെക്കുലർ) തലവനുമായ എച്ച്.ഡി ദേവഗൗഡ. എത്രയും പെട്ടെന്ന് നാട്ടിൽ തിരിച്ചെത്തി നിയമനടപടി നേരിടാൻ അദ്ദേഹം പ്രജ്വൽ രേവണ്ണയോട് ആവശ്യപ്പെട്ടു. എവിടെയാണെങ്കിലും ഉടൻ തിരിച്ചെത്തണമെന്നും തന്റെ ക്ഷമ പരീക്ഷിക്കരുതെന്നും അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. പ്രജ്വൽ രേവണ്ണക്ക് എന്റെ മുന്നറിയിപ്പ് എന്ന തലക്കെട്ടിലാണ് രണ്ട് പേജുള്ള കത്ത് അദ്ദേഹം പ്രസിദ്ധീകരിച്ചത്.

''ജനങ്ങൾ എനിക്കും കുടുംബത്തിനുമെതിരെ കടുത്ത വാക്കുകളാണ് ഏതാനും ആഴ്ചകളായി ഉപയോഗിക്കുന്നത്. എനിക്ക് അതിനെക്കുറിച്ച് ബോധ്യമുള്ള. അവരെ വിമർശിക്കാനോ അവരുടെ കുറ്റപ്പെടുത്തലുകൾ നിർത്താനോ ഞാൻ ആഗ്രഹിക്കുന്നില്ല. സത്യം പുറത്തുവരുന്നത് വരെ അവർ കാത്തിരിക്കണമെന്നും ഞാൻ ആവശ്യപ്പെടുന്നില്ല. പ്രജ്വൽ രേവണ്ണയുടെ പ്രവർത്തനങ്ങളെക്കുറിച്ചോ വിദേശത്തേക്ക് കടന്നതിനെക്കുറിച്ചോ തനിക്കറിയില്ലായിരുന്നു എന്ന് അവരെ ബോധ്യപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. എല്ലാ സത്യവും സർവശക്തന് അറിയാമെന്നാണ് എന്റെ വിശ്വാസം''-കത്തിൽ ദേവഗൗഡ പറഞ്ഞു.

തന്റെ വാക്കുകൾ അവഗണിച്ചാൽ കുടുംബത്തിൽ പൂർണമായി ഒറ്റപ്പെടുമെന്ന് ദേവഗൗഡ മുന്നറിയിപ്പ് നൽകി. തന്നോട് എന്തെങ്കിലും ബഹുമാനം അവശേഷിക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തിരിച്ചുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് തിരിച്ചെത്തി അന്വേഷണത്തോട് സഹകരിക്കണമെന്ന് ജെ.ഡി.എസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയും പ്രജ്വൽ രേവണ്ണയോട് ആവശ്യപ്പെട്ടിരുന്നു. മുത്തശ്ശനായ എച്ച്.ഡി ദേവഗൗഡയോടും പാർട്ടി പ്രവർത്തകരോടും ആദരവുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തിരിച്ചെത്തണമെന്നും കുടുംബത്തിന്റെ അന്തസ് തകർക്കരുതെന്നും കുമാരസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നാണ് 33-കാരനായ പ്രജ്വൽ രേവണ്ണക്കെതിരായ ആരോപണം. പീഡനത്തിന് ഇരയായ സ്ത്രീകളുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പരാതി ഉയർന്നതോടെ ഏപ്രിൽ 27-നാണ് പ്രജ്വൽ വിദേശത്തേക്ക് കടന്നത്. ഹാസൻ മണ്ഡലത്തിലെ ബി.ജെ.പി-ജെ.ഡി (എസ്) സഖ്യത്തിന്റെ സ്ഥാനാർഥിയാണ് പ്രജ്വൽ രേവണ്ണ. അദ്ദേഹത്തിനായി പ്രധാനമന്ത്രി മോദി പ്രചാരണത്തിനെത്തിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News